KeralaLatest NewsNews

അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന സര്‍ക്കാരിനെ വെള്ള പൂശാനുള്ള ശ്രമങ്ങളാണ് ഓരോ സര്‍വ്വേയും : രമേശ് ചെന്നിത്തല

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം സര്‍വ്വേകള്‍ നടന്നിട്ടുണ്ട്

തിരുവനന്തപുരം : അഴിമതിയില്‍ മുങ്ങിക്കുളിച്ച് നില്‍ക്കുന്ന സര്‍ക്കാരിനെ വെള്ള പൂശാനുള്ള ശ്രമങ്ങളാണ് ഓരോ അഭിപ്രായ സര്‍വ്വേയുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയില്‍ മുങ്ങിയ പിണറായി വിജയന്‍ സര്‍ക്കാരിനെ ജനം തെരഞ്ഞെടുപ്പില്‍ തൂത്തെറിയും. ഇത് ഇടതുപക്ഷത്തെ വിറളി പിടിപ്പിച്ചിട്ടുണ്ട്. ഇതിനെ മറികടക്കാനാണ് അഭിപ്രായ സര്‍വ്വേകളെന്നും ചെന്നിത്തല പറഞ്ഞു.

200 കോടി രൂപ പരസ്യം സര്‍ക്കാര്‍ നല്‍കിയതിന്റെ ഉപകാരസ്മരണ മാധ്യമങ്ങള്‍ ചെയ്യുന്നുണ്ട്. ഇത് മാധ്യമ ധര്‍മ്മമല്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്തും ഇത്തരം സര്‍വ്വേകള്‍ നടന്നിട്ടുണ്ട്. ഫലം വന്നപ്പോള്‍ എന്താണ് ഉണ്ടായത്. ഫലം വന്നപ്പോള്‍ സര്‍വ്വേ നടത്തിയവരെ കാണാന്‍ ഇല്ലായിരുന്നു. യുഡിഎഫിന് ഈ സര്‍വ്വേകളില്‍ വിശ്വാസം ഇല്ല. സര്‍വ്വേ ഫലങ്ങള്‍ തിരസ്‌കരിക്കുന്നു. ജനങ്ങളുടെ തെരഞ്ഞെടുപ്പില്‍ മാത്രമാണ് യുഡിഎഫ് വിശ്വസിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

സര്‍ക്കാരിനെ നിരന്തരം ആക്രമിക്കുന്ന പ്രതിപക്ഷ നേതാവിനെ എങ്ങനെ തകര്‍ക്കാമെന്നാണ് ആലോചിക്കുന്നത്. തകര്‍ക്കാന്‍ സിപിഎമ്മിനോ ഭരണകക്ഷിക്കോ കഴിയാത്തത് കൊണ്ട് അഭിപ്രായ സര്‍വ്വേകളെ കൂട്ടു പിടിയ്ക്കുന്നു. ഇപ്പോള്‍ വന്ന സര്‍വ്വേകളും ഇനി വരാനിരിക്കുന്ന സര്‍വ്വേകളും ഇത് തന്നെയാണ് ചെയ്യുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷത്തിന് ലഭിക്കേണ്ട ന്യായമായ ഒരു പരിഗണനയും കിട്ടുന്നില്ലെന്ന് മാത്രമല്ല, താറടിച്ച് കാണിക്കാനും ആസൂത്രിത നീക്കം നടക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button