KeralaLatest NewsNews

വി.ടി ബല്‍റാം പഠിക്കാത്ത ബിരുദങ്ങളില്ല, യുവ നേതാവിനുള്ള നല്ല ഗുണങ്ങളെ കുറിച്ച് മുരളി തുമ്മാരുകുടിയുടെ കുറിപ്പ്

 

കൊച്ചി: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഏറ്റവും ശക്തമായ മത്സരം കാഴ്ച വെയ്ക്കുന്ന മണ്ഡലമാണ് തൃത്താല. ഇവിടെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി വി.ടി ബല്‍റാമാണ്. പത്ത് വര്‍ഷമായി അദ്ദേഹം അവിടുത്തെ എം.എല്‍.എയാണെന്ന് പറയുമ്പോള്‍ പൊതുജനങ്ങളുടെ ഇടയിലുള്ള അദ്ദേഹത്തിന്റെ ജനസമ്മതി എത്രത്തോളം ഉണ്ടെന്ന് മനസിലാക്കാന്‍ സാധിക്കുമെന്ന് മുരളി തുമ്മാരുകുടി പറയുന്നു. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തുടക്കമിട്ട ഐ.ടി വിപ്ലവത്തിന്റെ ഭാഗമായ നവോദയയുടെ സൃഷ്ടിയാണ് വി.ടി ബല്‍റാം. രാഹുല്‍ ബ്രിഗേഡിന്റെ ഭാഗമായി നിയമസഭയിലേക്ക് മല്‍സരിച്ച വി.ടി ബല്‍റാം പഠിക്കാത്ത ബിരുദങ്ങളില്ല എന്ന് കൂടി മുരളി തുമ്മാരുകുടി ചൂണ്ടിക്കാട്ടുന്നു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയം ഉറ്റുനോക്കുന്ന മണ്ഡലമാണ് തൃത്താല.

Read Also : നിങ്ങൾ ശരിക്കും ആരാണ്, വർഗീയ വാദിയായ സുരേഷ് ഗോപിയോ?; ദൈവമല്ല, സാധാരണ മനുഷ്യരാണ് നിങ്ങളെ വളർത്തിയത്: ലക്ഷ്മി രാജീവ്

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഐ ടി യിലും ടെലികോമിലും ഒക്കെ നടത്തിയ വിപ്ലവകരങ്ങളായ ഇടപെടലുകളുടെ പേരിലാണ് ശ്രീ രാജീവ് ഗാന്ധി കൂടുതലും അറിയപ്പെടുന്നത്. ഐ.ടി രംഗത്തെ ഒരു ആഗോള ശക്തിയും സാന്നിദ്ധ്യവുമാകാന്‍ അതെത്ര മാത്രം ഇന്ത്യയെ സഹായിച്ചു എന്ന് ഇന്ന് നമുക്കറിയാം.

പക്ഷെ ഇതിലും വിപ്ലവകരമായ ഒരു സമൂഹമാറ്റത്തിന് അദ്ദേഹം വിത്തിട്ടിരുന്നു. ഇത് പക്ഷെ നാം വേണ്ടത്ര മനസ്സിലാക്കിയിട്ടില്ല.

ഗ്രാമപ്രദേശത്തുനിന്നുള്ള കുട്ടികള്‍ക്ക് റെസിഡന്‍ഷ്യല്‍ ആയി നല്ല വിദ്യാഭ്യാസം നല്‍കണം എന്ന ലക്ഷ്യത്തോടെ രാജീവ് ഗാന്ധിയാണ് ഇന്ത്യയിലെ ഓരോ ജില്ലയിലും ഓരോ നവോദയ വിദ്യാലയങ്ങള്‍ സ്ഥാപിച്ചത്. ഇന്നിപ്പോള്‍ ഐ.ഐ.ടി ഉള്‍പ്പടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഏതെടുത്താലും ആപേക്ഷികമായി നവോദയ വിദ്യാലയത്തിലെ കുട്ടികള്‍ ഏറെ കൂടുതലാണ് അവിടെ പ്രവേശനം നേടുന്നത്. അത് പിന്നീട് തൊഴില്‍ രംഗത്തും പ്രതിഫലിക്കുമല്ലോ. ഇന്ത്യയിലെ സര്‍ക്കാര്‍ സംവിധാനത്തിലും സ്വകാര്യമേഖലയിലും തലപ്പത്ത് ഗ്രാമങ്ങളില്‍ നിന്നുള്ള നവോദയയില്‍ പഠിച്ച പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എത്തുന്ന ഒരു കാലം വരും. അന്ന് നവോദയ ഉണ്ടാക്കുന്ന സാമൂഹ്യ ശൃംഖല കൂടി ആകുമ്പോള്‍ പതുക്കെ പതുക്കെ ഇന്ത്യയിലെ ഗ്രാമങ്ങളില്‍ അത് സാമ്പത്തികവും, വിദ്യാഭ്യാസപരവും സാമൂഹ്യവും ആയ ഉണര്‍വ്വ് ഉണ്ടാക്കും, കെട്ടുറപ്പും.

 

ഇപ്പോള്‍ ഇതൊക്കെ ഓര്‍ക്കാന്‍ കാരണമുണ്ട്. എന്റെ സുഹൃത്ത് വി.ടി ബല്‍റാം തെരഞ്ഞെടുപ്പ് രംഗത്ത് ഉണ്ട്. എം.എല്‍.എ ആയതിന് ശേഷമാണ് ഞാന്‍ അദ്ദേഹത്തെ പരിചയപ്പെടുന്നത്. അദ്ദേഹം നവോദയ വിദ്യാലയത്തിന്റെ സൃഷ്ടി ആണ്. അദ്ദേഹത്തില്‍ നിന്നാണ് നവോദയ വിദ്യാഭ്യാസത്തെപ്പറ്റി കൂടുതല്‍ മനസ്സിലാക്കിയത്.

നവോദയ വിദ്യാലയത്തില്‍ നിന്നും കോളേജിലെത്തി അദ്ദേഹം പഠിക്കാത്ത ബിരുദങ്ങള്‍ ഇല്ല. ബി.എസ്.സി, ബി.ടെക്ക്, എല്‍.എല്‍.ബി, എം.ബി.എ എല്ലാം ഉണ്ട്. അതെ സമയം കോളേജ് കാലം തൊട്ടേ രാഷ്ട്രീയവും ഉണ്ട്. രണ്ടായിരത്തി പതിനൊന്നില്‍ രാഹുല്‍ ഗാന്ധി ‘ബ്രിഗേഡിന്റെ’ ഭാഗമായിട്ടാണ് അദ്ദേഹം ആദ്യം നിയമസഭയില്‍ എത്തുന്നത്. രാജീവ് ഗാന്ധി വിതച്ച ഒരു ആശയത്തില്‍ നിന്നും വളര്‍ന്നു വന്ന യുവ പ്രതിഭയെ രാഹുല്‍ ഗാന്ധി കൈ പിടിച്ചുയര്‍ത്തിയത് ചരിത്രത്തിന്റെ ഒരു ആകസ്മികത തന്നെയാണ്.

പത്രങ്ങളില്‍ വായിച്ച് അടുത്തറിയണം എന്ന് ആഗ്രഹിച്ച് പരിചയപ്പെട്ട ഒരാളാണ്. നേരിട്ടറിയുമ്പോള്‍ കൂടുതല്‍ ബഹുമാനം തോന്നുന്ന ആളും. പുതിയ കാര്യങ്ങള്‍ അറിയാന്‍ താത്പ്പര്യമുള്ള ആളാണ്, ഏറ്റവും പുതിയ പുസ്തകങ്ങള്‍ ഒക്കെ വായിച്ച് എനിക്ക് റഫറന്‍സ് തരുന്ന ആളാണ്, അതുകൊണ്ട് തന്നെ കണ്ടു കഴിയുമ്പോള്‍ രാഷ്ട്രീയം ഒഴിച്ച് മറ്റെല്ലാം ചര്‍ച്ച ചെയ്യാറുണ്ട്. ഇപ്പോള്‍ ഏറ്റവും നല്ല സുഹൃത്തുക്കളില്‍ ഒരാളാണ്.

തന്റെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ തെരഞ്ഞെടുപ്പിലൂടെയാണ് ശ്രീ ബല്‍റാം കടന്നു പോകുന്നത്. യുവാക്കളും പ്രതിഭാശാലികളും ആയ യുവാക്കള്‍ തമ്മില്‍ ഇത്തവണ ഏറ്റവും ശക്തമായ രാഷ്ട്രീയ പോരാട്ടം നടക്കുന്ന മണ്ഡലമാണ് തൃത്താല. ഇത്തരം വെല്ലുവിളികള്‍ക്ക് കൂടിയുള്ള തയ്യാറെടുപ്പായിരുന്നു ഇതുവരെയുള്ള രാഷ്ട്രീയ ജീവിതം.

എല്ലാ ആശംസകളും

മുരളി തുമ്മാരുകുടി

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button