KeralaLatest News

20ലധികം ഗുഡ് സര്‍വ്വീസ് എന്‍ട്രി സര്‍ട്ടിഫിക്കറ്റ് ലഭിച്ച പൊലീസ് ഉദ്യോഗസ്ഥനെ സസ്പെന്റ്ചെയ്ത് കൊച്ചി ഡി.സി.പി.

ഫെബ്രുവരി 17നാണ് കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ ചായയും ബിസ്‌ക്കറ്റും ബ്രഡ്ഡും നല്‍കുന്ന സംവിധാനം നടപ്പിലാക്കിയത്.

കൊച്ചി.പോലീസ് സ്റ്റേഷനില്‍ കോഫീ വെന്‍ഡിംഗ് മെഷീന്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്ത പൊലീസുകാരനെ ഡിസിപി സസ്പെന്‍ഡ്‌ ചെയ്തു. കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ സിവില്‍ പൊലീസ് ഓഫീസര്‍ പി.എസ് രഘുവിനെയാണ് കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്‌റെ സസ്പെന്റ് ചെയ്തത്. മേലുദ്യോഗസ്ഥരെ അറിയിക്കാതെ ഉദ്ഘാടനം നടത്തിയതിനും മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കിയതിനുമാണ് സസ്പെന്‍ഷനെന്നാണ് ഉത്തരവില്‍ പറയുന്നത്.

‘ഉത്തരവാദിത്വമുള്ള ചുമതല പൊലീസ് സ്റ്റേഷനില്‍ ഉണ്ടായിരുന്നിട്ടും അത് ചെയ്യാതെയും മേലുദ്യോഗസ്ഥരെ അറിയിക്കാതെയും ആയിരുന്നു കോഫീ വെന്‍ഡിംഗ് മെഷീന്റെ ഉദ്ഘാടനം നടത്തിയത്. മാധ്യമങ്ങളുമായി വിവരങ്ങള്‍ പങ്കുവെയ്ക്കുകയും ചെയ്തു. ഇതിനൊന്നും അനുമതിയും വാങ്ങിയിരുന്നില്ലെന്ന്’ ഉത്തരവില്‍ പറയുന്നു.

സ്പെഷ്യല്‍ ബ്രാഞ്ച് ഇതു സംബന്ധിച്ച്‌ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് നടപടി. അതേ സമയം ഉദ്ഘാടനത്തിനു ഡിസിപി യെ ക്ഷണിക്കാതിരുന്നതിനാലാണ് സസ്‌പെന്‍ഷന്‍ എന്നാണ് പൊലീസുകാരുടെ സംസാരം. സംസ്ഥാനത്ത് ആദ്യമായി ഒരു പൊലീസ് സ്റ്റേഷൻ കൂടുതൽ ജനസൗഹൃദമാക്കാൻ സ്റ്റേഷനിൽ എത്തുന്നവർക്ക് ചായയും ബിസ്കറ്റും തണുത്ത വെള്ളവും നൽകുന്ന പദ്ധതി നടപ്പാക്കിയതിന് ഉയർന്ന ഉദ്യോഗസ്ഥരിൽ നിന്നുൾപ്പെടെ അഭിനന്ദനങ്ങൾ ലഭിച്ചിരുന്നു.

തൊട്ടു പിന്നാലെ ഉച്ചയോടെയെത്തിയ സസ്പെൻഷൻ ഓർഡർ പൊലീസുകാരെ ഞെട്ടിച്ചിട്ടുണ്ട്. സ്വന്തം പോക്കറ്റിൽനിന്നും സഹപ്രവർത്തകരിൽനിന്നും പണം കണ്ടെത്തിയായിരുന്നു രഘു പദ്ധതി നടപ്പാക്കിയത്.മേലുദ്യോഗസ്ഥരെ വിവരം അറിയിക്കുകയും ചെയ്തിരുന്നതായാണു വിവരം. പൊലീസ് പൊതുജനങ്ങളുമായി സൗഹൃദത്തിലാകണമെന്ന ഡിജിപി ലോക്നാഥ് ബെഹ്റയുടെ നിർദേശം പാലിക്കുക കൂടിയാണ്
ചെയ്തതെന്നാണ് ഇക്കാര്യത്തിൽ പൊലീസ് നിലപാട്.

സ്റ്റേഷനില്‍ പരാതിയുമായി എത്തുന്നവര്‍ക്ക് വേണ്ടിയായിരുന്നു സൗകര്യങ്ങള്‍ സ്ഥാപിച്ചത്. ഫെബ്രുവരി 17നാണ് കളമശ്ശേരി പൊലീസ് സ്റ്റേഷനില്‍ ചായയും ബിസ്‌ക്കറ്റും ബ്രഡ്ഡും നല്‍കുന്ന സംവിധാനം നടപ്പിലാക്കിയത്. വലിയ ചടങ്ങായി ഉദ്ഘാടനം നടത്താതെ അന്നേ ദിവസം സംവിധാനം പ്രവര്‍ത്തന സജ്ജമാക്കുകയായിരുന്നു. വിവരമറിഞ്ഞെത്തിയ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്ത നല്‍കിയതോടെ സംസ്ഥാനമൊട്ടാകെ കളമശ്ശേരി പൊലീസിനെ അഭിനന്ദിച്ചു. ഡി.ജി.പി ഓഫീസില്‍ നിന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണറേറ്റില്‍ അഭിനന്ദന സന്ദേശം എത്തി. ഇതിനിടയിലാണ് പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്‍ഷന്‍ ലഭിച്ചത്.

നിരവധി സത്പ്രവൃത്തികള്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥനെ നിസ്സാര കാര്യത്തിന് സസ്പെന്റ് ചെയ്തതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. കൊച്ചി ഡിസിപി ഐശ്വര്യ ഡോങറെ ഇതാദ്യമായല്ല വിവാദങ്ങളിൽപ്പെടുന്നത് . നേരത്തെ ഒരു പൊലീസ് സ്റ്റേഷന്‍ സന്ദര്‍ശിച്ചപ്പോള്‍ തന്നെ തിരിച്ചറിയാതിരുന്ന വനിതാ പോലീസുകാരിക്കെതിരെയും ഇവര്‍ നടപടി എടുത്തിരുന്നു. ഇതിനെ ന്യായീകരിച്ച ഐശ്വര്യയുടെ നടപടി വീണ്ടും വിവാദമായി. ഇതിനെത്തുടര്‍ന്ന് കമ്മീഷണര്‍ താക്കീതു ചെയ്തിരുന്നു.

 

 

shortlink

Post Your Comments


Back to top button