Latest NewsKeralaIndia

പിണറായി വിജയൻ മുട്ടുമടക്കിയിടത്ത് ജയിക്കാന്‍ നരേന്ദ്ര മോദി; ക്രൈസ്തവ സഭാതര്‍ക്കത്തിന് ചർച്ച നാളെ മുതൽ

യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയിലാണ് പ്രധാനമന്ത്രി ഇരു വിഭാഗങ്ങളുമായും ചര്‍ച്ച നടത്തുന്നത്.

ന്യൂഡല്‍​ഹി: കേരളത്തിലെ ക്രൈസ്തവ സഭാ തര്‍ക്കത്തിന് പരിഹാരം കാണാന്‍ പ്രധാനമന്ത്രിയുമായുള്ള ചര്‍ച്ചകള്‍ക്ക് നാളെ തുടക്കം. ഓര്‍ത്തഡോക്സ് സഭാ പ്രതിനിധികള്‍ നാളെയും യാക്കോബായ പ്രതിനിധികള്‍ മറ്റന്നാളും പ്രധാനമന്ത്രിയെ കാണും. മിസോറാം ഗവര്‍ണര്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്കൊപ്പമാകും കൂടിക്കാഴ്ച. ഇരു വിഭാഗത്തിന്റെയും മൂന്ന് പ്രതിനിധികളെയാണ് കൂടിക്കാഴ്ചയ്ക്ക് ക്ഷണിച്ചിരിക്കുന്നത്. യാക്കോബായ ഓര്‍ത്തഡോക്സ് വിഭാഗങ്ങള്‍ തമ്മിലുള്ള പള്ളി തര്‍ക്കം രൂക്ഷമായി തുടരുന്നതിനിടെയിലാണ് പ്രധാനമന്ത്രി ഇരു വിഭാഗങ്ങളുമായും ചര്‍ച്ച നടത്തുന്നത്.

ഇരു കൂട്ടരേയും ഒരുമിച്ചിരുത്തി പ്രശ്‌ന പരിഹാരത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കം ശ്രമിച്ചിരുന്നു. ഇത് ഫലം കണ്ടിരുന്നില്ല. ഈ സാഹചര്യത്തിലാണ് രണ്ടു കൂട്ടരേയും വെവ്വേറെ പ്രധാനമന്ത്രി ചര്‍ച്ചയ്ക്കു വിളിക്കുന്നത്. പി എസ് ശ്രീധരന്‍ പിള്ളയുടെ നിര്‍ദ്ദേശം കണക്കിലെടുത്താണ് ഇത്. വേണമെങ്കില്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഇരു കൂട്ടരേയും ഒരുമിച്ചും പ്രധാനമന്ത്രി കാണം. വ്യക്തമായ ഫോര്‍മുല ഇക്കാര്യത്തില്‍ ശ്രീധരന്‍ പിള്ള തയ്യാറാക്കിയിട്ടുണ്ടെന്നാണ് സൂചന.

സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഇടപെടല്‍ വേഗത്തിലാക്കണമെന്ന് ഓര്‍ത്തഡോക്സ് വിഭാഗം പ്രധാനമന്ത്രിയോട് നേരിട്ട് അഭ്യര്‍ത്ഥിക്കും. പ്രശ്നപരിഹാരത്തിന് സാധ്യമായ എല്ലാ മാര്‍ഗങ്ങളും തേടണമെന്ന് യാക്കോബായ വിഭാഗവും ആവശ്യപ്പെടും. ഓര്‍ത്തോഡോക്‌സ് സഭയെ പ്രതിനിധീകരിച്ച്‌ സിനഡ് സെക്രട്ടറി ഡോ. യൂഹാനോന്‍ മാര്‍ ദിയസ്‌കോറസ്, കണ്ടനാട് ഈസ്റ്റ് ഭദ്രാസന മെത്രാപ്പൊലീത്ത ഡോ. തോമസ് മാര്‍ അത്തനാസിയോസ്, ഡല്‍ഹി ഭദ്രാസന മെത്രോപ്പൊലീത്ത ഡോ. യൂഹാനോന്‍ മാര്‍ ദിമിത്രിയോസ് എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക.

യാക്കോബായ സഭയെ പ്രതിനിധീകരിച്ച്‌ മെത്രാപ്പൊലീത്തന്‍ ട്രസ്റ്റി ജോസഫ് മാര്‍ ഗ്രിഗോറിയോസ്, സുന്നഹദോസ് സെക്രട്ടറി തോമസ് മാര്‍ തിമോത്തിയോസ്, കുര്യാക്കോസ് മാര്‍ തെയോഫിലോസ് മെത്രാപ്പൊലീത്ത എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുക്കുക. കേരളത്തിലെ സഭാ തര്‍ക്കം പരിഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇടപെടുമ്പോള്‍ പ്രശ്ന പരിഹാരത്തിന് സാധ്യത ഏറെയെന്നാണ് സൂചന. വ്യക്തമായ പദ്ധതിയുമായാണ് വിഷയത്തില്‍ മോദി ഇടപെടുന്നതെന്നാണ് സൂചന.

read also: ഇടനിലക്കാരെ ഒഴിവാക്കി കര്‍ഷകര്‍ വിളകള്‍ നേരിട്ട് വിപണിയില്‍ വില്‍ക്കണമെന്നു രാഹുല്‍ഗാന്ധി പറയുന്ന വീഡിയോ പുറത്ത്

അടുത്തയാഴ്ച കത്തോലിക്ക സഭ നേതൃത്വവുമായുള്ള കൂടിക്കാഴ്ചക്കും പ്രധാനമന്ത്രി സമയം അനുവദിച്ചിട്ടുണ്ട്. ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്, ലൗ ജിഹാദ്, അടക്കമുള്ള വിഷയങ്ങളിലെ ഇടപെടല്‍ ആവശ്യപ്പെട്ട് നേരത്തെ സഭാ നേതൃത്വം പ്രധാനമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു. അതെ സമയം സഭാ തര്‍ക്കം രമ്യമായി പരിഹരിക്കാനായാല്‍ അത് ബിജെപിക്ക് നേട്ടമാകും എന്ന കാര്യത്തില്‍ മറ്റ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും തര്‍ക്കമില്ല. കേരളത്തിലെ പ്രബലമായ രണ്ട് ക്രൈസ്തവ സഭകളുടെ പിന്തുണ ഉറപ്പിക്കാനായാല്‍ കേരളത്തില്‍ മുന്നോട്ട് പോകാമെന്ന് ബിജെപിയും കണക്ക് കൂട്ടുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button