Latest NewsNewsIndia

ക്ഷേത്രം പുതുക്കിപ്പണിയുന്നതിനിടെ ലഭിച്ചത് വന്‍ സ്വര്‍ണ്ണ ശേഖരം

ഭക്തരും പ്രദേശവാസികളും സര്‍ക്കാരിന് കൈമാറാന്‍ വിസമ്മതിച്ചിരുന്നു

തമിഴ്‌നാട്ടിലെ കാഞ്ചീപുരത്തിനു സമീപമുള്ള ഒരു ക്ഷേത്രം പുതുക്കി പണിയുന്നതിനിടെ ”പുരാതന സ്വര്‍ണ്ണ” ശേഖരം കണ്ടെത്തി. പ്രദേശവാസികളാണ് ക്ഷേത്രം പുതുക്കി പണിയുന്നതിനിടെ സ്വര്‍ണ്ണ ശേഖരം കണ്ടെത്തിയത്. അധികൃതര്‍ ഈ സ്വര്‍ണം പിടിച്ചെടുക്കുകയും ഞായറാഴ്ച സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കുകയും ചെയ്തതായി പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു.

അര കിലോയിലധികം തൂക്കം വരുന്ന ”സ്വര്‍ണ്ണ വസ്തുക്കള്‍” ആണ് ഉത്തിരാമൂരിലെ ശിവക്ഷേത്രം പുതുക്കി പണിയുന്നതിനിടയില്‍ കണ്ടെത്തിയത്. പ്രദേശവാസികള്‍ തന്നെയായിരുന്നു നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്നത്. സ്വര്‍ണ്ണ ശേഖരം ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്കുള്ള പടികള്‍ക്ക് താഴെയാണ് കണ്ടെത്തിയത്. വിവരം ലഭിച്ച ഉടന്‍ ഉദ്യോഗസ്ഥര്‍ ക്ഷേത്രത്തിലെത്തി സ്വര്‍ണ്ണം സര്‍ക്കാരിനു കൈമാറണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

ഭക്തരും പ്രദേശവാസികളും അത് സര്‍ക്കാരിന് കൈമാറാന്‍ വിസമ്മതിച്ചിരുന്നു. നവീകരണം പൂര്‍ത്തിയായതിനു ശേഷം സ്വര്‍ണ്ണം അതേ സ്ഥലത്ത് തന്നെ വീണ്ടും സ്ഥാപിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. എന്നാല്‍ സ്വര്‍ണ്ണം ഏറ്റെടുക്കുമെന്ന കാര്യത്തില്‍ അധികൃതര്‍ ഉറച്ചു നില്‍ക്കുകയായിരുന്നു.

നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഈ ക്ഷേത്രം ചോള കാലഘട്ടത്തില്‍ നിര്‍മിച്ചതാണെന്ന് പ്രദേശവാസികള്‍ പറയുന്നു. ”ക്ഷേത്രത്തിന്റെ പടികള്‍ക്ക് താഴെ കുറച്ച് സ്വര്‍ണ്ണം വെയ്ക്കുന്നത് ഒരു ശുഭ ലക്ഷണമാണ്. പണ്ടു മുതലേ ഈ രീതിയുണ്ടായിരുന്നു.” – ഗ്രാമവാസികളിലൊരാള്‍ പറഞ്ഞു. ക്ഷേത്രത്തിലെ സ്വര്‍ണ്ണം പിടിച്ചെടുക്കാനോ കൈവശം വയ്ക്കാനോ അധികാരികള്‍ക്ക് അവകാശമില്ല. അതുകൊണ്ടാണ് പോലീസുകാരെയും ഉദ്യോഗസ്ഥരെയും തടഞ്ഞതെന്നും പ്രദേശവാസികള്‍ പറഞ്ഞു.

റിപ്പോര്‍ട്ട് പ്രകാരം 565 ഗ്രാം ആണ് സ്വര്‍ണ്ണത്തിന്റെ ഭാരം. ക്ഷേത്രത്തിന് സ്വര്‍ണ്ണം തിരികെ നല്‍കണോ വേണ്ടയോ എന്ന് സര്‍ക്കാര്‍ റവന്യൂ അധികൃതര്‍ തീരുമാനമെടുക്കുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കാഞ്ചീപുരത്തു നിന്ന് 40 കിലോമീറ്ററും ചെന്നൈയില്‍ നിന്ന് 90 കിലോമീറ്ററും അകലെയുള്ള ഉത്തിരാമൂര്‍ ഒരു ക്ഷേത്ര നഗരമാണ്. ഡിസംബര്‍ 10-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പുതിയ പാര്‍ലമെന്റ് കെട്ടിടത്തിന് തറക്കല്ലിട്ടപ്പോള്‍ നഗരത്തിന്റെ പേര് പരാമര്‍ശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button