Latest NewsNewsIndia

പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയ്ക്കെതിരെ കുരുക്കു മുറുകുന്നു, തെളിവായി സിസിടിവി ദൃശ്യങ്ങള്‍

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസെയ്‌ക്കെതിരെ  കുരുക്കു മുറുകുന്നു. ഫെബ്രുവരി 17ന് സച്ചിന്‍ വാസെ, സ്‌ഫോടകവസ്തുക്കള്‍ നിറച്ച വാഹനത്തിന്റെ ഉടമയെന്ന് പറയപ്പെടുന്ന പിന്നീട് മരിച്ചനിലയില്‍ കാണപ്പെട്ട മന്‍സുക് ഹിരണുമായി കൂടിക്കാഴ്ച നടത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ കണ്ടെത്തി.

ആഡംബര കാറിനുള്ളില്‍ വച്ച് പത്തുമിനിട്ടോളം ഇരുവരും സംസാരിച്ചിരുന്നു. ദക്ഷിണ മുംബൈയില്‍ നിന്ന് ഓല കാറിലാണ് ഹിരണ്‍ എത്തിയത്. മുലുന്ദ്-എയ്‌റോളി റോഡില്‍വച്ച് തന്റെ വാഹനത്തിനു തകരാറ് സംഭവിച്ചതുകൊണ്ടാണ് ‘ഒലെ’ കാബില്‍ എത്തിയതെന്നാണ് ഹിരണ്‍ അറിയിച്ചത്. മുംബൈ പൊലീസ് ആസ്ഥാനത്തുനിന്ന് തന്റെ ആഡംബരകാറിലാണ് വാസെ പുറപ്പെട്ടത്.

സിഎസ്എംടിക്കു പുറത്ത് ട്രാഫിക് സിഗ്നലില്‍ പച്ച തെളിഞ്ഞിട്ടും വാസെ പോകാതെ കിടക്കുന്നത് ദൃശ്യങ്ങളിലുണ്ട്. തുടര്‍ന്ന് വാസെ പാര്‍കിംഗ് ലൈറ്റ് ഓണ്‍ ചെയ്തു. ഇതിനിടയില്‍ റോഡ് മുറിച്ചെത്തിയ ഹിരണ്‍, വാസെയുടെ കാറില്‍ കയറി. തുടര്‍ന്ന് ജിപിഒയ്ക്ക് എതിര്‍വശത്താണ് കാര്‍ എത്തിയത്. പത്തു മിനിറ്റിന് ശേഷം ഹിരണ്‍ ഇറങ്ങി. തുടര്‍ന്ന് കാര്‍ പൊലീസ് ആസ്ഥാനത്ത് മടങ്ങിയെത്തുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്.

യാത്രയ്ക്കിടയില്‍ ഹിരണിന് അഞ്ചു തവണ ഫോണ്‍ വന്നിരുന്നതായി ‘ഒലെ’
കാര്‍ ഡ്രൈവര്‍ പൊലീസിനു മൊഴി നല്‍കി. ആദ്യം പൊലീസ് ആസ്ഥാനത്തിനു മുന്നിലുള്ള ഷോറൂമില്‍ കാണാനാണ് വാസെ പറഞ്ഞിരുന്നത്. പിന്നീട് സ്ഥലം മാറ്റുകയായിരുന്നു.

അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് എന്‍ഐഎ രണ്ട് ആഡംബര വാഹനങ്ങള്‍ കൂടി കണ്ടെത്തി. ഇതില്‍ ഒരെണ്ണം ശിവസേനാ പ്രവര്‍ത്തകനായ വിജയ്കുമാര്‍ ഗണ്‍പത് ഭോസ്ലെയുടെ പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ഫെബ്രുവരി 25നാണ് മുകേഷ് അംബാനിയുടെ വീടിനു സമീപം സ്‌ഫോടകവസ്തുക്കള്‍ നിറച്ച കാര്‍ കണ്ടെത്തിയത്. ഈ കാര്‍ കൈവശം വച്ചിരുന്ന മന്‍സുക് ഹിരണിനെ ഈ മാസം അഞ്ചിന് താനെ കടലിടുക്കില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button