KeralaLatest NewsNews

കോവിഡ് നിയന്ത്രണം ലംഘിച്ച് കടകംപള്ളിയുടെയും കുടുംബത്തിന്റെയും ക്ഷേത്രദര്‍ശനം; വിശദീകരണം തേടി കോടതി

കൊച്ചി : കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഭാര്യയും കുടുംബാംഗങ്ങളും ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയതിനെതിരെ ഹൈക്കോടതിയില്‍ പരാതി. കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പാലിക്കാതെ ഇവര്‍ ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തിന് അകത്തുകയറി ദര്‍ശനം നടത്തിയെന്നും, കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച മന്ത്രിപത്‌നിക്കും കുടുംബത്തിനുമെതിരെ കേസെടുക്കണമെന്നുമാണ് ഹര്‍ജിയിലെ ആവശ്യം. ഹര്‍ജിയില്‍ ഹൈക്കോടതി ഗുരുവായൂര്‍ ദേവസ്വത്തിനോടും തൃശൂര്‍ ജില്ലാ കളക്ടറോടും വിശദീകരണം തേടി. ബിജെപി നേതാവ് എ നാഗേഷ് സമർപ്പിച്ച ഹർജിയിലാണ് കോടതി നടപടി.

ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു നടപടിയുണ്ടായതെന്ന് പോലീസ് വിശദീകരിക്കണം.പൊതുജനങ്ങൾക്ക് പ്രവേശന അനുമതി ഇല്ലാതിരുന്ന സമയത്താണ് കടകംപള്ളിയുടെ ഭാര്യ നാലമ്പലത്തിൽ പ്രവേശിച്ചതെന്നാണ് ഹർജിക്കാരൻ പറയുന്നത്. ദേവസ്വം ചെയർമാൻ കെ.ബി. മോഹൻദാസിന്റെ ഭാര്യയും മന്ത്രികുടുംബത്തിനൊപ്പം ഉണ്ടായിരുന്നുവെന്ന് നാഗേഷ് ആരോപിക്കുന്നു.

ക്ഷേത്രത്തിലെ സി.സി.ടി.വി കാമറ പരിശോധിക്കണം. ദേവസ്വം ചെയർമാന്റെ ഏകാധിപത്യമാണ് നടക്കുന്നത്. തന്ത്രിയുടെ വാക്കുകളെ പോലും ധിക്കരിച്ചാണ് ചെയർമാൻ തീരുമാനമെടുക്കുന്നത്. ആചാരം സംരക്ഷിക്കുമെന്ന് പറഞ്ഞ് സത്യപ്രതിജ്ഞ ചെയ്‌ത അദ്ദേഹം ആചാരം ലംഘിക്കുന്നു. ചെയർമാന്റെ തന്നിഷ്ടം കാണിക്കാനുള്ള സ്ഥലമായി ഗുരുവായൂർ ക്ഷേത്രത്തെ മാറ്റരുത്. സത്യപ്രതിജ്ഞാ ലംഘനം നടത്തിയ ചെയർമാനെ പുറത്താക്കണം. അനേകായിരം ഭക്തർ ദർശനം നടത്താനാകാതെ വീടുകളിലിരുന്ന് പ്രാർത്ഥിക്കുമ്പോഴാണ് മന്ത്രി പത്നിയും പരിവാരങ്ങളും നാലമ്പലത്തിനകത്തേക്ക് കടന്നതെന്നും നാഗേഷ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button