Latest NewsKeralaNews

സ്വർണക്കടത്ത് അന്വേഷിക്കുന്നതിന് പകരം കേന്ദ്ര ഏജൻസികൾ വിവിധ പദ്ധതികളെ സ്‌തംഭിപ്പിക്കുന്നു; സി എ ജിക്കെതിരെ സമരത്തിനൊരുങ്ങി എൽ ഡി എഫ്

ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇ.ഡി ശ്രമം നടത്തുന്നുവെന്ന് സി.പി.ഐ. എം. ബി.ജെ.പിയും കോണ്‍ഗ്രസും പറയുന്നത്‌ അതേ പോലെ ആവര്‍ത്തിക്കുകയാണ്‌ ഇ.ഡി ചെയ്യുന്നതെന്നും സി.പി.ഐ.എം ആരോപിച്ചു. കിഫ്ബിയെ സംശയത്തിന്‍റെ നിഴലിൽ നിർത്തുന്ന ബി.ജെ.പിയും യു.ഡി.എഫും പറയുന്നത് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റ് അതുപോലെ ആവർത്തിക്കുകയാണെന്നായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റിന്‍റെ പ്രസ്താവന.

സ്വപ്നയുടെ ശബ്ദരേഖ അവരുടേതല്ലെന്ന് ഔദ്യോഗികമായി നിഷേധിക്കാൻ ഇ.ഡിക്ക് കഴിഞ്ഞിട്ടില്ലെന്നും. സ്വയം വിശ്വാസ്യത തകർക്കുന്ന അന്വേഷണ ഏജൻസിയായി ഇ.ഡി മാറിക്കഴിഞ്ഞെന്നും സിപിഎം സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി.

കേന്ദ്ര ഏജന്‍സികളുടെ നിലപാടിനെതിരെ പ്രതികരിക്കാനാണ് തീരുമാനമെന്നും ഇതിനെതിരെ ജനങ്ങളെ അണിനിരത്തി പ്രതിരോധം തീർക്കുമെന്നും ഇടതുമുന്നണി പറഞ്ഞു. ഇതിന്‍റെ ഭാഗമായി കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ഇടതുമുന്നണി നവംബര്‍ 25ന് ബഹുജന സമരം സംഘടിപ്പിക്കും. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാനാണ് ഇ.ഡിയുടെ ശ്രമമെന്നും എല്‍.ഡി.എഫ് ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെ ആരോപിച്ചു.

കുറിപ്പിന്റെ പൂർണരൂപം…………………………….

കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക’
കേരളത്തിന്റെ വികസന പദ്ധതികളെ അട്ടിമറിക്കാനുള്ള ആസൂത്രിത നീക്കത്തിനെതിരെ കേരളത്തിലെ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്ന്‌ എല്‍ഡിഎഫ്‌ കണ്‍വീനര്‍ സ. എ വിജയരാഘവന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു. ഇതിന്റെ ഭാഗമായി നവംബര്‍ 25 ന്‌ വൈകുന്നേരം 5 മണിക്ക്‌ പഞ്ചായത്ത്‌ – നഗരസഭാ കേന്ദ്രങ്ങളില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ ബഹുജന കൂട്ടായ്‌മ സംഘടിപ്പിക്കും.
സ്വര്‍ണ്ണ കള്ളക്കടത്ത്‌ അന്വേഷിക്കുന്നതിന്‌ പകരം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ എല്ലാ വികസന പദ്ധതികളും സ്‌തംഭിപ്പിക്കാന്‍ നോക്കുകയാണ്‌. കെ-ഫോണ്‍, ഇ-മൊബിലിറ്റി, ടോറസ്‌ പാര്‍ക്ക്‌, ലൈഫ്‌ മിഷന്‍ തുടങ്ങിയ പദ്ധതികളില്‍ അവര്‍ ഇടപെട്ടു കഴിഞ്ഞു. ഇതിന്റെ തുടര്‍ച്ചയാണ്‌ കിഫ്‌-ബി വഴി വായ്‌പ എടുക്കുന്നത്‌ തന്നെ നിയമ വിരുദ്ധമാണെന്നുള്ള സി & എ.ജിയുടെ റിപ്പോര്‍ട്ട്‌. ഇതുവഴി സംസ്ഥാനത്താകെ നടത്തുന്ന 60,000 കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെയ്‌പ്പിക്കുന്നതിനാണ്‌ ശ്രമിയ്‌ക്കുന്നത്‌. സ്‌കൂളുകളുടെ ആധുനിക വത്‌ക്കരണം, ആശുപത്രികളുടെ നിലവാരം മെച്ചപ്പെടുത്തല്‍, ദേശീയപാത വികസനം, റോഡുകള്‍ – പാലങ്ങള്‍ എന്നിവയുടെ നിര്‍മ്മാണം തുടങ്ങിയ വികസന പദ്ധതികള്‍ ഇല്ലാതാക്കാനുള്ള നീക്കം കേരളത്തിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌. ഇത്തരത്തില്‍ വികസനത്തിന്റെ ഈ നേട്ടം എല്‍.ഡി.എഫിന്‌ രാഷ്ട്രീയമായി അനുകൂലമാകുമെന്ന്‌ ഭയന്നാണ്‌ യു.ഡി.എഫ്‌ – ബി.ജെ.പി കൂട്ടുകെട്ട്‌ ഇത്തരം സങ്കുചിത പ്രവര്‍ത്തനത്തിന്‌ തയ്യാറാകുന്നത്‌.
അതോടൊപ്പം പ്രളയവും കോവിഡും പോലുള്ള മഹാദുരന്തങ്ങളെ സമചിത്തതയോടെ അഭിമുഖീകരിക്കുകയും ജനങ്ങളെ ഒറ്റക്കെട്ടായി അണിനിരത്തി അതിജീവിക്കുന്നതിന്‌ സമര്‍ത്ഥമായ നേതൃത്വം നല്‍കുകയും ചെയ്‌ത മുഖ്യമന്ത്രിയേയും സഹപ്രവര്‍ത്തകരേയും അപകീര്‍ത്തിപ്പെടുത്തുവാനുള്ള ആസൂത്രിത ശ്രമവുമുണ്ട്‌. കേന്ദ്ര ഏജന്‍സികളെ ഈ ലക്ഷ്യത്തോടെ ദുരുപയോഗപ്പെടുത്തുകയാണ്‌. എല്‍.ഡി.എഫ്‌ സര്‍ക്കാരിന്റെ നേതൃത്വത്തില്‍ നടത്തുന്ന വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാനും അതിന്റെ നേനൃത്വത്തെ കരിവാരി തേയ്‌ക്കാനും നടക്കുന്ന നികൃഷ്ട നീക്കങ്ങള്‍ക്കെതിരെ ശക്തമായ ജനവികാരം വളര്‍ത്തിക്കൊണ്ടുവരണം.
`കേരളത്തെ രക്ഷിക്കുക, വികസനം സംരക്ഷിക്കുക’ എന്ന മുദ്രാവാക്യം ഉയര്‍ത്തി വികസന സംരക്ഷണ ദിനമായാണ്‌ ഈ പരിപാടി സംഘടിപ്പിക്കുക. ഈ പ്രക്ഷോഭത്തില്‍ കേരളത്തിന്റെ വികസനം ആഗ്രഹിക്കുന്ന മുഴുവന്‍ ബഹുജനങ്ങളും അണിചേരണമെന്ന്‌ സ. എ വിജയരാഘവന്‍ പ്രസ്‌താവനയില്‍ അഭ്യര്‍ത്ഥിച്ചു.

https://www.facebook.com/CPIMKerala/posts/3333617416768104

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button