Latest NewsKeralaNewsNews StoryDevotional

എൻ.എസ്.എസിന്റേതടക്കം നിലപാടുകൾ ബി.ജെ.പി നടപ്പാക്കും : കുമ്മനം രാജശേഖരൻ

ശബരിമല ക്ഷേത്ര ഭരണം ഭക്തരെ ഏല്പിക്കും. കേരളത്തിലെ ക്ഷേത്രഭരണവ്യവസ്ഥ പൊളിച്ചെഴുതും.

തിരുവനന്തപുരം : ശബരിമലക്കേസിൽ എൻ.എസ്.എസിന്റേതുൾപ്പെടെയുള്ള സംഘടനകളുടെ നിലപാടുകളുമായി ബി.ജെ.പിയുടെ നിലപാടുകൾക്ക് വൈരുദ്ധ്യമില്ലെന്ന് ബി.ജെ.പി നേതാവ് കുമ്മനം രാജശേഖരൻ.

നാമജപവുമായി ബന്ധപ്പെട്ട് കേസെടുക്കപ്പെട്ടവരിൽ ബി.ജെ.പിക്കാർക്കൊപ്പം എൻ.എസ്.എസ് ഉൾപ്പെടെയുള്ള സംഘടനകളിലെ വിശ്വാസികളുണ്ടായിരുന്നുവെന്നും അത്തരത്തിലുള്ളവർക്കു മുന്നിൽ ശബരിമലനിയമനിർമ്മാണമെന്ന യു.ഡി.എഫ് വാഗ്ദാനം ബാലിശമാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.

കേരളത്തിലെ ക്ഷേത്രഭരണവ്യവസ്ഥ പൊളിച്ചെഴുതുമെന്നും ക്ഷേത്രഭരണം ഭക്തരെ ഏല്പിക്കുമെന്നും അത് എൻ.ഡി.എ.പ്രകടനപത്രികയിലുണ്ടാകുമെന്നും മാനിഫെസ്‌റ്റോ ചെയർമാൻ കൂടിയായ കുമ്മനം പറഞ്ഞു.
എൻ.എസ്.എസിന്റെ ശബരിമല വിഷയത്തോടുള്ള നിലപാട് അങ്ങേയറ്റം സ്വാഗതാർഹമാണ്. ബി.ജെ.പിയും എൻ.എസ്.എസും കേസ് പിൻവലിക്കണമെന്നാണാവശ്യപ്പെടുന്നത്. ഇക്കാര്യത്തിൽ ആരു പറയുന്നുവെന്നതല്ല, എന്തുപറയുന്നുവെന്നതാണ് പ്രധാനം

1950 മുതൽ ശബരിമലക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ രാഷ്ട്രീയരംഗത്ത് ചർച്ചാവിഷയമാണ്. അന്ന് മന്നത്തുപദ്മനാഭനും ആർ. ശങ്കറും ഒറ്റക്കെട്ടായാണ് രംഗത്തുവന്നത്. ചരിത്രത്തിന്റെ ഏടുകളിൽ വളരെയേറെ ശ്രദ്ധിക്കപ്പെട്ട ആ കാര്യങ്ങളുടെ തുടർച്ചയാണ് ശബരിമലയെ തകർക്കാനുള്ള ശ്രമങ്ങൾക്കെതിരെ ഇപ്പോഴുള്ള പ്രതിരോധമെന്നും കുമ്മനം പറഞ്ഞു.

നിലവിലുള്ള ക്ഷേത്ര ഭരണവ്യവസ്ഥ പൊളിച്ചെഴുതണം. കാലഹരണപ്പെട്ട ഈ നിയമങ്ങൾ ഹിന്ദുഭക്തജനവിരുദ്ധമാണ്. അത് മുഴുവൻ ഉപേക്ഷിച്ച് പുതിയ ഭരണവ്യവസ്ഥിതിയുണ്ടാക്കണം. ഭക്തജനങ്ങൾക്ക് പ്രാതിനിധ്യം കൊടുത്താവണം ആ ഭരണം.

ശബരിമല ദേവസ്വം ബോർഡിന്റെ 1,300 ക്ഷേത്രങ്ങളിൽ ഒരെണ്ണം മാത്രമാണ്. ആ ഒരെണ്ണത്തിനുവേണ്ടി മാത്രമാണ് പ്രത്യേകനിയമമുണ്ടാക്കണമെന്ന് പറയുന്നത്. അതു തന്നെ ബാലിശമാണ്. ക്രിസ്ത്യാനികൾക്കും മുസ്ലീങ്ങൾക്കും അവരുടെ ആരാധനാലയങ്ങൾ ഭരണിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ക്ഷേത്രങ്ങൾ മാത്രം എന്തിനാണ് സർക്കാർ കൈയ്യടക്കിവെച്ചിരിക്കുന്നത്. ഈ ചോദ്യത്തിനുത്തരം നല്കാൻ എൽ.ഡി.എഫും യു.ഡി.എഫും ബാധ്യസ്ഥമാണ്.- കുമ്മനം പറഞ്ഞു.

 

 

 

 

shortlink

Post Your Comments


Back to top button