Latest NewsNewsIndia

പ്രതിസന്ധിയിൽ തൃണമൂൽ; കൂടുതല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നു; വിജയസാധ്യത ഉറപ്പിച്ച് ബിജെപി

സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ തൃണമൂല്‍ നേതാക്കള്‍ ഏതുവിധേനയും ബിജെപിയുമായി അടുക്കാനുള്ള ശ്രമത്തിലാണ്.

ന്യൂഡൽഹി: പശ്ചിമബംഗാളിൽ തൃണമൂല്‍ കോൺഗ്രസിന് കനത്ത തിരിച്ചടി. ഗതാഗത മന്ത്രിയും തൃണമൂല്‍ നേതാവുമായിരുന്ന സുവേന്ദു അധികാരി തല്‍സ്ഥാനം രാജിവച്ചതിന് പിന്നാലെ മമത ബാനര്‍ജി സര്‍ക്കാരിലെ കൂടുതല്‍ മന്ത്രിമാര്‍ രാജിക്കൊരുങ്ങുന്നതായി സൂചന. മുതിര്‍ന്ന തൃണമൂല്‍ നേതാക്കള്‍ കൂടിയായ രണ്ട് മന്ത്രിമാര്‍ ഉടന്‍ തന്നെ പാര്‍ട്ടി വിട്ടേക്കുമെന്നാണ് വിവരം. കൂച്ച്‌ ബെഹാര്‍ തെക്ക് എംഎല്‍എയായ മിഹിര്‍ ഗോസ്വാമി വെള്ളിയാഴ്ച തൃണമൂലില്‍ നിന്ന് രാജിവച്ച്‌ ബിജെപിയില്‍ ചേര്‍ന്നിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ വലിയ പ്രതിസന്ധിയിലേക്കാണ് തൃണമൂലും മമത സര്‍ക്കാരും എത്തിച്ചേര്‍ന്നിരിക്കുന്നത്.

എന്നാൽ കഴിഞ്ഞ ദിവസം രാജിവച്ച ഗതാഗത മന്ത്രി സുവേന്ദു അധികാരി മന്ത്രിസ്ഥാനത്തിന് പുറമേ ഹൂഗ്ലി റിവര്‍ ബ്രിഡ്ജ് കമ്മീഷന്‍ ചെയര്‍മാന്‍, ഹാല്‍ഡിയ ഡവലപ്മെന്റ് അതോറിറ്റി ചെയര്‍മാന്‍ എന്നീ പദവികളും രാജിവച്ചു. കൂടാതെ തൃണമൂല്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ബംഗാള്‍ പോലീസ് സുരക്ഷയും അധികാരി വേണ്ടെന്നുവച്ചു. കാന്തി എംപിയും തൃണമൂല്‍ കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ ശിശിര്‍ അധികാരിയുടെ മകനായ സുവേന്ദു അധികാരിയുടെ രാജി പാര്‍ട്ടിയിലെ വലിയ ഭിന്നതയുടെ സൂചനയാണ്. ശിശിര്‍ അധികാരി അടക്കമുള്ള വലിയ വിഭാഗം നേതാക്കള്‍ പാര്‍ട്ടി വിടാനൊരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. മകന്‍ സുവേന്ദു നിരവധി പാര്‍ട്ടി പദവികള്‍ കൈകാര്യം ചെയ്യുന്നുവെന്ന ചിലരുടെ ആരോപണമാണ് രാജിവയ്ക്കാന്‍ കാരണമായതെന്ന് ശിശിര്‍ അധികാരി കുറ്റപ്പെടുത്തി. തന്റെ മകന്‍ വലിയ മുറിവേറ്റാണ് പാര്‍ട്ടി വിട്ടതെന്നും ശിശിര്‍ അധികാരി പറയുന്നു. ശിശിര്‍ അധികാരിയും മറ്റൊരു മകനായ ദിബ്യേന്ദു അധികാരിയും ലോക്‌സഭാ എംപിമാരാണ്.

ആറു ജില്ലകളിലായുള്ള 40ലേറെ നിയമസഭാ മണ്ഡലങ്ങളില്‍ വലിയ സ്വാധീനശക്തിയുള്ള നേതാവാണ് സുവേന്ദു. അധികാരി കുടുംബം തൃണമൂലില്‍ നിന്ന് അകലുന്നത് വലിയ പ്രതിസന്ധിയാണ് മമതയ്ക്ക് സൃഷ്ടിച്ചിരിക്കുന്നത്. നിലവിലെ നിയമസഭയുടെ കാലാവധി മെയ് 30നാണ് അവസാനിക്കുന്നത്. അതിന് മുമ്പായി തെരഞ്ഞെടുപ്പ് നടത്തി പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തേണ്ടതുണ്ട്. അടുത്ത വര്‍ഷം ഏപ്രില്‍ മാസത്തോടെ ബംഗാളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കും.

അതേസമയം സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യം തിരിച്ചറിഞ്ഞ തൃണമൂല്‍ നേതാക്കള്‍ ഏതുവിധേനയും ബിജെപിയുമായി അടുക്കാനുള്ള ശ്രമത്തിലാണ്. കേരളം, തമിഴ്‌നാട്, ആസാം എന്നീ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ക്കൊപ്പമായിരിക്കും ബംഗാളിലും വിധിയെഴുത്ത്. തൃണമൂലില്‍ മികച്ച പ്രതിച്ഛായയുള്ള നേതാക്കളെ മാത്രം പാര്‍ട്ടിയിലേക്ക് സ്വീകരിച്ചാല്‍ മതിയെന്ന നിലപാടിലാണ് ബിജെപി. നിലവില്‍ മന്ത്രിസഭയില്‍ നിന്ന് രാജിവയ്ക്കാന്‍ തയാറായി നില്‍ക്കുന്ന രണ്ടു മന്ത്രിമാരും മികച്ച പ്രതിച്ഛായയുള്ളവരാണെന്ന് ബിജെപി ബംഗാള്‍ നേതൃത്വം വ്യക്തമാക്കി.

Read Also: കാര്‍ഷിക നിയമങ്ങള്‍ കര്‍ഷകര്‍ക്ക്​ അവസരങ്ങളുടെ വാതിലുകൾ​ തുറന്നിടും: ​പ്രധാനമന്ത്രി

മമതയുടെ ഏകാധിപത്യ ഭരണത്തില്‍ അതൃപ്തിയുള്ള തൃണമൂല്‍ നേതാക്കളും അണികളും പാര്‍ട്ടി വിടുകയാണെന്നും സംസ്ഥാനത്ത് തൃണമൂല്‍ രാജിന്റെ അന്ത്യത്തിന്റെ സൂചനകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും ബിജെപി സംസ്ഥാന നേതൃത്വം പ്രതികരിച്ചു. ഏകാധിപതിയായ മമതയും അഴിമതിക്കാരനായ മരുമകന്‍ അഭിഷേക് ബാനര്‍ജിയും നയിക്കുന്ന തൃണമൂലിനോടുള്ള പ്രതിഷേധമാണ് അവിടെ കാണുന്നതെന്ന് ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി കൈലാസ് വിജയവര്‍ഗ്ഗീയ പ്രതികരിച്ചു. ആത്മാഭിമാനമുള്ളവര്‍ക്ക് അവിടെ നില്‍ക്കാനാവില്ലെന്നും കൂടുതല്‍ നേതാക്കള്‍ ബിജെപിയിലേക്കെത്തുമെന്നും ബിജെപി ജനറല്‍ സെക്രട്ടറി അറിയിച്ചു.

Related Articles

Post Your Comments


Back to top button