
തിരുവനന്തപുരം : പി.എസ്.സി റാങ്കുപട്ടികയിലുള്ളവരുടെ സമരം ഒത്തുതീർപ്പാക്കുന്നതിന്റെ ഭാഗമായി ഈ വർഷം അവസാനം വരെ പ്രതീക്ഷിക്കുന്ന ഒഴിവുകൾ സർക്കാർ ശേഖരിച്ചു. ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ സർക്കാർ സർവ്വീസിലെ ഒഴിവുകൾ നികത്തുന്നത് സംബന്ധിച്ച് ചർച്ചയുണ്ടായേക്കും.
ഇക്കൊല്ലം വിവിധ വകുപ്പുകളിൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ എത്രത്തോളം പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യാനാകുമെന്നാണ് പരിശോധിക്കുന്നത്. ഉദ്യോഗസ്ഥഭരണപരിഷ്‌കാരവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് എല്ലാവകുപ്പുമേധാവികൾക്കും ഇത് സംബന്ധിച്ച കത്തയച്ച് വിവരം ശേഖരിച്ചത്.
വിവിധ വകുപ്പുകളിൽ 2021-ൽ പ്രതീക്ഷിക്കുന്ന ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് ചെയ്യണമെന്ന് സെപ്റ്റംബറിൽ എല്ലാവകുപ്പുമേധാവികൾക്കും സർക്കാർ നിർദ്ദേശം നല്കിയിരുന്നു. ഇത് എത്രപേർ പാലിച്ചുവെന്നും എത്ര ഒഴിവ് റിപ്പോർട്ട് ചെയ്തുവെന്നും അറിയുകയാണ് ഉദ്ദേശ്യം. ചൊവ്വാഴ്ച തന്നെ വകുപ്പുമേധാവികൾ തങ്ങളുടെ വകുപ്പിൽ നിന്ന് റിപ്പോർട്ട് ചെയ്ത ഒഴിവുകളുടെ കണക്ക് നല്കിയിട്ടുണ്ട്.
അതേസമയം, സെക്രട്ടറിയേറ്റിൽ തുടരുന്ന അനധികൃത നിയമനത്തിനെതിരെയുള്ള സമരം ഒരു മാസം പൂർത്തിയായി. ഒരു മാസമായി തുടരുന്ന സമരത്തിന്റെ അവസാനം സർക്കാർ ഒഴിവുകൾ സംബന്ധിച്ച കാര്യത്തിൽ പിടിവാശി ഉപേക്ഷിച്ചെങ്കിലും ഒഴിവുകളിൽ നിയമനമാകാമെന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമായിട്ടില്ല. കൂടാതെ, പി.എസ്.സി വഴി പിൻവാതിലിലൂടെ നല്കിയ നിയമനം റദ്ദാക്കേണ്ട കാര്യത്തിലും സർക്കാർ തിരുമാനം സമരക്കാർ പ്രതീക്ഷിക്കുന്നുണ്ട് . ഈ നിലയിൽ ധാരണയാകുന്ന പക്ഷമാണ് ഒരുമാസമായി ഒട്ടേറെ വകുപ്പു തസ്തികകളിൽ നിയമനം പ്രതീക്ഷിക്കുന്ന ഉദ്യോഗാർഥികളുടെ സമരം അവസാനിപ്പിക്കാനാവർ തയ്യാറാവു.
Post Your Comments