Latest NewsKeralaNews

സെക്രട്ടറിയേറ്റില്‍ മൂന്നു പേര്‍ അറസ്റ്റ് ഭീതിയില്‍; ഭരണം കൈവിട്ട അവസ്ഥയിൽ സർക്കാർ

നിയമ, ധന വകുപ്പുകളുടെ അഭിപ്രായം തേടിയ ശേഷമാണു പിന്‍വാതില്‍ നിയമനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകള്‍ ഭരണ വകുപ്പിലെത്തുക.

തിരുവനന്തപുരം: ഭരണ പ്രതിസന്ധിയിൽ പിണറായി സർക്കാർ. മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ സിഎം രവീന്ദ്രനും സംശയ നിഴലില്‍. രണ്ട് പേര്‍ കൂടി നിരീക്ഷണത്തിലുമുണ്ട്. ഇതോടെ ഭരണ സിരാ കേന്ദ്രത്തില്‍ എല്ലാം കൈവിട്ട അവസ്ഥ. കാര്യങ്ങള്‍ നിയന്ത്രിക്കാനുള്ളവരെല്ലാം പ്രതിക്കൂട്ടിലായതോടെ ഭരണസിരാ കേന്ദ്രവും പ്രതിസന്ധിയിലായി. സെക്രട്ടേറിയറ്റില്‍ ഫയല്‍ നീക്കം മന്ദഗതിയിലായതിന് പിന്നില്‍ ജീവനക്കാരുടെ നിസ്സഹകരണമുണ്ടെന്നും സര്‍ക്കാര്‍ വിലയിരുത്തുന്നു.

നയപരമായ വിഷയങ്ങളില്‍ തീരുമാനമെടുക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ മടിക്കുന്നതിന് കാരണം അന്വേഷണ ഭയമാണ്. കേന്ദ്ര ഏജന്‍സികളെ കരുതലോടെ കാണണമെന്ന് ഏവരും തിരിച്ചറിയുന്നുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ ചടുലമായ നീക്കങ്ങള്‍ ഏവരേയും ആശങ്കപ്പെടുത്തുന്നു. എല്ലാ സര്‍ക്കാരുകളുടെയും അവസാന 6 മാസം ഭരണരംഗത്തു മാന്ദ്യം പതിവാണ്. യുവജനക്ഷേമ ബോര്‍ഡിലും വിദ്യാഭ്യാസ വകുപ്പിലെ ചില സ്ഥാപനങ്ങളിലും പിന്‍വാതില്‍ നിയമനം ലഭിച്ചവരെ സ്ഥിരപ്പെടുത്താന്‍ ശ്രമം നടക്കുന്നുണ്ടെങ്കിലും വകുപ്പു സെക്രട്ടറിമാരില്‍ പലരും സഹകരിക്കുന്നില്ല. വഴങ്ങാതിരുന്ന സെക്രട്ടറിയെ ഈയിടെ വകുപ്പിന്റെ ചുമതലയില്‍ നിന്നു മാറ്റി. നിയമ, ധന വകുപ്പുകളുടെ അഭിപ്രായം തേടിയ ശേഷമാണു പിന്‍വാതില്‍ നിയമനക്കാരെ സ്ഥിരപ്പെടുത്താനുള്ള ഫയലുകള്‍ ഭരണ വകുപ്പിലെത്തുക. തുടര്‍ന്നു മന്ത്രിസഭ അംഗീകരിക്കണം. എന്നാല്‍ ചില വകുപ്പുകളുടെ സെക്രട്ടറിമാര്‍ കര്‍ശനമായി ചട്ടം നോക്കാന്‍ തുടങ്ങി.

Read Also: ‘രക്തം കുടിക്കുന്ന ഡ്രാക്കുള’; മുല്ലപ്പള്ളിയുടെ ഗുഡ് സര്‍ട്ടിഫിക്കറ്റ് എനിക്കാവശ്യമില്ല: പി. ജയരാജന്‍

തദ്ദേശ തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം കൂടി വന്നതോടെ നിയമനവും സ്ഥലംമാറ്റവും പോലും നടത്താന്‍ പറ്റാത്ത സാഹചര്യമാണ്. അതുകൊണ്ട് തന്നെ നിസ്സഹരിക്കുന്നവര്‍ക്ക് പകരം ആളെ നിയമിക്കാനും കഴിയുന്നില്ല. ഇതും പ്രതിസന്ധി കൂട്ടുകായണ്. എല്ലാ ഫയലും സൂക്ഷമതയോടെ പരിശോധിച്ചാണ് തീരുമാനങ്ങള്‍ പലരും എടുക്കുന്നത്. നിയമ വിരുദ്ധമായി തീരുമാനം എടുക്കുകയും ഭരണം മാറുകയും ചെയ്താല്‍ കേസില്‍ കുടുങ്ങുമെന്ന ആശങ്ക ഐഎഎസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കുമുണ്ട്. അതിനാല്‍ സ്വന്തം നിലയില്‍ തീരുമാനം എടുക്കാവുന്ന കാര്യങ്ങള്‍ പോലും മന്ത്രിമാരുടെ തീരുമാനത്തിന് അയയ്ക്കുകയാണ്. മന്ത്രിമാരും ഭാവിയിലെ അന്വേഷണ ഭയങ്ങള്‍ കാരണം കരുതലോടെ നീങ്ങുന്നു. അതുകൊണ്ട് തന്നെ ഒന്നിലും തീരുമാനം എടുക്കാന്‍ മന്ത്രിമാര്‍ക്കും താല്‍പ്പര്യമില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലും പലരും തീരുമാനമെടുക്കലിനെ ഭയക്കുന്നുണ്ട. അതുകൊണ്ട് തന്നെ ഫയല്‍ നീക്കവും പ്രതിസന്ധിയിലായി.

മുഖ്യമന്ത്രിക്കു കീഴിലുള്ള ആഭ്യന്തരം, ജയില്‍ വകുപ്പുകളിലെ ഫയലുകള്‍ ഒന്നര മാസം വരെ വൈകുന്നുണ്ട്. മുന്‍പ് ഒരാഴ്ച വരെ വൈകിയിരുന്ന ഫയലുകളാണു സര്‍ക്കാര്‍ വിവാദത്തില്‍ പെട്ടതോടെ ഇഴഞ്ഞു നീങ്ങുന്നത്. സെക്രട്ടേറിയറ്റില്‍ ഓരോ മാസവും വിരമിക്കുന്നവരുടെ ഒഴിവിലേക്കുള്ള സ്ഥാനക്കയറ്റം തൊട്ടടുത്ത മാസം ആദ്യം തന്നെ നടക്കാറുണ്ട്. പക്ഷേ, ഒക്ടോബറിലെ ഒഴിവിലേക്കുള്ള സ്ഥാനക്കയറ്റ ഉത്തരവ് ഇറങ്ങിയത് 13 ദിവസം വൈകിയാണ്. ഇതെല്ലാം പ്രതിസന്ധിക്ക് തെളിവായി വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പലവിഷയത്തിലും സര്‍ക്കാരിനോട് അതൃപ്തിയും ഉണ്ട്. കോവിഡിലെ സാലറി ചലഞ്ചും മറ്റുമായിരുന്നു. ഇതിന് കാരണം. ഇത് മനസ്സിലാക്കിയാണ് അവസാനം സാലറി ചലഞ്ച് വേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നിട്ടും മാറ്റമൊന്നും ഉണ്ടായില്ലെന്നാണ് വിലയിരുത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button