Latest NewsIndiaNews

കടലിന് 60 അടി താഴ്ച്ചയില്‍ ഐ.ടി എന്‍ജിനീയര്‍മാരായ വധുവിനും വരനും മാംഗല്യം

കടലില്‍ വിവാഹം നടത്തണമെന്ന ഇരുവരുടേയും തീരുമാനത്തിന് കുടുംബവും പിന്തുണ നല്‍കുകയായിരുന്നു

ചെന്നൈ : കടലിന് 60 അടി താഴ്ച്ചയില്‍ ഐ.ടി എന്‍ജിനീയര്‍മാരായ വധുവിനും വരനും മാംഗല്യം. ചെന്നൈയില്‍ തിങ്കളാഴ്ച രാവിലെയാണ് ഐ.ടി എന്‍ജിനീയര്‍മാരായ വി.ചിന്നദുരൈയും ശ്വേതയും വിവാഹിതരായത്. തിരുവണ്ണാമലൈ സ്വദേശിയാണ് ചിന്നദുരൈ. കോയമ്പത്തൂര്‍ സ്വദേശിനിയാണ് ശ്വേത. കടലില്‍ വിവാഹം നടത്തണമെന്ന ഇരുവരുടേയും തീരുമാനത്തിന് കുടുംബവും പിന്തുണ നല്‍കുകയായിരുന്നു.

അംഗീകൃത സ്‌കൂബാ ഡൈവറാണ് ചിന്നദുരൈ. വിവാഹം വെള്ളത്തിനടിയില്‍ വച്ചാകണമെന്നത് ചിന്നദുരൈയുടെ ആഗ്രഹമായിരുന്നു. ഇക്കാര്യം ശ്വേതയുടെ ബന്ധുക്കളെ അറിയിച്ചപ്പോള്‍ ജീവന്‍ അപായപ്പെടുത്തി എന്തിനൊരു വിവാഹം എന്ന നിലപാടിലായിരുന്നു അവര്‍. ഈ ഭയത്തില്‍ നിന്ന് ശ്വേതയെ പിന്തിരിപ്പിച്ചതും ചിന്നദുരൈ ആയിരുന്നു. പിന്നീട് ശ്വേതയ്ക്കും പരിശീലനം നല്‍കുകയായിരുന്നു.

”ഞങ്ങള്‍ 45 മിനിറ്റ് വെള്ളത്തിനടിയില്‍ ചെലവഴിച്ചു. ഞാന്‍ ശ്വേതയ്ക്ക് പൂച്ചെണ്ട് നല്‍കി. തുടര്‍ന്ന് താലി ചാര്‍ത്തി.” -ചിന്നദുരൈ പറയുന്നു. ഈ വിവാഹം തന്റെ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവമാണെന്ന് ശ്വേതയും പറഞ്ഞു. ഡൈവിങ് പരിശീലകന്‍ എസ്.ബി അരവിന്ദ് തരുണ്‍ ശ്രീയാണ് ഇരുവര്‍ക്കും പരിശീലനം നല്‍കിയത്.

ചെന്നൈയ്ക്കടുത്ത നീലാങ്കര കടല്‍ത്തീരത്ത് നിന്ന് നാലര കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഇവര്‍ ആഴക്കടലിലെ വിവാഹ വേദിയിലെത്തിയത്. വിവാഹ വസ്ത്രത്തിന് പുറത്ത് സ്‌കൂബാ ഡൈവിനുള്ള സ്യൂട്ട് ധരിച്ചായിരുന്നു ഇരുവരും കടലിന്റെ അടിത്തട്ടിലെത്തിയത്. വിവാഹത്തിന് തീരദേശ പൊലീസില്‍ നിന്ന് അനുമതി വാങ്ങിയിരുന്നു. സുരക്ഷയ്ക്കായി എട്ട് ഡൈവര്‍മാരും ഒപ്പമുണ്ടായിരുന്നു. താലികെട്ട് കഴിഞ്ഞ് ഇരുവരും കരയിലെത്തി ബാക്കി ചടങ്ങുകള്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button