Latest NewsArticleKeralaNewsWriters' Corner

കർഷക സമരം: ‘എന്തിനോവേണ്ടി തിളയ്ക്കുന്ന സാമ്പാറിന്റെ’ സത്യാവസ്ഥ അറിയുമ്പോൾ

മണ്ണിന്റെ മക്കളെ ചതിക്കുന്നതാര്?

കർഷകരുടെ പ്രശ്നങ്ങൾ വാർത്തയിൽ നിറയുമ്പോൾ ‘ആരാന്റെ അമ്മയ്ക്ക് പ്രാന്ത് വന്നാൽ കാണാൻ നല്ല ചേല്’ എന്ന മട്ടിൽ വായിച്ച് കളയാനോ, തലക്കെട്ട് കണ്ട് സ്കിപ്പ് ചെയ്യാനോ ശ്രമിക്കുന്നവരാണ് ഭൂരിഭാഗം പേരും. എക്കാലവും അവഗണിക്കപ്പെട്ടിരുന്ന ഒരു വിഭാഗമാണ് കർഷകർ. ഇതുവരെ കർഷകസ്നേഹം നടിച്ചവർ അവർക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? അവഗണിക്കപ്പെട്ട് കിടന്നിരുന്ന അവരെ നെഞ്ചോട് ചേർത്തുപിടിക്കുകയാണ് ബിജെപി സർക്കാർ ചെയ്യുന്നത്.

കാർഷികോത്പന്ന വിപണന പ്രോത്സാഹന ബിൽ 2020, കർഷക ശാക്തീകരണ സേവന ബിൽ 2020, അവശ്യസാധന (ഭേതഗതി) ബിൽ 2020 എന്നിവയാണ് കാർഷിക നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കാർഷിക ബില്ലിന്റെ പേരിൽ പ്രതിഷേധിക്കുന്നവർക്ക് അതിന്റെ സത്യാവസ്ഥ അറിയില്ലെന്ന് വേണം അനുമാനിക്കാൻ. കർഷകരുടെയും പാവപ്പെട്ടവന്റെയും ഉന്നമനത്തിനു വേണ്ടി മാത്രമാണ് മോദി സർക്കാർ ഇത്തരമൊരു ബിൽ പാസാക്കിയത്.

എന്നാൽ, കർഷകരെ പറഞ്ഞുപറ്റിച്ച് അവരെ ചതിക്കുകയാണ് ഇടതു – വലതു പാർട്ടികൾ. മണ്ണിന്റെ മക്കൾക്കൊപ്പമാണ് തങ്ങളെന്ന് ഘോരഘോരം പ്രസംഗിച്ചിട്ടും അവർക്ക് ഗുണകരമാകുന്ന ഒരു നിയമം വന്നപ്പോൾ മോദി സർക്കാർ കർഷകരെ ചതിക്കുകയാണെന്ന പുകമറ സൃഷ്ടിച്ച് അനാവശ്യവിവാദങ്ങൾ ഉണ്ടാക്കുകയാണ് ഇടതു പാർട്ടിയും സംഘടനകളും. നിസഹായരായ പാവങ്ങളെ പാവ കളിപ്പിക്കാൻ കപട ‘കർഷക സ്നേഹികൾക്ക്‘ എളുപ്പം സാധിച്ചിരിക്കുകയാണ്.

കാർഷിക ബില്ലിനെ കുറിച്ച് തെറ്റിദ്ധാരണകൾ പരത്തുന്നതിൽ ഇടതിന്റെ പങ്ക് വളരെ വലുതാണ്. നോട്ട് നിരോധനം പോലെ രഹസ്യ സ്വഭാവം സൂക്ഷിച്ചുകൊണ്ട് നടപ്പിലാക്കേണ്ട ഒന്നല്ല കർഷക ബില്ലെന്ന തിരിച്ചറിവ് ബിജെപി സർക്കാരിന് ഇപ്പോഴുണ്ട്. കർഷകർക്കിടയിൽ മതിയായ ബോധവത്ക്കരണം നടത്തേണ്ടത് അത്യാവശ്യമാണെന്നും തിരിച്ചറിയുന്നു. എന്നാൽ, ഇതിനെല്ലാം ശ്രമം ആരംഭിക്കും മുൻപേ കർഷകരെ തെറ്റിദ്ധരിപ്പിച്ച് ചാക്കിലാക്കി സർക്കാരിനെതിരെ തിരിക്കാൻ ഇടതുപാർട്ടികൾക്കും മറ്റുള്ളവർക്കും സാധിച്ചു എന്നത് ശ്രദ്ധേയം.

അറിയാതെ പോലും വേദനിപ്പിക്കപ്പെടാൻ പാടില്ലാത്തവരാണ് മണ്ണിൽ പണിയെടുക്കുന്നവർ. അവർ സുരക്ഷിതരാണ് എന്ന് അവരെ ബോധ്യപ്പെടുത്തേണ്ട കടമ സർക്കാരിനുണ്ട്. ഇത് നിർവഹിക്കാൻ ഉന്നതതലയോഗങ്ങളും നടന്നുകൊണ്ടിരിക്കേയാണ് കർഷകരെ കൂട്ടിപിടിച്ച് ഒരുപറ്റം സംഘടനകൾ സർക്കാരിനെതിരെ പ്രക്ഷോഭവുമായി രംഗത്തെത്തിയത്. ഇത്തരം പ്രക്ഷോഭങ്ങൾ ബോധവത്ക്കരണത്തിനു വേദിയാകുമെന്നതും സത്യം. ഒരു സമൂഹത്തെ ബന്ധിയാക്കി സ്വന്തം കുതന്ത്രങ്ങൾ വിജയിപ്പിക്കാൻ ഒരു സമ്മർദഗ്രൂപ്പിനേയും അനുവദിക്കാൻ പാടുള്ളതല്ല.

മോദി സർക്കാർ പാസാക്കിയ പുതിയ കാർഷിക ബിൽ പ്രകാരം, ഇടനിലക്കാരൻ അനുഭവിച്ചു കൊണ്ടിരിക്കുന്ന കൊള്ളലാഭം ഇനി നടക്കില്ല. അതുവഴി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് കിട്ടികൊണ്ടിരിക്കുന്ന പാർട്ടി ഫണ്ട് ഇല്ലാതാകും. ഇതുവരെ ഇന്ത്യ കണ്ടിട്ടില്ലാത്ത തരത്തിൽ കർഷകന് കൂടുതൽ വിലയും ഉപഭോക്താവിന് വില കുറച്ചും വിൽക്കൽ വാങ്ങൽ സാധിക്കും. ഇടനിലക്കാരൻ വിയർപ്പൊഴുക്കാതെ അനുഭവിക്കുന്ന 200% കൊള്ള ലാഭം ഇനിയവർക്ക് കിട്ടുകയില്ല, ആ പൈസ കൃഷിക്കാരനും ഉപഭോക്താവിനും തുല്യമായി ലഭിക്കും.

കർഷകന് സ്വന്തം വിളകൾ രാജ്യത്തെ ഏതു മാർക്കറ്റിൽ വിൽക്കാനും ഉള്ള സ്വാതന്ത്ര്യം. ഇറക്കാനുള്ള കാശും,, മെഷീനറീസും അടക്കം എല്ലാം സാധ്യമാക്കും. കരാർ ഒപ്പിട്ടു കൃഷി ചെയുന്ന രീതി നിലവിൽ വരുന്നു. ഇത് നല്ലതല്ലേ? ഇതിൽ എവിടെയാണ് കർഷക ദ്രോഹം? കുറച്ചു കൂടി വ്യക്തമായി പറഞ്ഞാൽ, ആർക്കും എവിടെയും വില നിയന്ത്രണങ്ങൾ ഇല്ലാതെ കാർഷിക ഉൽപ്പന്നങ്ങൾ വാങ്ങാനും വിൽക്കാനും കഴിയുമെന്ന്. അതായത്, വിളവെടുക്കുന്നതെല്ലാം ഒരു സ്ഥലത്ത് മാത്രം വിൽക്കാൻ ചെല്ലുമ്പോൾ വിളകളുടെ ആധിക്യം കൊണ്ട് അവർ പറയുന്ന വിലയ്ക്ക് വിൽക്കേണ്ടി വരുന്ന അവസ്ഥയിൽ നിന്നും മാറ്റമുണ്ടാകുന്നു എന്ന്.

ബിജെപി സർക്കാർ അധികാരത്തിൽ വരുന്നത് വരെ ഭരണാവസരം ലഭിച്ചിരുന്ന കർഷകസ്നേഹികൾ അവർക്ക് വേണ്ടി എന്താണ് ചെയ്തിട്ടുള്ളത്? ഇപ്പൊ വെയിലത്ത് മണ്ണിൽ പണിയെടുക്കുന്നവനെ അവിടുന്ന് വിളിച്ച് വെയിലത്ത്‌ റോഡിൽ കൂടെ നടത്തിച്ച് അവരുടെ തന്നെ വിണ്ടു കീറിയ കാലുകൾ ഫോട്ടോഷൂട്ട് ചെയ്ത് ഈ പ്രഹസനം മുഴുവൻ നടത്തുന്നത് ആർക്ക് വേണ്ടിയാണോ? കർഷകർക്ക് വേണ്ടി എന്ന് പറയരുത്, അവരെ പറഞ്ഞുപറ്റിച്ച് ഈ കപട രാഷ്ട്രീയക്കാർ എന്താണ് നേടുന്നത്? എത്ര നാളിങ്ങനെ പാവങ്ങളെ പറഞ്ഞിളക്കി ഷോ കാണിച്ചു ഇക്കൂട്ടർ ജീവിക്കും?

കാർഷിക നിയമങ്ങൾ അനിവാര്യമാണെന്ന് ആവർത്തിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർഷകരുടെ നന്മ മാത്രമാണ് മോദി സർക്കാർ ലക്ഷ്യമിടുന്നത്. ഇന്ത്യയിലെ കർഷകരെ നിയമ നിർമ്മാണം ശാക്തീകരിച്ചുവെന്നും കർഷകർക്ക് സഹായകരമായി കാർഷിക നിയമങ്ങൾ രാജ്യമാകെ മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ കർഷകരുടെ ആവശ്യങ്ങൾ സർക്കാർ പരിഗണിച്ചുവെന്നും കർഷകരുടെ നന്മയാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നതെന്നും മോദി പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button