
ആറന്മുള: സുഗതകുമാരി ടീച്ചറുടെ വാഴുവേലിൽ തറവാട്ടിലെ കാവ് നശിപ്പിച്ചതിലൂടെ ടീച്ചറുടെ ആത്മാവിനോടാണ് പിണറായി സർക്കാർ കൊടുംചതി ചെയ്തെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ടീച്ചറുണ്ടായിരുന്നെങ്കിൽ ഈ സമരം ഉദ്ഘാടനം ചെയ്യുക അവരായിരുന്നുവെന്നും വാഴുവേലിൽ തറവാട് സംരക്ഷണ സംഗമം ഉദ്ഘാടനം ചെയ്ത് അദ്ദേഹം പറഞ്ഞു.
നാടിന്റെ പൈതൃകസ്വത്തിന് നേരെ അതിക്രമം ഉണ്ടായിട്ടും ആറന്മുള എം.എൽ.എ എന്താണ് ഒരു അക്ഷരം പോലും മിണ്ടാത്തത്? എം.എൽ.എയുടെയും മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പദ്മകുമാറിന്റെയും കണ്ണിന്റെ മുമ്പിലല്ലെ ഇത്രയും പാതകം നടന്നത്. വീണാ ജോർജിന്റെ മൗനം നാടിനെതിരെയുള്ള വെല്ലുവിളിയാണ്. ഇത് ഒരു മരം മുറിച്ച പ്രശ്നമല്ല. മറിച്ച് ജനങ്ങളുടെ വൈകാരിക പ്രശ്നമാണിത്. വനം നശീകരണത്തിനെതിരെ മരം മുറിച്ചാൽ മഴ പെയ്യില്ലെന്ന് പണ്ട് സുഗതകുമാരി ടീച്ചർ പറഞ്ഞപ്പോൾ കടലിലെങ്ങനെയാണ് മഴ പെയ്യുന്നതെന്ന് ചോദിച്ച എം.എൽ.എമാരുള്ള നാടാണിത്.
Also Read:സമരപ്പന്തലിൽ കരഞ്ഞ ഉദ്യോഗാർത്ഥിക്ക് നേരെ സൈബർ ആക്രമണം; കണ്ണീർ നാടകമല്ലെന്ന് ലയ
ആറന്മുളയുടെ പൈതൃകം നശിപ്പിക്കാൻ ശ്രമിച്ച കെ.ജി.എഫിനെ ഓടിക്കാൻ കഴിവുണ്ടെങ്കിൽ കാവ് വെട്ടിതെളിക്കാൻ വരുന്നവരെ ഓടിക്കാനും ബി.ജെ.പിക്ക് കഴിയുമെന്നും സുരേന്ദ്രൻ പറഞ്ഞു. സുഗതകുമാരി ടീച്ചറുടെ തറവാട് കേരളത്തിന്റെ സാമൂഹിക സാംസ്കാരിക ചരിത്രവുമായി ഇഴകി ചേർന്ന് നിൽക്കുന്നതാണ്. സുഗതകുമാരി ടീച്ചർ നമ്മളോട് വിടപറഞ്ഞ് ഏതാനും ദിവസത്തിനകം ഇത്തരം ഒരു സംഗമം ഇവിടെ നടത്തേണ്ടി വന്നതിൽ നമുക്ക് വിഷമമുണ്ട്. പ്രകൃതി ചൂഷണത്തിനെതിരെ എന്നും ശക്തമായി പ്രതികരിച്ചവരാണ് ടീച്ചർ. ആറന്മുള വിമാനത്താവളമായാലും വനംകൊള്ളയായാലും എല്ലാത്തിനെയും ആദ്യം എതിർത്തത് ടീച്ചറായിരുന്നു. കാവുകളും കുളങ്ങളും പ്രകൃതിയും സംരക്ഷിച്ചു പോയിരുന്ന ടീച്ചറുടെ സ്വന്തം കാവ് പോലും നശിപ്പിക്കുന്നു. പരിസ്ഥിതിയെയും വിശ്വാസത്തെയും സംരക്ഷിക്കേണ്ട ഭരണകൂടം തന്നെ അത് നശിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സുരേന്ദ്രൻ പറഞ്ഞു.
പരിപാടിയിൽ മണ്ഡലം പ്രസിഡന്റ് അഭിലാഷ് ഓമല്ലൂർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അശോകൻ കുളനട, ദേശീയ സമിതി അംഗം വി.എൻ ഉണ്ണി, ജില്ലാ ജനൽൽ സെക്രട്ടറിമാരായ വിജയകുമാർ മണിപ്പുഴ, വി എ സൂരജ്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എം.എസ് അനിൽ, ഷാജി പി.ആർ, അയ്യപ്പൻകുട്ടി, മേഖലാ ജനറൽ സെക്രട്ടറി ഷാജി നായർ, ജില്ലാ സെക്രട്ടറി വിഷ്ണുമോഹൻ യുവമോർച്ച ജില്ലാ പ്രസിഡന്റ് ഹരീഷ് പൂവത്തൂർ, കർഷകമോർച്ച സംസ്ഥാന ട്രഷറർ ജി രാജ്കുമാർ, ബിജെപി സംസ്ഥാന കൗൺസിൽ അംഗം അനോജ് കുമാർ, മഹിളാമോർച്ച നേതാക്കളായ ദീപ ജി നായർ, സ്വപ്ന കുളനട തുടങ്ങിയവർ സംസാരിച്ചു.
ബിജെപി മണ്ഡലം ജനറൽ സെക്രട്ടറി ബാബു കുഴിക്കാല സ്വാഗതവും സൂരജ് ഇലന്തൂർ നന്ദിയും പറഞ്ഞു. സമ്മേളനത്തിന് മുന്നോടിയായി ആറന്മുള പുത്തരിയാലിന്റെ മുന്നിൽ നിന്നും സ്ത്രീകൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്ത പ്രകടനവും ഉണ്ടായിരുന്നു.
Post Your Comments