Latest NewsNewsInternational

സങ്കീർണ്ണമായ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം ഇന്ന്

നവംബർ മൂന്നിന് നടന്ന അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പിന്റെ പോപ്പുലർ വോട്ടെടുപ്പിൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി ജോബൈഡൻ വിജയമുറപ്പിച്ചുവെങ്കിലും അതോടെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയായി എന്നു ധരിക്കുന്നത് ശരിയാവില്ല. മൂന്നു ഘട്ടങ്ങളുള്ള അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടമായിരുന്നു പോപ്പുലർ വോട്ടെടുപ്പ് അടുത്ത പടി ഡിസംബർ 14 തിങ്കളാഴ്ച നടക്കുന്ന ഇലക്ടറൽ കോളേജിലെ വോട്ടെടുപ്പാണ്. തുടർന്ന് 2021 ജനുവരി 6ന് പാർലമെണ്ടിന്റെ സംയുക്ത സമ്മേളനം ചേർന്ന് വോട്ടെണ്ണലും അന്തിമ ഫലപ്രഖ്യാപനവും നടക്കും. 2021 ജനുവരി 20ന് പുതിയ പ്രസിഡണ്ടന്റ് സ്ഥാനമേൽക്കും.

ഏകീകൃതമായ തിരഞ്ഞെടുപ്പ് നിയമത്തിന്റെ അഭാവവും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനില്ലാത്തതുമാണ് അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞുടുപ്പു പ്രക്രിയ ഇത്രയും നീണ്ടതും സങ്കീർണ്ണവുമാകാൻ കാരണം. പ്രസിഡൻഷ്യൽ ഭരണരീതി പിന്തുടരുന്ന അമേരിക്കയിൽ ജനങ്ങൾ നേരിട്ട് വോട്ട് ചെയ്തല്ല പ്രസിഡണ്ടിനെയും വൈസ് പ്രസിഡണ്ടിനെയും തിരഞ്ഞെടുക്കുന്നത്. അതിനധികാരപ്പെട്ട ഇലക്ട്രൽ കോളേജിനെയാണ് ജനങ്ങൾ തെരഞ്ഞെടുക്കുന്നത്. ഇലക്ട്രൽ കോളേജിലെ ഭൂരിപക്ഷ വോട്ടാണ് ഒരു സ്ഥാനാർഥിയുടെ ജയപരാജയങ്ങൾ തീരുമാനിക്കുക ഇത്തവണ ഇലക്ട്രൽ കോളേജിലെ ഭൂരിപക്ഷവും ജോബൈഡനനുകൂലമായി വോട്ട് ചെയ്യുമെന്നാണ് പോപ്പുലർ വോട്ട് നിലയും സൂചനയും. അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവുമധികം പോപ്പുലർ വോട്ട് നേടുന്ന പ്രസിഡണ്ടാവാം ജോ ബൈഡൻ.

എന്താണ് ഇലക്ട്രൽ കോളേജ്

ഇലക്ട്രൽ കോളേജ് ഒരു സംവിധാനമല്ല സമ്പ്രദായമാണ് അമേരിക്കൻ ഭരണഘടനാ ശിൽപികൾ രൂപകല്പനചെയ്ത പ്രത്യേക സമ്പ്രദായം. ജനാധിപതൃ സംവിധാനത്തിൽ സാധാരണ കണ്ടുവരുന്ന പൊതു തിരഞ്ഞെടുപ്പിലൂടെ പാർലമെണ്ടിനേയും സംസ്ഥാന നിയമസഭകളേയും പ്രസിഡൻറ് പ്രധാനമന്ത്രി എന്നിവരെയും ജനങ്ങൾ വോട്ട് ചെയ്ത് തിരഞ്ഞെടുക്കുന്ന രീതിയിൽ നിന്നും വിഭിന്നമാണ്. അമേരിക്കയിലെ പ്രസിഡൻഷ്യൽ സംവിധാനവും ഇലക്ട്രൽ കോളേജും. ഒരു വ്യക്തിയെ കുറിച്ച് വ്യക്തമായ വിവരങ്ങൾ ജനങ്ങൾക്ക് ലഭിക്കാതെ വരുന്ന സാഹചര്യം ഒഴിവാക്കപ്പെട്ടിരിക്കുന്നു അയോഗ്യനായ ഒരാൾ അമേരിക്കൻ പ്രസിഡൻറ് ആകുന്ന സാഹചര്യം ഒഴിവാക്കാനാണ് അമേരിക്കൻ ഭരണഘടനാ ശിൽപികൾ ഈ പ്രത്യേക സമ്പ്രദായം രൂപകല്പന ചെയ്തതെന്നാണ് സങ്കൽപ്പം. നവംബർ മൂന്നിന് സംസ്ഥാനങ്ങൾ അവിടെ നിന്നുള്ള ഇലക്ടറൽ കോളേജ് അംഗങ്ങളെ തിരഞ്ഞെടുത്തു. ഇക്കുറി 538 ഇലക്ടറൽ കോളേജ് അംഗങ്ങളെയാണ് 50 സംസഥാനങ്ങളും തലസ്ഥാന നഗരം വാഷിംഗ്ടൺഡി.സി ഉൾപ്പെടുന്ന ഡിസ്ട്രിക്റ്റ് ഓഫ് കൊളംബിയയും ചേർന്ന് തിരഞ്ഞെടുത്തത് ഇവരിൽ 270 പേരുടെ വോട്ട് നേടുന്നയാളാവും അടുത്ത അമേരിക്കൻ പ്രസിഡണ്ട്. 270 എന്ന മാന്ത്രിക സംഖൃയും കടന്ന് 306 ഇലക്ട്രക്ടറൽ കോളേജ് വോട്ടുകൾ ജോബൈഡൻ നേടുമെന്നാണ് കരുതപ്പെടുന്നത്.

സംസ്ഥാനങ്ങൾക്ക് അവിടെനിന്നുള്ള അമേരിക്കൻ കോൺഗ്രസ് (ജനപ്രതിനിധിസഭ) അംഗങ്ങൾക്ക് തുല്യമായ ഇലക്ടറൽ കോളേജ് അംഗങ്ങളെ തിരഞ്ഞെടുക്കാനാവും. .ഒപ്പം സംസ്ഥാനത്തെ. രണ്ട് സെനറ്റ് അംഗങ്ങൾ കൂടിച്ചേരുന്നതാണ് ഒരു സംസ്ഥാനത്തെ ഇലക്ട്രൽ കോളേജ് ഇവരാണ് സംസ്ഥാനത്തെ ജനങ്ങളെ പ്രതിനിധീകരിച്ച് ഇലക്ട്രൽ കോളേജിൽ വോട്ട് രേഖപ്പെടുത്തുക. അതതു സംസ്ഥാന തലസ്ഥാനങ്ങളിലാണ്. ഇലക്ട്രൽ കോളേജ് യോഗം ചേരുക. പത്തു വർഷംകൂടുമ്പോൾ ജനസംഖ്യ അടിസ്ഥാനത്തിൽ ഇലക്ടറൽ കോളേജ് അംഗങ്ങളുടെ സംഖൃ പുനഃക്രമീകരിക്കും ഇത്തവണ ഏറ്റവും കൂടുതൽ ഇലക്ട്രൽ കോളേജ് അംഗങ്ങളുള്ളത് കാലിഫോർണിയയിലാണ് 55 പേർ (നിയുക്ത വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന്റെ സംസ്ഥാനമാണ് കാലിഫോർണിയ) തൊട്ടടുത്ത് ടെക്‌സാസും 38 പിന്നാലെ ഫ്‌ലോറിഡയും ന്യൂയോർക്കും 29 വീതം (വിവിധ സംസ്ഥാനങ്ങളിലെ ഇലക്ട്രൽ കോളേജ് അംഗങ്ങളുടെ സംഖൃ പട്ടികയായി ചേർക്കുന്നു.)

പോപ്പുലർ വോട്ടെടുപ്പിൽ ജനങ്ങൾ തങ്ങൾക്കിഷ്ടപ്പെട്ട പ്രസിഡൻറ് സ്ഥാനാർഥിക്കാണ് വോട്ട് ചെയ്യുക പ്രസിഡൻറ് സ്ഥാനാർഥിയുടെ പേരിനൊപ്പം ഇലക്ടറൽ കോളേജ് സ്ഥാനാർഥികളുടെ പേര് ബാലറ്റിലുണ്ടാവില്ല. പ്രസിഡൻറ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്ന ഒരാൾ പ്രസിഡൻറ് സ്ഥാനാർഥി പ്രതിനിധാനം ചെയ്യുന്ന പാർട്ടിയുടെ ഇലക്ടറൽ കോളേജ് അംഗ സ്ഥാനാർഥികൾക്കു കൂടിയാണ് വോട്ട് ചെയ്യുന്നത് അതുകൊണ്ട് ബാലറ്റിൽ ഇലക്ട്രൽ കോളേജ് അംഗ സ്ഥാനാർഥികളുടെ പേര് നിർബന്ധമല്ല. തിരഞ്ഞെടുക്കപ്പെടുന്ന ഇലക്ട്രൽ കോളേജ് അംഗം പോപ്പുലർ വോട്ടിലെ ജനവികാരം മാനിച്ച് പോപ്പുലർ വോട്ടിൽ ഭൂരിപക്ഷം ലഭിച്ച തൻറെ പാർട്ടി സ്ഥാനാർത്ഥിക്ക് തന്നെ ഇലക്ടറൽ കോളേജിലെ വോട്ടെടുപ്പിൽ വോട്ട് ചെയ്യും എന്നാണ് അനുമാനം. തന്നെ, നാമനിർദേശം ചെയ്ത പാർട്ടിയുടെ പ്രസിഡൻറ് സ്ഥാനാർത്ഥിക്ക് തന്നെ താൻ വോട്ട് ചെയ്യും എന്ന പ്രതിജ്ഞ ചെയ്താൽ മാത്രമേ ഒരാൾക്ക് ഇലക്ട്രൽ കോളേജ് അംഗ സ്ഥാനാർത്ഥിയാകാൻ കഴിയൂ ഇലക്ട്രൽ കോളേജ് അംഗമായ ശേഷം മറുകണ്ഠം ചാടി ഇലക്ടറൽ കോളേജ് വോട്ടെടുപ്പിൽ എതിർപാർട്ടിയുടെ സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്ന ആയാറാം ഗയാറാം പരിപാടി അമേരിക്കയിൽ നടന്നിട്ടില്ല നാളിതുവരെ.

നവംബർ മൂന്നിന് തന്നെ പോസ്റ്റൽ ബാലറ്റുകൾ എണ്ണി തീർക്കണമെന്ന ട്രംപിന്റെ പിടിവാശി സംസ്ഥാനങ്ങൾ അംഗീകരിച്ചില്ല എന്നുമാത്രമല്ല തിരഞ്ഞെടുപ്പ് അട്ടിമറി ഉന്നയിച്ച് ട്രംപ് നടത്തിയ കോടതി വൃവഹാരങ്ങൾ ഏശിയതുമില്ല. റിപ്പബ്‌ളിക്കൻ പാർട്ടി കുത്തകയാക്കി വെച്ചിട്രുക്കുന്ന ടെക്‌സാസിലെ അറ്റോർണി ജനറൽ ജോർജ്ജിയ, മിഷിഗൺ, പെൻസിൽവാനിയ, വിസ്‌കോൺസിൻ സംസ്ഥാനങ്ങളിലെ ജോബൈഡന്റെ തിരഞ്ഞെടുപ്പ് വിജയം അസ്ഥിരപ്പെടുത്തണം എന്നാവപ്പെട്ട് കേസ് കൊടുത്തു റിപ്പബ്‌ളിക്കൻ പാർട്ടിയുടെ 126 കോൺഗ്രസ് (ജനപ്രതിനിധിസഭ) അംഗങ്ങളും 18 സംസ്ഥാനങ്ങളും കക്ഷിചേർന്നിരുന്ന കേസ് അമേരിക്കൻ സുപ്രീം കോടതി ഇക്കഴിഞ്ഞ വെള്ളിയാഴ്ച തള്ളി. (ഡിസംബർ 11ന്) തിരിച്ചടികൾ തുടർകഥയായതോടെ അദ്ദേഹം കളമൊഴിയാൻ തീരുമാനിക്കുകയായിരുന്നു ഭരണഘടന പ്രകാരം ട്രംപിന്. വേറെ വഴിയുണ്ടായിരുന്നില്ല എങ്കിലും പ്രതീക്ഷ കൈവെടിഞ്ഞിട്ടില്ലദ്ദേഹം. ഇലക്ട്രക്ടറൽ കോളേജ് വോട്ടെടുപ്പുവരെ കാത്തിരിക്കാനാണ് പദ്ധതി. റിപ്പബ്‌ളിക്കൻ പാർട്ടികാർക്കില്ലാത്ത മോഹവും വിശ്വാസവുമാണത്. വെറുതെ മോഹിക്കുവാൻ മോഹം എന്നതുപോലെയാണിതെന്ന് കരുതേണ്ടതില്ല ട്രംപിന്റെ അനുഭവമതാണ് 2016ൽ പോപ്പുലർ വോട്ടിൽ ഭൂരിപക്ഷം നേടിയ ഹിലരിയെ ഇലക്ട്രൽ കോളേജ് വോട്ടിൽ പരാജയപ്പെടുത്തി പ്രസിഡണ്ടായതാണ്. പോപ്പുലർ വോട്ടിൽ ജയിച്ചയാൾ ഇലക്ട്രൽ കോളേജ് വോട്ടിൽ തോറ്റ് അമേരിക്കൻ പ്രസിഡണ്ടാകാതിരുന്ന അനുഭവം പലകുറിയുണ്ടായിട്ടുണ്ട്. 1824, 1876, 1888, 2000 എന്നീ വർഷങ്ങളിലും ഏറ്റവും ഒടുവിൽ 2016ലും അങ്ങനെ സംഭവിച്ചു. ഇത്തവണ പക്ഷേ അങ്ങനെവരാനിടയില്ല.

ലോകത്ത് നിലവിലുള്ള എഴുതപ്പെട്ട ഭരണഘടനകളിൽ ഏറ്റവും ചെറുതാണ് അമേരിക്കയിലേത്. അതിലെ പരമപ്രധാനമായ അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ആണിക്കല്ലാണ് ഇലക്ടറൽ കോളേജ് അമേരിക്കയുടെ ചരിത്രത്തിൽ ഏറ്റവുമധികം ഭരണഘടനാ ഭേദഗതികൾ നിർദ്ദേശിക്കപ്പെട്ടത് ഇലക്ടറൽ കോളേജ് സമ്പ്രദായം പരിഷ്‌കരിക്കുന്നതു സംബന്ധിച്ചാണ്.. ഭേദഗതികൾ ഒരുപാടുണ്ടായെങ്കിലും ഒന്നും അംഗീകരിക്കപ്പെട്ടില്ല. ചുരുക്കത്തിൽ അമേരിക്കൻ പ്രസിഡണ്ട് തിരഞ്ഞെടുപ്പും അതിൻറെ നടപടിക്രമങ്ങളും സങ്കീർണ്ണവും സാധാരണക്കാരന് മനസ്സിലാകുന്നതിനപ്പുറവുമാണ് അമേരിക്കക്കാരെ പോലും കുഴയ്ക്കുന്ന പ്രക്രിയയാണത്. ഇതിനെയാണ് പ്രസിഡൻഷ്യൽ ഭരണ സമ്പ്രദായ വാദികൾ മഹത്തരമായി ഉയർത്തികാട്ടുന്നതും.

ലാലൂജോസഫ്

shortlink

Related Articles

Post Your Comments

Related Articles


Back to top button