Latest NewsKeralaNews

രാഷ്ട്രീയ നേതാക്കള്‍ ഹെലികോപ്റ്റര്‍ ഉപയോ​ഗിച്ച്‌ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെതിരെ ഹരീഷ് വാസുദേവന്‍

തിരുവനന്തപുരം: രാഷ്ട്രീയ നേതാക്കള്‍ ഹെലികോപ്റ്റര്‍ ഉപയോ​ഗിച്ച്‌ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനെ വിമ‌ര്‍ശിച്ച്‌ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഇത്തരം പ്രചാരണം ജനദ്രോഹമാണ്. കൂടുന്ന തിരഞ്ഞെടുപ്പ് ചെലവില്‍ നിന്നാണ് അഴിമതിയുടെ ആരംഭം എന്നത് ലളിതമായ സത്യമാണെന്നും വോട്ടര്‍ എന്ന നിലയില്‍ നിങ്ങള്‍ക്ക് അഴിമതിയെ എതിര്‍ക്കണമെങ്കില്‍ ചെലവേറിയ തിരഞ്ഞെടുപ്പ് പ്രചാരണത്തെ എതിര്‍ക്കണമെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം കാണാം :

ആ പണം എങ്ങനെ ഉണ്ടാകുന്നു?
പരിസ്ഥിതിയെ എങ്ങനെ ബാധിക്കുന്നു?
“ഏത് രാഷ്ട്രീയ നേതാവ് ഹെലികോപ്റ്റർ ഉപയോഗിച്ചാലും തനിക്കെന്താണ് പ്രശ്നം? തന്റെ കാശല്ലല്ലോ, പാർട്ടിയുടെ അല്ലേ”

ഇന്ന് whatsapp ൽ കിട്ടിയ ചോദ്യമാണ്. രാഷ്ട്രീയ നേതാക്കൾ ഹെലികോപ്റ്റർ ഉപയോഗിച്ച് നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചരണം ജനദ്രോഹമാണ് എന്ന അഭിപ്രായത്തിനു ഒരു ഗ്രൂപ്പിൽ കിട്ടിയ മറുപടി.

ശരിയാണ്, പാർട്ടിയുടെ പണമാണ്. പാർട്ടിക്ക് എങ്ങനെയാണ് പണമുണ്ടാകുന്നത്? സാധാരണക്കാരന്റെ പിരിവ് പണമല്ല ഇത്. എന്നെയും നിങ്ങളെയും പോലെ ദിവസവും അധ്വാനിച്ചു ജീവിക്കുന്നവർക്ക് കൊടുക്കാൻ കഴിയുന്ന സംഭാവനകൾക്ക് പരിധിയുണ്ട്.
വൻകിട മുതലാളിമാർ നൽകുന്ന കോടികളിൽ നിന്നാണ് വലിയ ചെലവുകൾ നടത്തുന്നത്. അവർക്കെങ്ങനെയാണ് ഈ കോടികൾ ഉണ്ടാകുന്നത്? പല രൂപത്തിൽ ആകാം.

നിയമപരമായും അല്ലാതെയും ആകാം. ഒരു കാര്യം ഉറപ്പ്, സർക്കാരിന്റെ സഹായത്തോടെ മാത്രമേ ഒരാൾക്ക് അനുപാതരഹിതമായി പണം സമ്പാദിക്കാൻ കഴിയൂ. എങ്ങനെയെന്നോ?
“സാമൂഹികവും സാമ്പത്തികവുമായ നീതി” എന്ന ഭരണഘടനാ ആമുഖത്തിലെ വാചകം യാഥാർഥ്യമാക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ട്. പണക്കാരനും പാവപ്പെട്ടവനും തമ്മിലുള്ള അന്തരം കുറയ്ക്കാൻ നയങ്ങൾ നിർമ്മിക്കേണ്ട ബാധ്യത സർക്കാരിനുണ്ട്. എവിടെയാണോ പണം കുമിഞ്ഞു കൂടുന്നത്, അസന്തുലിതമായി വിഭവങ്ങൾ വീതംവെയ്ക്കപ്പെടുന്നത്, അത് നിയന്ത്രിക്കാനുള്ള നയങ്ങൾ അതത് സമയത്ത് കൊണ്ടുവരിക എന്നതാണ് സർക്കാരുകളുടെ ഭരണഘടനാ ഉത്തരവാദിത്തം.
അതായത് പണമുള്ളവനെ സർക്കാർ പിടിച്ചു പറിക്കണം എന്നല്ല, disproportionate accumulation of wealth and resources എവിടെയെങ്കിലും കണ്ടാൽ അത് നിരുത്സാഹപ്പെടുത്തുന്ന ഇടപെടൽ സർക്കാരിന് ഉണ്ടാകണമെന്ന്.

ഇത് നിർവ്വഹിക്കുന്നില്ല എന്നു മാത്രമല്ല, ആ വീഴ്ച വഴി പണം ചിലരിൽ ക്രമാതീതമായി കുമിഞ്ഞു കൂടുന്നു. അതും പോരാഞ്ഞ്, നിലവിലുള്ള മത്സരാധിഷ്ഠിത മാർക്കറ്റിനെ നിയന്ത്രിക്കുന്ന നിയമഭേദഗതികൾ കൊണ്ടുവന്നു ചങ്ങാത്ത മുതലാളിമാർക്ക് കൂടുതൽ ഇളവുകൾ നൽകുന്നു. അവരോട് മത്സരിക്കുന്ന മറ്റുള്ളവരെ തകർക്കുന്നു…
ഇതുവഴി ചിലർക്ക് ലഭിക്കുന്ന ക്രമാതീതമായ / അന്യായമായ നേട്ടത്തിന്റെ ഒരു പങ്കാണ് ഭരണകക്ഷി രാഷ്ട്രീയ പാർട്ടികൾക്ക് സഹായമായി വരുന്നത്. മിണ്ടാതിരുന്നാൽ പ്രതിപക്ഷത്തിന് ഒരു ചെറു പങ്കും.

ഭൂമി & വിഭവങ്ങൾ, തൊഴിലാളി, സാമ്പത്തിക മൂലധനം, സംരംഭകത്വം എന്നിവയാണ് ഏതൊരു അടിസ്ഥാന ഉത്പാദനത്തിനും പിന്നിൽ. തൊഴിലാളിയെയും capital നേയും ചൂഷണം ചെയ്യുന്നതിന് പരിധി ഉണ്ട്. സംരംഭകത്വത്തിനും പരിധിയുണ്ട്. അപരിമിത ചൂഷണം സാധ്യമാകുന്നത് ഭൂമിയേയും അതിന്റെ വിഭവങ്ങളേയുമാണ്. അതിനുള്ള ഏക തടസ്സം പരിസ്ഥിതി നിയമങ്ങളും മനുഷ്യരുമാണ്.

ഖനി ആകട്ടെ, തുറമുഖം ആകട്ടെ, വൻകിട കൃഷി ആകട്ടെ, വ്യാവസായിക ഉൽപ്പന്നങ്ങൾ ആകട്ടെ, അമിത ലാഭമെന്നാൽ ഭൂമിയെയോ വിഭവങ്ങളെയോ അമിതമായി ചൂഷണം ചെയ്യുന്നു എന്നു തന്നെയാണ് അർത്ഥം. ആവശ്യമായ മലിനീകരണ നിയന്ത്രണങ്ങൾ ഇല്ലാതെ പ്രവർത്തിച്ച്, ചുളുവിലയ്ക്ക് ഭൂമി സ്വന്തമാക്കി, വിഭവങ്ങൾക്ക് മേൽ ആധിപത്യം സ്ഥാപിച്ച് ഒക്കെ മാത്രമേ അതുണ്ടാക്കാനാകൂ. കോറൽ റീഫുകൾ തകർത്തും, മത്സ്യസമ്പത്ത് നശിപ്പിച്ചും, കണ്ടൽക്കാടുകൾ തകർത്തും ഖനികൾ വഴി ഭൂഗർഭ ജലം മലിനമാക്കിയും ഒക്കെയാണ് ലാഭം കൂട്ടുന്നത്.

മത്സ്യതൊഴിലാളിയെ ദ്രോഹിച്ച്, ആദിവാസികളെ ദ്രോഹിച്ച് വനഭൂമിയും കടലും നദിയും മറ്റും മറ്റും തകർത്ത് അദാനിമാരും അംബാനിമാരും, ഖനി മുതലാളിമാരും നേടുന്ന ക്രമാതീത സമ്പത്തിന്റെ പങ്ക് ഇല്ലാതെ എങ്ങനെ MLA മാരേയും MP മാരെയും വിലയ്ക്ക് എടുക്കാനും റിസോർട്ട് രാഷ്ട്രീയത്തിനും വോട്ടു കച്ചവടത്തിനും കോടികൾ കിട്ടുന്നു??

ഒരു കോടിരൂപ ഒരു രാഷ്ട്രീയ പാർട്ടിക്ക് ഹെലികോപ്റ്റർ വാടകയ്ക്കോ പരസ്യത്തിനോ നൽകുന്ന മുതലാളിക്ക് ഒറ്റ ലക്ഷ്യമേ ഉള്ളൂ. അധികാരത്തിൽ വരുമ്പോൾ ഇപ്പോഴുള്ള പരിസ്ഥിതി-തൊഴിലാളി നിയമങ്ങളിൽ കൂടുതൽ ഇളവ് ലഭിക്കണം. നയങ്ങൾ അവർക്കനുകൂലമായി മാറണം. ആ പണം ഒന്നിന് പത്തായി അവർ തിരിച്ചു പിടിക്കും.
കൂടുന്ന തെരഞ്ഞെടുപ്പ് ചെലവിൽ നിന്നാണ് അഴിമതിയുടെ ആരംഭം എന്നത് ലളിതമായ സത്യമാണ്. അതുകൊണ്ട് വോട്ടർ എന്ന നിലയിൽ നിങ്ങൾക്ക് അഴിമതിയെ എതിർക്കണമെങ്കിൽ, ചെലവേറിയ തെരഞ്ഞെടുപ്പ് പ്രചാരണത്തെ എതിർക്കണം.
രാഷ്ട്രീയ നേതാവിനെയും കൊണ്ട് ഓരോ ഹെലികോപ്റ്റർ പറക്കുമ്പോഴും, ഇനിയേത് നിയമമാണ് വെള്ളം ചേർക്കാൻ പോകുന്നത് എന്ന ചിന്തയാണ് എന്റെ മനസിൽ.

“മലിനമായ ജലാശയം
അതി മലിനമായൊരു ഭൂമിയും… “

https://www.facebook.com/harish.vasudevan.18/posts/10159257620962640?__cft__[0]=AZVuuJ1q8_GOVelYZe6wlouL5tBb2vqyBUaYeciZBFCr6ahkBMgYTqzkAAGj7Xf8HSNtybadIRgnscHv1pVhgKI8j-uGuvNE0GsDyQTycQdIOm-P9SkM2f-4bbzcf_nmPKg&__tn__=%2CO%2CP-R

 

shortlink

Related Articles

Post Your Comments

Related Articles


Back to top button