KeralaLatest NewsNews

ആളറിയാതിരിയ്ക്കാന്‍ സിസിടിവി ഇളക്കി മാറ്റി ; കാര്യമുണ്ടായില്ല മോഷണ സംഘം കുടുങ്ങിയത് ഇങ്ങനെ

വീട്ടുകാര്‍ മൂന്നുപേരെയും വ്യക്തമായി കണ്ടതായി നരുവാമൂട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു

ബാലരാമപുരം : ആളെ തിരിച്ചറിയാതിരിയ്ക്കാന്‍ സിസിടിവി ക്യാമറ ഇളക്കി മാറ്റി മോഷണത്തിന് ശ്രമിച്ച സംഘം കുടുങ്ങി. ക്യാമറ ഇളക്കി കയ്യിലെടുത്ത് മൂന്നംഗ സംഘം ഓടി രക്ഷപ്പെടുന്നത് സമീപത്തെ മറ്റൊരു ക്യാമറയില്‍ പതിഞ്ഞതോടെ അക്രമി സംഘത്തെ നാട്ടുകാര്‍ തിരിച്ചറിയുകയായിരുന്നു.

നരുവാമൂട് ഒലിപ്പുനട ചാട്ടുമുക്ക് റോഡ് വി.വി.നന്ദനത്തില്‍ റിട്ട.ഫയര്‍ ഫോഴ്‌സ് സ്റ്റേഷന്‍ ഓഫീസര്‍ വി.വിക്രമന്റെ വീട്ടിലാണ് മോഷണ ശ്രമം നടന്നത്. രണ്ടാം നിലയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന വിക്രമന്റെ മക്കളാണ് മോഷ്ടാക്കളെ ആദ്യം കാണുന്നത്. താഴെ കാര്‍ഷെഡിലെ ഷീറ്റിന് മുകളിലൂടെ ആരോ നടക്കുന്ന ശബ്ദം കേട്ടാണ് ഇവര്‍ ഉണര്‍ന്നത്. ബഹളം വച്ചതോടെ കാര്‍ഷെഡിന് മുകളില്‍ റോഡിലേക്ക് സ്ഥാപിച്ചിരുന്ന ക്യാമറ ഇളക്കിയെടുത്ത് മോഷണ സംഘം ഓടി രക്ഷപ്പെട്ടു.

രണ്ടുപേരാണ് വീടിന് മുകളില്‍ കയറിയത്. മറ്റൊരാള്‍ ഇത് വീക്ഷിച്ച് സമീപത്ത് നില്‍ക്കുകയായിരുന്നു. വീട്ടുകാര്‍ മൂന്നുപേരെയും വ്യക്തമായി കണ്ടതായി നരുവാമൂട് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. സിസിടിവി ദൃശ്യങ്ങളും പൊലീസിന് കൈമാറിയിട്ടുണ്ട്. മൂന്നുപേരും ഒളിവിലാണ്. ഇതിന് സമീപം മദ്യ വില്‍പനയും ഉപയോഗവും കാരണം സമീപവാസികള്‍ക്ക് ബുദ്ധിമുട്ടായതോടെയാണ് ക്യാമറ സ്ഥാപിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button