COVID 19NattuvarthaLatest NewsNews

കോവിഡ് സീറോളജിക്കല്‍ സര്‍വ്വേ കൊല്ലത്ത്

കൊല്ലം; കൊല്ലം ജില്ലയില്‍ കൊറോണ വൈറസ് രോഗവ്യാപന സ്ഥിതി വിലയിരുത്തുന്നതിനായി പൊതുജനങ്ങളുടെ ഇടയില്‍ സീറോളജിക്കല്‍ സര്‍വ്വേ ആരംഭിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ ആര്‍ ശ്രീലത അറിയിക്കുകയുണ്ടായി. ആദ്യഘട്ടത്തില്‍ 1000 പേരുടെ സാമ്പിളുകളാണ് ശേഖരിക്കുന്നത്. പാരിപ്പള്ളി സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലും ജില്ലാ പബ്ലിക് ഹെല്‍ത്ത് ലാബിലുമാണ് സാമ്പിളുകള്‍ പരിശോധിക്കുക. സാമ്പിളുകള്‍ ശേഖരിക്കുന്നതിനായി ലബോറട്ടറി ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ്, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നിവര്‍ക്കുള്ള പരിശീലനം ആരംഭിക്കുകയുണ്ടായി.

ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്ത കരുനാഗപ്പള്ളി മുനിസിപ്പാലിറ്റി, നെടുമ്പന, നെടുവത്തൂര്‍, മയ്യനാട്, തേവലക്കര, ക്ലാപ്പന, വെളിയം, ആലപ്പാട്, ആദിച്ചനല്ലൂര്‍, നീണ്ടകര, ശൂരനാട് സൗത്ത്, അലയമണ്‍, പിറവന്തൂര്‍, തൃക്കരുവ, ചാത്തന്നൂര്‍ എന്നീ പഞ്ചായത്തുകളിലുമാണ് ആദ്യഘട്ട പഠനം നടത്തുന്നത്. തിരഞ്ഞെടുത്ത തദ്ദേശ സ്ഥാപനങ്ങളില്‍ ഒരോന്നില്‍ നിന്നും നാല് വാര്‍ഡുകള്‍ വീതം തിരഞ്ഞെടുത്ത് ഒരു വാര്‍ഡില്‍ 10 വീടുകള്‍ വീതമാണ് സര്‍വ്വേയില്‍ ഉള്‍പ്പെടുത്തുക. തിരഞ്ഞെടുത്ത വീടുകളിലെ 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവരുടെയും രക്ത സാമ്പിളുകള്‍ പരിശോധനയ്ക്കായി ശേഖരിച്ച് ജനുവരി 31 നകം പരിശോധിക്കും. പരിശോധനയില്‍ രക്തത്തിലെ കൊറോണ വൈറസിനെതിരെയുള്ള ആന്റിബോഡിയുടെ സാന്നിധ്യമാണ് കണ്ടെത്തുന്നത്. ഇതിലൂടെ സമൂഹത്തിലെ രോഗവ്യാപന തോതും ജനങ്ങളുടെ പ്രതിരോധ ശേഷിയും വിലയിരുത്താന്‍ കഴിയും. പൊതുജനങ്ങള്‍ക്ക് കോവിഡ് വാക്‌സിന്‍ നല്‍കുന്നതിന് മുന്നോടിയായി നടത്തുന്ന ഈ സര്‍വ്വേയ്ക്ക് പുറമേ വാക്‌സിന്‍ സ്വീകരിച്ചു കഴിയുമ്പോഴും തുടര്‍ സീറോളജിക്കല്‍ സര്‍വ്വേകള്‍ ഉണ്ടാകുമെന്നും ഡി എം ഒ അറിയിക്കുകയുണ്ടായി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button