KeralaLatest NewsNews

ആരിഫ് മുഹമ്മദ് ഖാന്‍ അധികാരഭിക്ഷ യാചിച്ച വ്യക്തി; മുന്നറിയിപ്പുമായി സിപിഐ

കാര്‍ഷിക വിഷയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 31ന് പ്രത്യേക നിയമസഭാസമ്മേളനം ചേരാനുളള ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറിയിരിക്കുന്നു.

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രമായ ജനയുഗം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രാഷ്ട്രീയപാര്‍ട്ടികളോട് അധികാരഭിക്ഷ യാചിച്ച വ്യക്തിയാണെന്നും കേരളത്തില്‍ നിയോഗിച്ചത് സംഘപരിവാര്‍ അജണ്ട നടപ്പാക്കാനെന്നുമാണ് സി പി ഐ മുഖപത്രത്തിന്റെ വിമര്‍ശനം.

എന്നാൽ കേരളം പോലെ രാഷ്ട്രീയജനാധിപത്യമതേതര മാന്യതകളെല്ലാം പുലര്‍ത്തുന്ന സംസ്ഥാനത്തിന്റെ ഗവര്‍ണര്‍ പദവിയിലേക്ക് ആരിഫിനെ ആര്‍ എസ് എസ് നിയോഗിച്ചതുതന്നെ അവരുടെ അജണ്ട വേഗത്തിലാക്കുന്നതിനാണെന്നാണ് മുഖപത്രത്തില്‍ പറയുന്നത്. ജനാധിപത്യത്തെ പച്ചയായി അവഹേളിച്ച്‌ ഭരണഘടനാവിരുദ്ധമായി പാര്‍ലമെന്റില്‍ പാസാക്കിയ ഒരു നിയമത്തെ എതിര്‍ക്കാനും അതിനെതിരെ പ്രതികരിക്കാനും ജനാധിപത്യ ഭരണസംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. സംസ്ഥാനത്തെ ജനങ്ങളുടെ വികാരം ഭരണപ്രതിപക്ഷ ഭേദമന്യേ നിയമസഭയില്‍ പ്രമേയമായി അവതരിപ്പിക്കാനായിരുന്നു സര്‍ക്കാരിന്റെ ഉദ്ദേശം.

Read Also: ക്രിസ്മസ് കഴിയാൻ കാത്ത് ഫാദർ കോട്ടൂരും സിസ്റ്റര്‍ സെഫിയും

ഡിസംബര്‍ 23ന് ഒരു മണിക്കൂര്‍ സഭ ചേരാനുളള അനുമതിക്കായി 21ന് ചേര്‍ന്ന മന്ത്രിസഭായോഗം ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുകയായിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ഇത് അംഗീകരിച്ചില്ല. സഭാ സമ്മേളനം വിളിക്കാനുള്ള അധികാരം ഗവര്‍ണറില്‍ നിക്ഷിപ്‌തമാണെങ്കിലും ആ പദവിയിലിരിക്കുന്ന ആള്‍ പ്രവര്‍ത്തിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട മന്ത്രിസഭയുടെ ഉപദേശാനുസരണമാണന്നും ജനയുഗം ചൂണ്ടിക്കാട്ടുന്നു. മന്ത്രിസഭയോട് നിയമസഭാ അംഗങ്ങള്‍ക്ക് വിശ്വാസം നഷ്‌ടപ്പെടുന്നപോലെ പ്രത്യേക സാഹചര്യങ്ങളില്‍ മാത്രമാണ് ഗവര്‍ണര്‍ക്ക് തന്റെ വിവേചനാധികാരം പ്രയോഗിക്കാനാവുക. കേരളത്തിലെ സാഹചര്യം ഇതില്‍ നിന്നെല്ലാം വ്യത്യസ്‌തമാണ് എന്നിരിക്കെ ഗവര്‍ണറുടെ ജോലി, ഭൂരിപക്ഷം നഷ്‌ടപ്പെടാത്ത മന്ത്രിസഭയുടെ ശുപാര്‍ശ അനുസരിച്ച്‌ നിയമസഭ വിളിച്ചുചേര്‍ക്കുക ഉള്‍പ്പെടെയുളള കാര്യങ്ങള്‍ തന്നെയാണ്.

കാര്‍ഷിക വിഷയം ചര്‍ച്ച ചെയ്യാന്‍ ഈ മാസം 31ന് പ്രത്യേക നിയമസഭാസമ്മേളനം ചേരാനുളള ശുപാര്‍ശ ഗവര്‍ണര്‍ക്ക് കൈമാറിയിരിക്കുന്നു. പതിവ് പല്ലവിയാണ് ഇനിയുമെങ്കില്‍ ഗവര്‍ണര്‍ പദിവിയില്‍ നിന്ന് ആരിഫ് ഖാനെ തിരിച്ചുവിളിക്കാനുളള പ്രമേയത്തിനും കേരളം ഐക്യം നേരുമെന്നും സി പി ഐ മുന്നറിയിപ്പ് നല്‍കുന്നു. ജനാധിപത്യത്തെ പച്ചയായി അവഹേളിച്ച്‌ ഭരണഘടനാ വിരുദ്ധമായി പാര്‍ലമെന്റില്‍ പാസാക്കിയ ഒരു നിയമത്തെ എതിര്‍ക്കാനും അതിനെതിരെ പ്രതികരിക്കാനും സംസ്ഥാനങ്ങള്‍ക്ക് അധികാരമുണ്ട്. അതിനെ തടയാമെന്ന സംഘപരിവാര്‍ രാഷ്ട്രീയ ചിന്തയോടെ ഒരാള്‍ പദവിയില്‍ കഴിയുന്നത് ഭരണഘടനാവിരുദ്ധമാണ്. ഈ മനോനിലയുളളവരെ ഇത്തരം പദവിയില്‍ നിയോഗിക്കുന്ന മോദി-അമിത് ജോഡിയുടെ ഹോബിയെ ജനങ്ങളാല്‍ എതിര്‍ക്കപ്പെടണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button