NattuvarthaLatest NewsNews

സഹോദരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

കൊല്ലം ; മദ്യലഹരിയിൽ സഹോദരനെ കൊലപ്പെടുത്തിയെന്ന കേസിൽ പ്രതിക്ക് 10 വർഷം തടവും 10,000 രൂപ പിഴയും ശിക്ഷ നൽകിയിരിക്കുന്നു. തൃക്കോവിൽവട്ടം ചെറിയേല ചേരിയിൽ താഴംപണ മഞ്ചുവിലാസം വീട്ടിൽ മനു (24) കൊല്ലപ്പെട്ട സംഭവത്തിൽ സഹോദരൻ മഹേഷിന് (34) എതിരെയാണു നടപടി എടുത്തിരിക്കുന്നത്. കൊല്ലം അഡീഷനൽ സെഷൻസ് ജഡ്ജി എം. മനോജാണു ശിക്ഷ വിധിച്ചിരിക്കുന്നത്. പിഴ അടച്ചില്ലെങ്കിൽ 3 മാസം അധികതടവ് അനുഭവിക്കണം.

2015 ഫെബ്രുവരി 6നായിരുന്നു സംഭവം നടന്നിരിക്കുന്നത്. മദ്യലഹരിയിലായിരുന്ന മഹേഷ് വഴക്കിനെത്തുടർന്നു തൊട്ടടുത്ത പുരയിടത്തിൽ മനുവിനെ എത്തിച്ചു മർദിച്ചെന്നും തല തെങ്ങിൽ പിടിച്ചിടിച്ചു കൊലപ്പെടുത്തിയെന്നുമാണു പ്രോസിക്യൂഷൻ കേസ്.

സംഭവത്തിലെ പ്രധാന സാക്ഷികൾ കൂറുമാറിയെങ്കിലും ഒരു അയൽക്കാരിയുടെ മൊഴിയുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണു പ്രതിയെ ശിക്ഷിച്ചത്. മനുവിന്റെ മരണത്തോടു കൂടി നിരാലംബരായ മാതാവിനും ഭിന്നശേഷിക്കാരിയായ സഹോദരിക്കും മതിയായ നഷ്ടപരിഹാരം നൽകുന്നതിനു ജില്ലാ ലീഗൽ സർവീസ് അതോറിറ്റിക്കും കോടതി നിർദേശം നൽകി. കൊട്ടിയം ഇൻസ്പെക്ടർമാർ ആയിരുന്ന എസ്. അനിൽകുമാർ, അജയനാഥ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ച കേസിൽ പ്രോസിക്യൂഷനു വേണ്ടി പബ്ലിക്പ്രോസിക്യൂട്ടർ എ.കെ. മനോജ് ഹാജരായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button