Latest NewsKeralaNews

ഗുരുവായൂർ ക്ഷേത്ര നടയിൽ ചട്ടം ലംഘിച്ച് പരസ്യ ചിത്രീകരണം; പ്രതിഷേധവുമായി ബി.ജെ.പി

തൃശ്ശൂർ : ഗുരുവായൂർ ക്ഷേത്ര നടയിൽ ചട്ടം ലംഘിച്ച് സ്വകാര്യ കമ്പനിയുടെ പരസ്യ ചിത്രീകരണം. ക്ഷേത്ര നടവഴിയിലും പരിസരത്തും സാനിറ്റൈസർ കമ്പനിയുടെ മുദ്ര പതിപ്പിച്ചതും വിവാദമായി. ഇതോടെ ഇതിനെതിരെ പ്രതിഷേധവുമായി ബി.ജെ.പി രംഗത്തെത്തിയിരിക്കുകയാണ്.

ഒരു വർഷത്തേയ്ക്ക് ഗുരുവായൂർ ക്ഷേത്ര പരിസരം സാനിറ്റൈസ് ചെയ്യുന്നതായാണ് സ്വകാര്യ കമ്പനിയുടെ പരസ്യം. ഭക്തർക്ക് സാനിറ്റൈസർ നൽകുന്നത് സ്വകാര്യ കമ്പനിയാണെന്ന് പരസ്യത്തിലുണ്ട്. സാമൂഹിക അകലം ഉറപ്പാക്കാൻ നടവഴിയിൽ വരച്ച വൃത്തത്തിനുള്ളിൽ വരെ കമ്പനി മുദ്ര പതിപ്പിച്ചു. ദേവസ്വം ഭരണസമിതി അംഗങ്ങൾ പോലും ഇതറിഞ്ഞില്ലെന്നാണ് ആക്ഷേപം. ക്ഷേത്രത്തെ സ്വകാര്യ കമ്പനിയുടെ പരസ്യത്തിനായി ഉപയോഗിച്ചെന്നാണ് പരാതി. ദേവസ്വം ചെയർമാൻ കെ.ബി.മോഹൻദാസിൻ്റെ ഏകാധിപത്യമാണ് ഗുരുവായൂരിൽ നടക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു.

അതേസമയം ക്ഷേത്രവും പരിസരവും ശുചീകരിക്കുന്നതിനാണ് സ്വകാര്യ കമ്പനിയ്ക്ക് അനുമതി നൽകിയതെന്ന് ചെയർമാൻ കെ.ബി.മോഹൻദാസ് പ്രതീകരിച്ചു. പരസ്യ ചിത്രീകരണത്തിന് ദേവസ്വത്തിന്‍റെ അനുമതി വാങ്ങിയിട്ടില്ലെന്നും, പരസ്യം പ്രസിദ്ധീകരിച്ചത് പിൻവലിക്കണമെന്നും കമ്പനിയോട് ആവശ്യപ്പെട്ടതായും ചെയർമാൻ പറഞ്ഞു. പ്രതിഷേധത്തെ തുടർന്ന് ക്ഷേത്രത്തിന് സമീപം സ്ഥാപിച്ചിരുന്ന ഫ്ലക്സുകളും നീക്കം ചെയ്തിട്ടുണ്ട്. പരസ്യം പിൻവലിച്ചില്ലെങ്കിൽ നിയമപടി സ്വീകരിക്കാനാണ് ദേവസ്വത്തിന്‍റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button