KeralaLatest NewsNews

വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ധാരണ ; നിലപാട് വ്യക്തമാക്കി മുല്ലപ്പള്ളി

അടഞ്ഞ അദ്ധ്യായം ഉയര്‍ത്തിക്കൊണ്ടു വരുന്നത് ഗൂഢാലോചനയാണ്

തിരുവനന്തപുരം : വെല്‍ഫെയര്‍ പാര്‍ട്ടിയുമായി ഒരു ധാരണയും ഉണ്ടാക്കിയിട്ടില്ലെന്ന് വ്യക്തമാക്കി കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രന്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായുള്ള ആദ്യ നീക്കുപോക്ക് ചര്‍ച്ചകള്‍ നടത്തിയത് മുല്ലപ്പള്ളിയാണെന്ന ഹമീദ് വാണിയമ്പലത്തിന്റെ തുറന്നു പറച്ചിലിനോട് പ്രതികരിയ്ക്കുകയായിരുന്നു മുല്ലപ്പള്ളി.

കോണ്‍ഗ്രസ് വെല്‍ഫയര്‍ പാര്‍ട്ടിയുമായി ഈ തിരഞ്ഞെടുപ്പില്‍ ധാരണയുണ്ടാക്കിയിട്ടില്ല. താന്‍ എക്കാലത്തും മതേതര നിലപാടാണ് സ്വീകരിച്ചിട്ടുളളത്. മതനിരപേക്ഷ പാരമ്പര്യമുളള കുടുംബത്തില്‍ നിന്ന് വരുന്ന ഒരാളാണ് താന്‍. അതില്‍ ഇതുവരെ വെളളം ചേര്‍ക്കേണ്ടി വന്നിട്ടില്ലെന്നും മുല്ലപ്പളളി പറഞ്ഞു. അതിനെപ്പറ്റി ഇനിയൊരു ചര്‍ച്ചയില്ല. അടഞ്ഞ അദ്ധ്യായം ഉയര്‍ത്തിക്കൊണ്ടു വരുന്നത് ഗൂഢാലോചനയാണ്. വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണ്. കെപിസിസി അദ്ധ്യക്ഷന്‍ എന്ന നിലയില്‍ തന്നോട് പി.സി ജോര്‍ജ് സംസാരിച്ചിട്ടില്ലെന്നും മുല്ലപ്പളളി പറഞ്ഞു.

മുഖ്യമന്ത്രിയും താനും തമ്മില്‍ പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ടായിരിക്കാം. എന്നാല്‍ തന്റെ മതനിരപേക്ഷ നിലപാടിനെപ്പറ്റി മുഖ്യമന്ത്രിയ്ക്ക് ഏതെങ്കിലും ഒരു ഘട്ടത്തില്‍ അഭിപ്രായ ഭിന്നതയുണ്ടാകുമെന്ന് തോന്നുന്നില്ല. വിദ്യാര്‍ത്ഥി രാഷ്ട്രീയം മുതല്‍ പിണറായിക്ക് നന്നായി അറിയാം. തന്റെ നിലപാടില്‍ തനിക്ക് മാറ്റം വരുത്തേണ്ടി വന്നിട്ടില്ലെന്ന് മറ്റാരെക്കാളും നന്നായി മുഖ്യമന്ത്രിയ്ക്ക് അറിയാമെന്നും മുല്ലപ്പളളി അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button