KeralaLatest NewsNews

പോലീസ് പോലീസായാല്‍ മതി, ഭരണാധികാരികളോ, സൂപ്പര്‍ കോടതികളോ ആകുന്നത് ജനാധിപത്യത്തിന് ഭീഷണി ; ശ്രീജിത്ത് പെരുമന

തിരുവനന്തപുരം : കേരള സര്‍ക്കാര്‍ നടപ്പിലാക്കാനിരുന്ന കേരള പോലീസ് ആക്ട് ഭേദഗതിക്കെതിരെ അഡ്വക്കറ്റ് ശ്രീജിത്ത് പെരുമന. സമൂഹമാദ്ധ്യമങ്ങളിലൂടെയും, മുഖ്യധാരാ മാധ്യമങ്ങളിലൂടെയും വലിയതോതില്‍ വ്യക്തിഹത്യയും സ്ത്രീവിരുദ്ധതയുമൊക്കെ ആഘോഷമാക്കുന്ന ആളുകളുണ്ട് അവര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകേണ്ടതുമുണ്ട് എന്നാല്‍ വ്യക്തതയില്ലാത്ത പോലീസ് നിയമഭേദഗതി വലിയ അധികാരദുര്‍വ്വിനിയോഗത്തിനും, പോലീരാജിനും ഇടയാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

കൊറോണയെ നേരിടാന്‍ പൊലീസിന് സമ്പൂര്‍ണ്ണ അധികാരം നല്‍കിയ അതേ ജനകീയ കേരള സര്‍ക്കാരാണിപ്പോള്‍ ജനങ്ങളുടെ മൗലികവകാശത്തിനുമേല്‍ പോലീസ്രാജ് പ്രഖ്യാപിക്കുന്നത് എന്നത്
ഒരു സിസ്റ്റത്തിന്റെ തന്നെയും, ഭരണകൂടത്തിന്റെയും പരാജയമാണിതെന്നും ശ്രീജിത്ത് പെരുമന വിമര്‍ശിച്ചു.

ശ്രീജിത്ത് പെരുമനയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ;

കേരളത്തിന്റെ നിയമഭേദഗതി കോടതിയില്‍ നിലനില്‍ക്കില്ല ; റദ്ദാക്കപ്പെടും ??
സമൂഹമാദ്ധ്യമങ്ങളിലൂടെയും, മുഖ്യധാരാ മാധ്യമങ്ങളിലൂടെയും വലിയതോതില്‍ വ്യക്തിഹത്യയും സ്ത്രീവിരുദ്ധതയുമൊക്കെ ആഘോഷമാക്കുന്ന ആളുകളുണ്ട് അവര്‍ക്കെതിരെ നിയമ നടപടികള്‍ ഉണ്ടാകേണ്ടതുമുണ്ട് എന്നാല്‍ വ്യക്തതയില്ലാത്ത പോലീസ് നിയമഭേദഗതി വലിയ അധികാരദുര്‍വ്വിനിയോഗത്തിനും, പോലീരാജിനും ഇടയാക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അത് ശക്തിയുക്തം എതിര്‍ക്കപ്പെടേണ്ടതു തന്നെയാണ്.
ഐടി ആക്ട് 66 A ക്കൊപ്പം കേരള പോലീസ് ആക്ടിലെ 118d ചരിത്ര വിധിയിലൂടെ 2015 ല്‍ സുപ്രീംകോടതി റദ്ദാക്കിയുത് നിയമത്തിന്റെ ദുരുപയോഗ സാധ്യതയും, അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികവകാശത്തിന്റെ ലംഘനവും, ഇലാസ്റ്റിക് പോലെ അവ്യക്തവുമാണ് എന്ന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ്. അന്ന് റദ്ദാക്കപ്പെട്ട നിയമങ്ങളെക്കാള്‍ ഭീകരമായ സാഹചര്യമാണ് നിലവിലെ ഭേദഗതിയില്‍ കാണാന്‍ സാധിക്കുന്നത്.
ഐടി നിയമം 66 A സുപ്രീം കോടതി നടത്തിയ നിരീക്ഷണങ്ങളില്‍ നിന്നുതന്നെ കാര്യങ്ങള്‍ വ്യക്തമാണ്. ഒരു ജഡ്ജിക്ക് എങ്ങനെയാണ് കീര്‍ത്തിയും അപകീര്‍ത്തിയും ഭീഷണിയും എല്ലാം തീരുമാനിക്കാന്‍ ആവുക എന്ന ചോദ്യം അന്ന് സുപ്രീം കോടതി ചോദിച്ചു. ഒരു ജഡ്ജിക്ക് തീരുമാനിക്കാനാവാത്ത കാര്യം എങ്ങനെയാണ് ഒരു പോലീസുകാരന് വ്യാഖ്യാനിക്കാന്‍ ആവുക എന്നതാണ് ഈ ഭേദഗതിയിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. അതിന് ‘അങ്ങനെ ഒന്നും സംഭവിക്കില്ല ‘ എന്ന് മറുപടി പറഞ്ഞു കയ്യൊഴിയാന്‍ ഭരണകൂടത്തിന് സാധിക്കില്ല.
കൊറോണയെ നേരിടാന്‍ പൊലീസിന് സമ്പൂര്‍ണ്ണ അധികാരം നല്‍കിയ അതേ ജനകീയ കേരള സര്‍ക്കാരാണിപ്പോള്‍ ജനങ്ങളുടെ മൗലികവകാശത്തിനുമേല്‍ പോലീസ്രാജ് പ്രഖ്യാപിക്കുന്നത് എന്നത്
ഒരു സിസ്റ്റത്തിന്റെ തന്നെയും, ഭരണകൂടത്തിന്റെയും പരാജയമാണിത്.
അതേസമയം.. ഇന്‍സ്റ്റന്റ് ജസ്റ്റിസിന് കയ്യടിക്കുന്ന സദാചാരവാദികളുടെ നാട്ടില്‍ ഈ നിയമഭേദഗതിക്കും കയ്യടിക്കുന്നവരുണ്ടാകാം എങ്കിലും
ആള്‍ക്കൂട്ട സദാചാരത്തിന്റെ നാട്ടില്‍ പോലീസ്രാജ് വന്നാല്‍ അര്‍ദ്ധരാത്രി സൂര്യനുദിക്കാതിരിക്കില്ല.
കൊറോണ ദുരന്തത്തോടൊപ്പം, രാജ്യതങ്ങളോളമിങ്ങോളം പോലീസ് രാജ് കളി തുടങ്ങിയപ്പോള്‍ സുപ്രീംകോടതിക്കുപോലും ഇടപെടേണ്ടിവന്നു.
കോവിഡ് പശ്ചാതലത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ അടിയന്തരാവസ്ഥയാണെന്ന് ധരിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കുന്ന സാഹചര്യമുണ്ടായി.
പ്രതികള്‍ക്ക് ജാമ്യം നല്‍കാതിരിക്കാന്‍ ലോക്ക്ഡൗണ്‍ കാരണമാകരുതെന്നും സുപ്രീംകോടതി പറഞ്ഞു. ജാമ്യം നിഷേധിച്ച മദ്രാസ് ഹൈക്കോടതി വിധി ചോദ്യം ചെയ്താണ് സുപ്രീംകോടതിയുടെ നിരീക്ഷണം. ശക്തമായ ഭാഷയിലാണ് ഹൈക്കോടതി വിധിയെ സുപ്രീംകോടതി വിലയിരുത്തിയത്.
കോടതിയും നിയമവാഴ്ചയും ഉള്ളതുകൊണ്ട് മാത്രമാണ് നമ്മുക്ക് നമ്പിനാരായണനെ പദ്മഭൂഷണ്‍ നല്‍കി ആദരിക്കേണ്ടി വന്നത് ..അല്ലെങ്കില്‍ ഒരു വെടിയുണ്ടയില്‍ തീരുമായിരുന്നു ഇദ്ദേഹവും …
ഒപ്പം ഒരു കഥകൂടി ഓര്‍മ്മപ്പെടുത്തട്ടെ, എഴുപതുകളുടെ ആരംഭത്തില്‍ പൊലീസ് കൊല ചെയ്ത നക്‌സല്‍ നേതാവ് വര്‍ഗീസിനെ ഓര്‍മ്മയുണ്ടോ, വയനാട്ടിലെ ആദിവാസികള്‍ക്കിടയില്‍ ജന്മിത്വത്തിനെതിരായി പ്രവര്‍ത്തിച്ചിരുന്ന വര്‍ഗീസിനെ പൊലീസ് പിടികൂടി കസ്റ്റഡിയില്‍ വെടിവച്ചു കൊല്ലുകയായിരുന്നുവെന്ന് 40 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സ്ഥിരീകരിക്കപ്പെട്ടത്. അതിന്റെ പേരില്‍ കൊലപാതകത്തിന് നേതൃത്വം നല്‍കിയ മുന്‍ പൊലീസ് ഓഫീസര്‍ കെ ലക്ഷ്മണ കുറ്റക്കാരനാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. ലക്ഷ്മണയ്ക്ക് ജീവപര്യന്തം തടവും പതിനായിരം രൂപ പിഴയും ശിക്ഷ വിധിക്കുകയുമുണ്ടായി എന്ന കാര്യവും ഈ പോലീസ് രാജിന് കയ്യടിക്കുന്നവര്‍ മനസിലാക്കണം.
പോലീസ് പൊലീസായാല്‍ മതി, ഭരണാധികാരികളോ, സൂപ്പര്‍ കോടതികളോ ആകുന്നത് ജനാധിപത്യത്തിന് ഭീഷണിയാണ്…
വിശദമായി പബ്ലിക് കണ്‍സള്‍ട്ടേഷനോടു കൂടി പുതിയ നിയമനിര്‍മ്മാണം നടക്കുകയാണ് പ്രശ്‌നപരിഹാരം. അല്ലാതെ ‘ പോലീസിന്റെ ആത്മവീര്യം ‘ നിയന്ത്രണങ്ങളില്ലാതെ കൂട്ടലല്ല .
ഈ ഭേദഗതിയോട് പൂര്‍ണ്ണമായി വിയോജിക്കുന്നു.
അഡ്വ ശ്രീജിത്ത് പെരുമന

 

shortlink

Related Articles

Post Your Comments

Related Articles


Back to top button