KeralaLatest NewsIndiaNews

ആഴക്കടൽ മത്സ്യബന്ധന വിവാദം : കമ്പനിയുമായി ധാരണാപത്രത്തിൽ ഒപ്പിട്ടത് സംബന്ധിച്ചുള്ള വാട്‌സ്ആപ്പ് ചാറ്റുകൾ പുറത്ത്

കൊച്ചി : ആഴക്കടൽ മത്സ്യബന്ധന കരാറിൽ മുഖ്യമന്ത്രിയുടെ ഓഫീസ് നടത്തിയ നീക്കങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത്. അമേരിക്കൻ കമ്പനിയായ ഇഎംസിസിയുമായി സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടത് സംബന്ധിച്ചുള്ള വാട്‌സ്ആപ്പ് ചാറ്റുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.

Read Also : കൊല്ലത്ത് പ്ലസ് ടു വിദ്യാർഥിനിയെ വഴിയിൽ തടഞ്ഞ് നിർത്തി പീഡിപ്പിക്കാൻ ശ്രമം ; യുവാവ് അറസ്റ്റിൽ

മുഖ്യമന്ത്രിയുടെ അഡീഷനൽ പ്രൈവറ്റ് സെക്രട്ടറി മേജർ ദിനേശ് ഭാസ്‌കരൻ, അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസ് എന്നിവരുടെ അറിവോടെയാണ് കരാർ ഒപ്പിട്ടതെന്ന് ചാറ്റിൽ വ്യക്തമാകുന്നു. കേരള ഷിപ്പിങ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷൻ (കെഎസ്‌ഐഎൻസി) എംഡി എൻ. പ്രശാന്ത് നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളാണ് പുറത്തുവന്നിരിക്കുന്നത്. എൻ പ്രശാന്ത് മേജർ ദിനേശ് ഭാസ്‌കരനോട് നടത്തുന്ന ചാറ്റുകളാണിത്.

നമുക്ക് സിംഗപൂരിൽ നിന്നും സഹകരണം ലഭിച്ചേക്കാമെന്നും തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുൻപ് കാര്യങ്ങൾ അവതരിപ്പിക്കാമെന്നും പ്രശാന്ത് പറയുന്നു. തുടർന്ന് ഫെബ്രുവരി 1ന് യുഎസ് കമ്പനിയുമായി ധാരണാപത്രം ഒപ്പിടാനും വലിയ വർക്ക് ലഭിക്കാനും സാധ്യതയുണ്ടെന്ന് പ്രശാന്ത് പറഞ്ഞു. 1250 കോടി രൂപയുടെ വർക്ക് ആണ് ആദ്യഘട്ടത്തിൽ. ഫിഷറീസിലും ട്രോളറുകളിലുമാണു ഊന്നൽ. ഇതൊരു വലിയ കരാർ ആയതിനാൽ, സംഗതി നടപ്പായാൽ മുഖ്യമന്ത്രിയെ അപ്‌ഡേറ്റ് ചെയ്യണേ എന്നാണ് പ്രശാന്ത് മേജർ ദിനേശ് ഭാസ്‌കരനോട് പറയുന്നത്. ഇതിന് ചെയ്‌തോളാം സർ എന്നായിരുന്നു മേജർ ദിനേശിന്റെ മറുപടി.

തുടർന്ന് ഫെബ്രുവരി രണ്ടാം തീയ്യതി 12 മണിക്ക് ധാരണാപത്രം ഒപ്പിടും എന്നാണ് പ്രശാന്ത് പറയുന്നത്. വിശദാംശങ്ങളും വാർത്തക്കുറിപ്പും അയയ്ക്കാം. ‘അസെൻഡ്’ സംഗമം വഴിയെത്തിയവരാണ്. 100 കോടി രൂപ നിക്ഷേപിക്കാമെന്നാണ് അന്ന് സമ്മതിച്ചത്. ഇപ്പോൾ, കെഎസ്‌ഐഎൻസി വഴി 1250 കോടിയായി. തുടർന്ന് അടുത്ത ദിവസം 2950 കോടി രൂപയുടെ ധാരണാപത്രം ഒപ്പിട്ടതിന്റെ പത്രവാർത്ത, മേജർ ദിനേശ് ഭാസ്‌കരന് എൻ. പ്രശാന്ത് ഫോർവേഡ് ചെയ്തു.

പിന്നീടുള്ളത് അഡീഷനൽ ചീഫ് സെക്രട്ടറി ടി.കെ. ജോസുമായുള്ള ചാറ്റുകളാണ്. യുഎസ് കമ്പനിയായ ഇഎംസിസിയുമായി 2950 കോടി രൂപയുടെ ധാരണാപത്രവും വർക്ക് ഓർഡറും കെഎസ്‌ഐഎൻസിക്ക് വേണ്ടി ഇന്ന് ഒപ്പിട്ടു എന്നാണ് പ്രശാന്ത് പറയുന്നത്. വളരെ നന്നായി, നല്ല പ്രചാരണം നൽകുമല്ലോ എന്ന് ടി.കെ. ജോസ് മറുപടി നൽകി.

shortlink

Related Articles

Post Your Comments

Related Articles


Back to top button