Latest NewsNewsInternational

ഈ രാജ്യങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാര്‍ക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി യുകെ

തെക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക, പോര്‍ച്ചുഗല്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു

യുകെ : മുപ്പതിലധികം ‘റെഡ് ലിസ്റ്റ്’ രാജ്യങ്ങളില്‍ നിന്ന് യുകെയിലേക്ക് എത്തുന്ന യാത്രക്കാര്‍ക്ക് ഫെബ്രുവരി 15 മുതല്‍ സര്‍ക്കാര്‍ അംഗീകാരമുള്ള ഹോട്ടലുകള്‍, മറ്റ് താമസ സ്ഥലങ്ങള്‍ എന്നിവിടങ്ങളില്‍ 10 ദിവസത്തേക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി. ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും ആദ്യമായി കണ്ടെത്തിയ പുതിയ കോവിഡ് -19 വേരിയന്റുകളുടെ വ്യാപനം നിയന്ത്രിയ്ക്കുന്നതിന്റെ ഭാഗമായാണ് സര്‍ക്കാരിന്റെ പുതിയ നടപടി. പുതിയ വകഭേദം കൂടുതല്‍ വേഗത്തില്‍ പകരുന്നതാണെന്നും വാക്‌സിനുകളുടെ ഫലപ്രാപ്തി കുറയ്ക്കുമെന്നും ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.

തെക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക, പോര്‍ച്ചുഗല്‍, യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ പട്ടികയില്‍ ഉള്‍പ്പെടുന്നു. ഈ രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളെയും പൗരന്മാരെയും യുകെയില്‍ പ്രവേശിയ്ക്കുന്നത് ഇതിനകം തന്നെ വിലക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് എങ്ങനെ ക്വാറന്റൈന്‍ താമസ സൗകര്യം ബുക്ക് ചെയ്യാം എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അടുത്ത ആഴ്ച നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. ഹീത്രോ, ഗാറ്റ്വിക്ക്, ലണ്ടന്‍ സിറ്റി, ബര്‍മിംഗ്ഹാം, ബ്രിസ്റ്റോള്‍, മാഞ്ചസ്റ്റര്‍, എഡിന്‍ബര്‍ഗ്, ഗ്ലാസ്‌ഗോ, ആബര്‍ഡീന്‍ എന്നിവയുള്‍പ്പെടെയുള്ള വിമാനത്താവളങ്ങള്‍ക്ക് സമീപമുള്ള ഹോട്ടലുകള്‍ ക്വാറന്റൈന്‍ ആവശ്യത്തിനായി ബുക്ക് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു.

അംഗോല, അര്‍ജന്റീന, ബൊളീവിയ, ബോട്‌സ്വാന, ബ്രസീല്‍, ബുറുണ്ടി, കേപ് വെര്‍ഡെ, ചിലി, കൊളംബിയ, ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഇക്വഡോര്‍, ഈശ്വതിനി, ഫ്രഞ്ച് ഗുയാന, ഗയാന,ലെസോതോ, മലാവി, മൗറീഷ്യസ്, മൊസാംബിക്ക്, നമീബിയ, പനാമ, പരാഗ്വേ, പെറു, പോര്‍ച്ചുഗല്‍ (മഡെയ്റയും അസോറസും ഉള്‍പ്പെടെ), റുവാണ്ട, സീഷെല്‍സ്, ദക്ഷിണാഫ്രിക്ക, സുരിനാം, ടാന്‍സാനിയ, യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ഉറുഗ്വേ, വെനിസ്വേല, സാംബിയ, സിംബാബ്‌വേ എന്നീ 33 രാജ്യങ്ങളാണ് റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുന്നത്.

രാജ്യത്ത് പകര്‍ച്ചവ്യാധി പൊട്ടിപ്പുറപ്പെട്ടതിന് ശേഷം ഇംഗ്ലണ്ട് നിലവില്‍ മൂന്നാമത്തെ ദേശീയ ലോക്ക്ഡൗണിലാണ്. സ്‌കോട്ട്‌ലന്‍ഡ്, വെയില്‍സ്, വടക്കന്‍ അയര്‍ലന്‍ഡ് എന്നിവിടങ്ങളിലും സമാനമായ നിയന്ത്രണ നടപടികള്‍ നിലവിലുണ്ട്. വെള്ളിയാഴ്ച വരെ യുകെയില്‍ 3,903,706 കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. യുഎസ്, ഇന്ത്യ, ബ്രസീല്‍ എന്നിവയ്ക്ക് ശേഷം ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന നാലാമത്തെ രാജ്യമാണ് യുകെ. മരണ നിരക്കില്‍ അഞ്ചാമത്തെ സ്ഥാനത്താണ് യുകെ. ഇതുവരെ മരിച്ചവരുടെ എണ്ണം 110,462 ആണ്. യുഎസ്, ബ്രസീല്‍, മെക്‌സിക്കോ, ഇന്ത്യ എന്നീ രാജ്യങ്ങളാണ് മുന്നില്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button