Latest NewsKeralaNews

കുറ്റിയിട്ട വാതില്‍ തുറന്ന് കടുവ വീടിന് അകത്തേക്ക് ; ജീവന് വേണ്ടി പോരാടി വീട്ടുകാര്‍

കടുവയുടെ ആക്രമണത്തില്‍ വാതിലിന്റെ മുന്‍ ഭാഗവും താഴും തകര്‍ന്നു

മാനന്തവാടി : കടുവയുടെ കൈയ്യില്‍ നിന്ന് രക്ഷപ്പെട്ട സന്തോഷത്തിലാണ് പൊലീസ് സ്റ്റേഷന് സമീപത്ത് താമസിക്കുന്ന ആശാരിപ്പറമ്പില്‍ സാലിദയും സഹോദരിയുടെ മകന്‍ മൃദുനും. ചൊവ്വാഴ്ച രാത്രി പതിനൊന്നോടെയാണ് ഇവരുടെ വീടിന് നേരെ കടുവയുടെ ആക്രമണം ഉണ്ടായത്. വീടിന് പുറത്ത് ശബ്ദം കേട്ടാണ് ഇരുവരും ഇറങ്ങി നോക്കിയത്. തുടര്‍ന്ന് അകത്ത് കയറി വാതില്‍ അടച്ചു. പിന്നാലെയായിരുന്നു കടുവയുടെ ആക്രമണം.

കുറ്റിയിട്ട വാതില്‍ തുറന്നു കടുവ അകത്തേക്കു കടക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. ഭയപ്പെട്ടെങ്കിലും ധൈര്യം സംഭരിച്ച് ഇരുവരും നിന്നു. വാതില്‍ പൊളിച്ച് അകത്ത് കടക്കാന്‍ ശ്രമിച്ച കടുവയെ കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു മൃദുന്‍ എറിഞ്ഞു. പഴയ പ്ലൈവുഡിന്റെ വാതിലിന്റെ കൊളുത്ത് ഇതിനകം തകര്‍ന്നിരുന്നു. സര്‍വ ശക്തിയും ഉപയോഗിച്ച് ഇരുവരും വാതില്‍ തള്ളിപ്പിടിച്ചു. ഇതോടെ കടുവ പിന്‍ തിരിയുകയായിരുന്നു.

കടുവയുടെ ആക്രമണത്തില്‍ വാതിലിന്റെ മുന്‍ ഭാഗവും താഴും തകര്‍ന്നു. മുന്‍പ് ഇവരുടെ വീട്ടിലെ വളര്‍ത്തു നായയെ കടുവ ആക്രമിച്ചിരുന്നു. ഇതേ തുടര്‍ന്ന് പട്ടിയെ വീടിനകത്താണു താമസിപ്പിച്ചിരുന്നത്. ഇതാകും വീണ്ടും കടുവ ഇതേ വീട്ടിലെത്താന്‍ കാരണമെന്നാണു നിഗമനം. രാത്രി തന്നെ വനപാലകര്‍ സ്ഥലത്തെത്തി. പരിശോധനയില്‍ കടുവയുടെ കാല്‍പാടുകളും കണ്ടെത്തി. ഇതേ തുടര്‍ന്നു പ്രദേശത്ത് നിരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതായും പട്രോളിങ് ശക്തമാക്കിയെന്നും തിരുനെല്ലി ഡപ്യൂട്ടി റേഞ്ച് ഓഫീസര്‍ എം.വി. ജയപ്രസാദ് പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button