Latest NewsKeralaIndia

പ്രദീപിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കി, പരസ്യ പ്രതികരണത്തിനില്ലെന്ന് ഗണേഷ് കുമാര്‍ എംഎല്‍എ

ഇന്ന് പുലര്‍ച്ചയോടെ എംഎല്‍എയുടെ ഓഫീസിലെത്തിയ ബേക്കല്‍ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്.

പത്തനാപുരം: നടിയെ ആക്രമിച്ച കേസിലെ മാപ്പ് സാക്ഷിയെ ഭീഷണിപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ പ്രദീപ് കുമാറിനെ പേഴ്‌സണല്‍ സ്റ്റാഫില്‍ നിന്ന് പുറത്താക്കിയെന്ന് കെബി ഗണേഷ് കുമാര്‍ എംഎല്‍എ. ഇതുമായി ബന്ധപ്പെട്ട് പരസ്യപ്രതികരണത്തിന് ഇല്ലെന്നും ഗണേഷ് കുമാര്‍ എംഎല്‍എ പറഞ്ഞു. ഇന്ന് പുലര്‍ച്ചയോടെ എംഎല്‍എയുടെ ഓഫീസിലെത്തിയ ബേക്കല്‍ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്.

കാസര്‍കോട് സിഐയുടെ നേതൃത്വത്തില്‍ പത്തനാപുരത്ത് എത്തിയ പൊലീസ് സംഘം പ്രദീപ് കുമാറുമായി കാസര്‍കോട്ടേക്ക് തിരിച്ചു. നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാകുന്ന സ്വദേശി വിപിന്‍ലാലിന്റെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. കെബി ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയാണ് പ്രദീപ് കുമാര്‍.

ഇയാളുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസര്‍കോട് സെഷന്‍സ് കോടതി തള്ളിയിരുന്നു. അന്വേഷണം ഇപ്പോള്‍ പ്രാരംഭ ഘട്ടത്തിലാണെന്നും പ്രതിയെ കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യണമെന്ന പ്രോസിക്യൂഷന്‍ വാദം കോടതി അംഗീകരിക്കുകയായിരുന്നു.കഴിഞ്ഞ ജനുവരി 24 ന് കാസര്‍കോട് നഗരത്തിലെത്തിയ പ്രദീപ് കുമാര്‍ വിപിന്‍ ലാലിന്റെ ബന്ധുവിനെ കണ്ട് കേസീല്‍ ദിലീപിന് അനുകൂലമായി മൊഴി നല്‍കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

read also: ക്ഷേത്ര ഭൂമിയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കൃത്യമായി വാടക നൽകണം: ഉത്തരവുമായി ഹൈക്കോടതി

ഇതിന് വിപിന്‍ ലാല്‍ വഴങ്ങാതായതോടെ പ്രദീപ് കുമാര്‍ ഭീഷണപ്പെടുത്തിയെന്നാണ് പരാതി. കാസര്‍ഗോഡ് പൊലീസ് രജിസ്റ്റര്‍ ചെയ്ത് കേസിലെ സാക്ഷികളായ വിപിന്‍ ലാലിന്റെ ബന്ധു , അയല്‍വാസി, ഓട്ടോ ഡ്രൈവര്‍, എന്നിവരെയും പ്രദീപ് കുമാറിനെ ചോദ്യം ചെയ്യുന്ന ഓഫീസിലേക്ക് വിളിപ്പിച്ച്‌ മൊഴി രേഖപ്പെടുത്തിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ട് പള്‍സര്‍ സുനിക്ക് വേണ്ടി ജയിലില്‍നിന്നും കത്തയച്ചത് വിപിന്‍ ലാല്‍ ആയിരുന്നു. ഇദ്ദേഹം സാക്ഷിയായി എത്തുന്നത് പ്രതിഭാഗത്തിന് വലിയ തിരിച്ചടിയാവുമെന്നാണ് വിലയിരുത്തുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button