Latest NewsKerala

സിപിഎം പറഞ്ഞവരെ നിയമിച്ചില്ല: പോളിടെക്‌നിക് പ്രിന്‍സിപ്പലിന്റെ കയ്യും കാലും വെട്ടുമെന്ന് ഭീഷണി

കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നു ലഭ്യമായ ലിസ്റ്റ് പ്രകാരം കഴിഞ്ഞദിവസം ഇന്റര്‍വ്യൂ നടത്തി നാലു പേരെ നിയമിച്ചു.

നെടുങ്കണ്ടം: കോളേജിലെ ശുചീകരണ തൊഴിലാളികളുടെ താല്‍ക്കാലിക നിയമനത്തില്‍ സിപിഎം നിര്‍ദ്ദേശം അവഗണിച്ച പോളിടെക്‌നിക്  കോളജ് പ്രിന്‍സിപ്പലിനെതിരെ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളുടെ ഭീഷണി. സിപിഎം നല്‍കിയ ലിസ്റ്റ് അവഗണിച്ച്‌ മറ്റൊരു ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തിയതിന് പിന്നാലെ പ്രിന്‍സിപ്പലിന്റെ കയ്യും കാലും വെട്ടുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയെന്നാണു പരാതി.

മഞ്ഞപ്പെട്ടി ഗവ. പോളിടെക്‌നിക് കോളജ് പ്രിന്‍സിപ്പല്‍ റെജികുമാറിനാണ് സിപിഎം നേതാക്കളുടെ ഭീഷണിയുള്ളത്. ഫോണിലൂടെ ഭീഷണി വന്നതിന് പിന്നാലെ പേടിച്ചരണ്ട പ്രിന്‍സിപ്പല്‍ സ്ഥലംമാറ്റത്തിനു ശ്രമിക്കുകയാണ്. തുടര്‍ന്ന് സിപിഎം പ്രാദേശിക നേതൃത്വത്തിന്റെ വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച്‌ പ്രിന്‍സിപ്പല്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കി. പ്രിന്‍സിപ്പലും കോളജിലെ സ്റ്റാഫ് ക്ലബ്ബും ഇടുക്കി ജില്ലാ പൊലീസ് മേധാവിക്കും നെടുങ്കണ്ടം പൊലീസിനും പരാതി നല്‍കി.

താല്‍ക്കാലിക ശുചീകരണ തൊഴിലാളികളുടെ നാല് ഒഴിവിലേക്ക് സിപിഎം പ്രാദേശിക നേതൃത്വം ശുപാര്‍ശ ചെയ്തവരെ നിയമിക്കാത്തതിന്റെ പേരില്‍ വധഭീഷണിയുണ്ടെന്ന് ആരോപിച്ചാണ് പ്രിന്‍സിപ്പല്‍ ജില്ലാ പൊലീസ് മേധാവിക്കു പരാതി നല്‍കിയത്. സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് ജീവനക്കാരെ നിയമിക്കാന്‍ തീരുമാനിച്ചത്. കുടുംബശ്രീ യൂണിറ്റുകളില്‍ നിന്നു ലഭ്യമായ ലിസ്റ്റ് പ്രകാരം കഴിഞ്ഞദിവസം ഇന്റര്‍വ്യൂ നടത്തി നാലു പേരെ നിയമിച്ചു. ഇന്റര്‍വ്യൂവിനു ശേഷം പ്രിന്‍സിപ്പല്‍ കോട്ടയത്തെ വീട്ടിലേക്കു പോകുകയും ചെയ്തു.

47 പേരാണ് അപേക്ഷ നല്‍കിയിരുന്നത്. ഇതില്‍ ചിലരെ നിയമിക്കണമെന്ന് പ്രാദേശിക സിപിഎം നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് നടപ്പാക്കിയില്ല. ഇതോടെ തങ്ങള്‍ പറഞ്ഞവരെ എന്തുകൊണ്ട് നിയമിച്ചില്ല എന്ന് ആക്രോശിച്ച്‌ വധഭീഷണി മുഴക്കിയെന്നും ഇനി മഞ്ഞപ്പെട്ടിയിലേക്കു വന്നാല്‍ കാലും കയ്യും വെട്ടുമെന്ന് പറഞ്ഞെന്നും പ്രിന്‍സിപ്പല്‍ റെജി കുമാര്‍ ആരോപിക്കുന്നു. അതേസമയം, സിപിഎം നേതൃത്വം ആരോപണം നിഷേധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button