KeralaLatest NewsNews

തലശേരിയിൽ ബി.ജെ.പിക്ക് വിനയായത് ജാഗ്രതക്കുറവ് ?

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽ ബി.ജെ.പിക്ക് ഏറ്റവും കൂടുതൽ വോട്ട് കിട്ടിയ മണ്ഡലമാണ് തലശേരി. ബി.ജെ.പിക്ക് വേണ്ടി 2016 ൽ മത്സരിച്ച സജീവൻ 22,125 വോട്ടുകൾ നേടിയ ഇവിടെയാണ് ജില്ലാ പ്രസിഡന്റ് കൂടിയായ എൻ. ഹരിദാസിന്റെ പത്രിക തളളിയത്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഈ മാസം 25ന് മണ്ഡലത്തിൽ എത്താനിരിക്കെയാണ് പാർട്ടിക്ക് മത്സരരംഗത്ത് സ്ഥാനാർത്ഥി പോലും ഇല്ലാത്ത സ്ഥിതിവിശേഷമുണ്ടായിരിക്കുന്നത്. ജാഗ്രതകുറവാണ് തലശേരിയിൽ ബി.ജെ.പിക്ക് വിനയായത് എന്നാണ് വിമർശനം. ദേശീയ പാർട്ടിയുടെ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ ഫോം എയിൽ പാർട്ടി ദേശീയ അദ്ധ്യക്ഷന്റെ ഒപ്പും സീലും വേണം. എന്നാൽ എൻ. ഹരിദാസ് സമർപ്പിച്ച പത്രികയിൽ സീൽ മാത്രമേ ഉണ്ടായിരുന്നുളളൂ, ഒപ്പുണ്ടായിരുന്നില്ല.

ഡമ്മി സ്ഥാനാർത്ഥിയുടെ പത്രികയും ഇവിടെ തളളിയിട്ടുണ്ട്. പത്രിക തളളിയതുമായി ബന്ധപ്പെട്ട്, വരണാധികാരികൾ രാഷ്ട്രീയം കളിക്കുകയാണെന്നും നിയമ പോരാട്ടത്തിലേക്ക് കടക്കാനാണ് ബി.ജെ.പി തീരുമാനമെന്നും സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ വ്യക്തമാക്കി. ഇത്തവണ തലശേരിയിൽ വലിയ പ്രതീക്ഷയിലായിരുന്നു ബി.ജെ.പി. സബ് കളക്‌ടർ അനുകുമാരിക്ക് മുമ്പാകെ വെളളിയാഴ്ചയാണ് ഹരിദാസ് പത്രിക നൽകിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button