KeralaLatest NewsNews

വി മുരളീധരന്‍ വീണ്ടും കളത്തില്‍? കേരളത്തിൽ ബിജെപി തരംഗം സൃഷ്ടിക്കുമെന്ന് നേതാക്കൾ

കേന്ദ്രമന്ത്രിയെന്ന പ്രതിച്ഛായയും മണ്ഡലത്തിലെ ബിജെപിയുടെ സംഘടനാ ശേഷിയും ചേര്‍ന്നാല്‍ വിജയിച്ചു കയറാമെന്നാണ് പ്രതീക്ഷ.

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ കേന്ദ്രമന്ത്രി വി മുരളീധരന്‍ വീണ്ടും കളത്തില്‍ ഇറങ്ങിയേക്കും. കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചാല്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങാമെന്നാണ് നിലപാട്. അങ്ങനെയെങ്കില്‍ കഴിഞ്ഞ തവണ മത്സരിച്ച കഴക്കൂട്ടത്ത് തന്നെ സ്ഥാനാര്‍ഥിയാകും. മത്സര സാധ്യത മുന്നില്‍ കണ്ട് മുരളീധരന്‍ മണ്ഡലത്തില്‍ സജീവമായി കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ച മണ്ഡലത്തില്‍ നിന്നുള്ള പാര്‍ട്ടി ജനപ്രതിനിധികളെ നേരിട്ട് പോയി കണ്ടു. കഴക്കൂട്ടം ഫ്ലൈ ഓവര്‍ നിര്‍മ്മാണം അടക്കമുള്ള പ്രാദേശിക വികസന വിഷയങ്ങളിലും മന്ത്രി സജീവമാണ്.

എന്നാൽ കേരളത്തിലെത്തുന്ന സമയങ്ങളിലെല്ലാം കഴക്കൂട്ടം മണ്ഡലത്തില്‍ വിവിധ പരിപാടികളില്‍ മന്ത്രി പങ്കെടുക്കുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് നല്‍കുന്ന പ്രതീക്ഷ തദ്ദേശ തെരഞ്ഞെടുപ്പില്‍ കഴക്കൂട്ടം മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന വാര്‍ഡുകളിലെല്ലാം വലിയ മുന്നേറ്റം നടത്താനായതാണ് ബിജെപിയുടെ ആത്മവിശ്വാസം. കഴിഞ്ഞതവണ കടകംപള്ളി സുരേന്ദ്രനോട് നേരിയ വോട്ടുകള്‍ക്കാണ് വി മുരളീധരന്‍ പരാജയപ്പെട്ടത്. കേന്ദ്രമന്ത്രിയെന്ന പ്രതിച്ഛായയും മണ്ഡലത്തിലെ ബിജെപിയുടെ സംഘടനാ ശേഷിയും ചേര്‍ന്നാല്‍ വിജയിച്ചു കയറാമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ തവണ വിജയിച്ച നേമത്തിനു ശേഷം സംസ്ഥാനത്ത് ബിജെപി ഏറ്റവും പ്രതീക്ഷ വച്ചുപുലര്‍ത്തുന്ന മണ്ഡലങ്ങളില്‍ ഒന്നാണ് കഴക്കൂട്ടം.

മുരളീധരന്‍ മത്സരിക്കുന്നില്ലെങ്കില്‍ കഴക്കൂട്ടത്ത് കെ സുരേന്ദ്രനാണ് സാധ്യത. എന്നാല്‍ സംസ്ഥാന അധ്യക്ഷന്‍ ആയിരിക്കുന്ന സാഹചര്യത്തില്‍ ഇത്തവണ മത്സരരംഗത്തേക്കില്ലെന്ന നിലപാട് സുരേന്ദ്രന്‍ പാര്‍ട്ടിയിലെ പലരുമായും പങ്കുവെച്ചിട്ടുണ്ട്. ശബരിമല ഉള്‍പ്പെടുന്ന കോന്നിയില്‍ സുരേന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന ആഗ്രഹം പലരും പങ്കുവെക്കുന്നുണ്ടെങ്കിലും കഴക്കൂട്ടത്തിനാണ് കൂടുതല്‍ സാധ്യത.

Read Also: കുടിവെള്ളക്ഷാമം രൂക്ഷം: ലഭിക്കുന്നത് ദുര്‍ഗന്ധം വമിക്കുന്ന കുടിവെള്ളം; തിരിഞ്ഞ് നോക്കാതെ നഗരസഭ

അതേസമയം സിറ്റിങ് സീറ്റായ നേമത്ത് ഇക്കുറി ഒ രാജഗോപാലിന് പകരം സ്ഥാനാര്‍ത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പാണ്. കുമ്മനത്തിന്റെ പേരാണ് ജില്ലാ നേതൃത്വവും മുന്നോട്ടുവയ്ക്കുന്നത്. കഴിഞ്ഞ തവണ വട്ടിയൂര്‍ക്കാവില്‍ രണ്ടാം സ്ഥാനത്തെത്തിയ കുമ്മനം രാജശേഖരന്‍, നേമത്തെ സാമുദായിക സമവാക്യങ്ങള്‍ക്ക് ഇണങ്ങുന്ന സ്ഥാനാര്‍ത്ഥിയുമാണ്.

തദ്ദേശ തെരഞ്ഞെടുപ്പില്‍ നേമത്തിന്‍റെ ഭാഗമായ തദ്ദേശ വാര്‍ഡുകളില്‍ വലിയ ഭൂരിപക്ഷം നേടാനായത് ബിജെപിയുടെ ആത്മവിശ്വാസം ഇരട്ടിപ്പിക്കുന്നു. പ്രായാധിക്യം മൂലം ഇനി മത്സരരംഗത്ത് ഇല്ലെന്ന നിലപാട് ഒ രാജഗോപാല്‍ ബിജെപി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഇതാണ് സിറ്റിംഗ് എംഎല്‍എയെ മറികടന്ന് കുമ്മനത്തിന്റെ പേര് ജില്ലാനേതൃത്വം നിര്‍ദ്ദേശിച്ചതിനും കാരണം.

shortlink

Related Articles

Post Your Comments

Related Articles


Back to top button