KeralaLatest News

ബിന്ദു അമ്മിണിയുടേയും കനകദുർഗ്ഗയുടേയും സുരക്ഷ; ഒരു വിവരവും കയ്യിലില്ലെന്ന് ആഭ്യന്തര വകുപ്പ്

ഇവർക്ക് സുരക്ഷയൊരുക്കിയതിനെ കുറിച്ച് ഒന്നുമറിയില്ലെന്നും സുരക്ഷയ്ക്കായി എത്ര തുക ചിലവാക്കുന്നെന്നും അറിയില്ലെന്നാണ് മറുപടി.

ശബരിമലയിൽ ആചാര ലംഘനം നടത്തിയ ബിന്ദു അമ്മിണിക്കും കനകദുർഗ്ഗക്കും പോലീസ് സുരക്ഷയൊരുക്കുന്നതിനെ കുറിച്ച് യാതൊരു വിവരവും അറിയില്ലെന്ന് ആഭ്യന്തരവകുപ്പിന്റെ രേഖാമൂലമുള്ള മറുപടി. വിവരാവകാശ നിയമപ്രകാരമാണ് മറുപടി നൽകിയിരിക്കുന്നത്. ഇവർക്ക് സുരക്ഷയൊരുക്കിയതിനെ കുറിച്ച് ഒന്നുമറിയില്ലെന്നും സുരക്ഷയ്ക്കായി എത്ര തുക ചിലവാക്കുന്നെന്നും അറിയില്ലെന്നാണ് മറുപടി.

2019 ജനുവരിയിൽ ശബരിമലയിൽ ആചാര ലംഘനം നടത്തിയ ബിന്ദു അമ്മിണിക്കും കനകദുർഗ്ഗക്കും എതിരെ പ്രതിഷേധം ശക്തമായതോടെ സംസ്ഥാന പോലീസ് സുരക്ഷ ഒരുക്കിയിരുന്നു. എന്നാൽ ഇതിനെ കുറിച്ച് ആഭ്യന്തര വകുപ്പിനോ പോലീസ് ആസ്ഥാനത്തിനോ ഒന്നും അറിയില്ലെന്നാണ് വിചിത്ര മറുപടി. ഈ സുരക്ഷയ്ക്ക് എത്ര തുകയാണ് ഖജനാവിൽ നിന്ന് ചിലവായതെന്നുള്ള വിവരത്തിനും അറിയില്ല എന്നാണ് മറുപടി.

അതേസമയം തനിക്ക് സുരക്ഷ ഒരുക്കുന്നതിൽ പോലീസിനുണ്ടായ പാളിച്ചയെ കുറിച്ച് ബിന്ദു അമ്മിണി പരസ്യമായി ഫേസ്‌ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. തന്റെ കൂടെ നടക്കാൻ പോലീസുകാർക്ക് നാണക്കേടുള്ളതുപോലെയാണ് അവരുടെ പെരുമാറ്റം എന്നും ബിന്ദു ആരോപിച്ചിരുന്നു.

പോസ്റ്റിന്റെ പൂർണ്ണരൂപം:

എനിക്ക് കേരള പോലീസ് നൽകിയിരിക്കുന്ന പ്രൊട്ടക്ഷൻ വളരെ രസകരമാണ്. എന്നെ പോലെ ഒരാൾക്ക്‌ പ്രൊട്ടക്ഷൻ നൽകാൻ മടിക്കുന്ന വർക്കൊപ്പം പത്തു ചുവടെങ്കിലും വിട്ടുനടക്കുക. എന്റെ ജീവിതം എന്നത് ഒരു ഓട്ടപ്പാച്ചിലാണ് അതിനിടയിൽ തങ്ങിനിൽക്കാൻ സമയംകിട്ടാറില്ല. ഷെഡ്യൂൾ ചെയ്ത സമയപ്രകാരവും അല്ലാതെയും ഓടിക്കൊണ്ടേ ഇരിക്കുന്നു.

ഈ ഓട്ടത്തിന് വല്ല കാര്യവും ഉണ്ടോ എന്നത് വേറെ കാര്യം. വീടും കോളേജും പരിസരങ്ങളും ഒപ്പം വരാൻ മടിയോടെ ആണെങ്കിലും ഡ്യൂട്ടി ആയിപ്പോയത് കൊണ്ട് വരേണ്ടിവരുന്നവർ. അതും ഒഴിവാക്കി കിട്ടാൻ കിണഞ്ഞു ശ്രമിക്കുന്നവർ കുറവല്ല. ബിന്ദു അമ്മിണിക്കൊപ്പം ആണ് ഡ്യൂട്ടി എന്നറിഞ്ഞാൽ കരഞ്ഞു വിളിക്കുന്നവരെ ക്കുറിച്ചറിയുമ്പോൾ ഞാൻ ചിന്തിക്കാറുണ്ട് അത്രമാത്രം ഭീകര കഥാപാത്രം ആണോ ഞാനെന്നു.

എന്തായാലും ഒന്നെനിക്കുറപ്പാണ് ഞാൻ ആക്രമിക്കപ്പെട്ടാൽ അത് തടയാൻ ഉള്ളദൂരത്തല്ല പോലീസ് നിൽക്കുന്നതെന്നത്. അതുകൊണ്ട് തന്നെ ഞാൻ തന്നെ എന്നെ സംരക്ഷിക്കേണ്ടതുണ്ട് എന്ന് പൂർണ ബോധ്യം ഉണ്ട്. ഞാൻ അവരെ ആണോ അതോ അവർ എന്നെ ആണോ നോക്കേണ്ടത് എന്നത് ഒരു ഗൗരവകരമായ ചോദ്യമായവശേഷിക്കുന്നു.

ദളിത്, സ്ത്രീ, അതും കറുത്തത്, സാധാരണക്കാരി, സാധാരണ സൗന്ദര്യ സങ്കൽപ്പങ്ങളിൽ വരാത്തവൾ ഇങ്ങനെ ഒക്കെ ഉളവർക്ക് പോലീസ് സംരക്ഷണം കൊടുത്തത് ശരിയാണോ. നല്ല വീട്, വാഹനം, പരിചാരകർ, പിന്നെ ആവശ്യത്തിന് കാശും അധികാരവും ഇങ്ങനെ ഉള്ളവർക്കു സംരക്ഷണം കൊടുക്കുന്നത് പോലെ ആണോ. സാധാരണക്കാരുടെ ജീവന് വിലകൊടുക്കുന്നത്. വേണേൽ ആക്രമിക്കപ്പെട്ടാൽ അതിനു ശേഷം പോലീസ് സാധാരണ ചെയ്യുന്ന നടപടികൾ കൈക്കൊള്ളാം.

NB: ഇങ്ങനെ അല്ലാതെ വളരെ സൗഹാർദ്ദത്തോടെ പ്രൊട്ടക്ഷൻ തരുന്ന അപൂർവ്വം ചിലർ ഇല്ലാതില്ല. അവരെ സ്മരിച്ചു കൊണ്ട് തന്നെ ഈ കുറിപ്പ് എഴുതട്ടെ.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button