Latest NewsKeralaNews

എന്നെ അവഹേളിക്കുന്നവര്‍ അവരുടെ വീട്ടിലെ സ്ത്രീകളോടിങ്ങനെ പെരുമാറുമോ ? : ബിന്ദു കൃഷ്ണ

ഏറ്റവും സങ്കടം ഞാന്‍ ബി.ജെ.പി ഏജന്റെന്ന് പറഞ്ഞതാണ്

കൊല്ലം : തദ്ദേശ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പേരില്‍ തന്നെ അവഹേളിക്കുന്നവര്‍ അവരുടെ വീട്ടിലെ സ്ത്രീകളോടിങ്ങനെ പെരുമാറുമോയെന്ന് ചോദിക്കുകയാണ് ഡി.സി.സി പ്രസിഡന്റ് ബിന്ദു കൃഷ്ണ. പരാജയത്തിന്റെ പേരില്‍ തന്നെ ഒറ്റപ്പെടുത്തി വളഞ്ഞിട്ടാക്രമിക്കുന്ന പോസ്റ്ററുകളാണ് പ്രചരിപ്പിക്കുന്നതെന്നും മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ ബിന്ദു കൃഷ്ണ ചൂണ്ടിക്കാട്ടുന്നു.

” എന്നെ അവഹേളിക്കുന്നവര്‍ അവരുടെ വീട്ടിലെ സ്ത്രീകളോടിങ്ങനെ പെരുമാറുമോ. പാര്‍ട്ടി വിജയിക്കുമ്പോള്‍ അതിന്റെ പങ്ക് പറ്റാന്‍ പലരുമെത്തും. പരാജയപ്പെടുമ്പോള്‍ മൃഗീയമായി ആക്രമിക്കും. ഡി.സി.സി പ്രസിഡന്റായി വരുമ്പോള്‍ കൊല്ലത്ത് 11 അസംബ്ലി മണ്ഡലങ്ങളിലും ദയനീയ പരാജയം നേരിട്ട അവസ്ഥയിലായിരുന്നു പാര്‍ട്ടി. കരുനാഗപ്പള്ളിയില്‍ സി.ആര്‍ മഹേഷിന്റെ ചെറിയ പരാജയമൊഴിച്ചാല്‍ കൊല്ലത്ത് തോല്‍വിയുടെ ശരാശരി റേഞ്ച് മുപ്പതിനായിരം വോട്ടായിരുന്നു. മനോവീര്യം തകര്‍ന്ന പ്രവര്‍ത്തകര്‍ക്ക് ഊര്‍ജ്ജം കൊടുക്കുകയായിരുന്നു ആദ്യ ലക്ഷ്യം.

കൊല്ലത്ത് ഇത്തവണ സംഭവിച്ചത് വലിയ തോല്‍വിയെന്ന് പറയാനാവില്ല. കോര്‍പ്പറേഷനില്‍ വലിയ തോല്‍വിയാണെന്ന് സമ്മതിക്കുന്നു. 2015-ല്‍ എട്ട് പഞ്ചായത്തുകള്‍ മാത്രമാണ് കിട്ടിയിരുന്നത്. ഇത്തവണ 22 പഞ്ചായത്ത് സ്വന്തം നിലയ്ക്ക് ഭരിക്കാനുണ്ട്. എന്‍.കെ പ്രേമചന്ദ്രന്‍, എം.പി ഷിബു ബേബിജോണ്‍ തുടങ്ങിയവരുമായി റിബല്‍ സ്ഥാനാര്‍ത്ഥികളെ വീടുകളില്‍ പോയി കണ്ട് പിന്തിരിപ്പിച്ചിരുന്നു. വ്യക്തിപരമായി ഒരാളെപ്പോലും വാശിപിടിച്ച് സ്ഥാനാര്‍ത്ഥിയാക്കിയിട്ടില്ല. കെ.പി.സി.സി അംഗീകരിച്ച എട്ടംഗ കമ്മിറ്റി രണ്ടാഴ്ച ചര്‍ച്ച ചെയ്താണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിച്ചത്.

സ്‌കൂളില്‍ പഠിക്കുന്ന കാലത്ത് മൂവര്‍ണക്കൊടി ഹൃദയത്തിലേറ്റിയതാണ്. കോണ്‍ഗ്രസിന് ദോഷം വരുന്ന പ്രവര്‍ത്തനത്തിന് കൂട്ടു നിന്നിട്ടില്ല. കൊവിഡ് കാലത്ത് സഹായവുമായി ആരും നിരത്തിലിറങ്ങാതിരുന്നപ്പോള്‍ സ്‌കൂട്ടറുമെടുത്ത് പൊതിച്ചോറുമായി തെരുവിലിറങ്ങിയ ആളാണ് ഞാന്‍. ഏറ്റവും സങ്കടം ഞാന്‍ ബി.ജെ.പി ഏജന്റെന്ന് പറഞ്ഞതാണ്. പോസ്റ്റര്‍ ഒട്ടിച്ചവരെ ഞങ്ങള്‍ക്കറിയാം. ബിന്ദുകൃഷ്ണ പേയ്മെന്റ് നടത്തിയെന്നാണ് പറയുന്നത്. 1348 സ്ഥാനാര്‍ത്ഥികളാണ് കൊല്ലത്ത് കൈപ്പത്തി ചിഹ്നത്തില്‍ മത്സരിച്ചത്. ആ സ്ഥാനാര്‍ത്ഥികളില്‍ നിന്ന് എന്തെങ്കിലും വാങ്ങിയിട്ടുണ്ടോയെന്ന് ആര്‍ക്കും അന്വേഷിക്കാം. ഒരു ചായ പോലും ഞാന്‍ അവരുടെ ചെലവില്‍ വാങ്ങിക്കുടിച്ചിട്ടില്ല. ഈ തിരഞ്ഞെടുപ്പിന് സ്വന്തം ബൂത്തില്‍ പോലും പ്രവര്‍ത്തനത്തിനിറങ്ങാത്തവരാണ് എനിക്കെതിരെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ” – മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ ബിന്ദു കൃഷ്ണ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button