KeralaLatest NewsNews

ശബരിമല എന്ന് കേട്ടപ്പോള്‍ അദ്ദേഹത്തിന്റെ സമനില തെറ്റി, സ്ത്രീകളെ അപമാനിച്ചു :സുരേഷ് ഗോപിയെ അധിക്ഷേപിച്ച് എന്‍.ഇ.സുധീര്‍

ശബരിമല എന്നത് ഭയപ്പെടുത്തുന്ന ഒരു പദമായി മാറിക്കഴിഞ്ഞുവോ എന്ന ചോദ്യം ഉന്നയിച്ച് എഴുത്തുകാരന്‍ എന്‍.ഇ സുധീര്‍. ശബരിമല വിഷയത്തെക്കുറിച്ച് ചോദ്യം വന്നപ്പോള്‍ നടനും ബിജെപി സ്ഥാനാര്‍ത്ഥിയുമായ സുരേഷ് ഗോപി പ്രകോപിതനായെന്നാണ് എന്‍.ഇ.സുധീര്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവെയ്ക്കുന്നത്. ശബരിമലയെന്ന് കേട്ടതോടെ ‘സുരേഷ് ഗോപിയെന്ന സിനിമാനടന്‍ ഇതേ മതിഭ്രമത്തിനടിമയായി ഉറഞ്ഞു തുള്ളുന്ന വീഡിയോ’ താന്‍ കണ്ടുവെന്നും അദ്ദേഹം പറയുന്നു.

Read Also : മുരളീധരന്റെ ഗതികേട് ഒന്നും എന്തായാലും തനിക്ക് വന്നിട്ടില്ല; ശോഭാ സുരേന്ദ്രന്‍

തന്റെ ഒരു സുഹൃത്തും ശബരിമലയെ കുറിച്ച് കേട്ടപ്പോള്‍ കോപിഷ്ഠനായി എന്നും അദ്ദേഹം ഓര്‍ക്കുന്നുണ്ട്. ഈ രണ്ട് സംഭവങ്ങളിലും ശബരിമല എന്ന പദമാണ് വില്ലനായി മാറിയതെന്നും വിശ്വാസിയെ ഭ്രാന്തനാക്കി മാറ്റുന്ന പദമായി ഇന്ന് അത് അധ:പതിച്ചിരിക്കുകയാണെന്നും സുധീര്‍ പറയുന്നു. ശബരിമല മലയാളി ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു പദമായോ അത്തരമൊരു സ്ഥലത്തിന്റെ പേരായോ മാറരുതെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം :

‘വന്നു വന്ന് ശബരിമല എന്നത് പേടിപ്പിക്കുന്ന ഒരു പദമായി മാറിക്കഴിഞ്ഞിരിക്കുന്നു. കഴിഞ്ഞ വര്‍ഷത്തെ ഒരനുഭവം ഇപ്പോഴും ഞെട്ടലോടെ മനസ്സിലങ്ങനെ നില്‍ക്കുകയാണ്. ഒരു നാള്‍ വീട്ടിലെത്തിയ ഒരതിഥി ശബരിമല എന്നു കേട്ടതും സമനില തെറ്റിയതുപോലെ പെരുമാറിത്തുടങ്ങി. ഒരു സാധാരണ വിശ്വാസിയും പൊതുവില്‍ സമാധാന പ്രിയയും ആയിരുന്ന അവര്‍ പെട്ടന്ന് മതിഭ്രമം പിടിപ്പെട്ടതുപോലെ സംസാരിച്ചു തുടങ്ങി. ഞങ്ങളും കൂടെ വന്നയാളും അസ്വസ്ഥതയോടെ അവരെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. ഒടുക്കം ഞങ്ങള്‍ നിസ്സഹായതയോടെ പിന്മാറി. അവര്‍ അടങ്ങുന്നതു വരെ കാത്തു നില്‍ക്കുകയേ നിര്‍വ്വാഹമുണ്ടായിരുന്നുള്ളൂ. എനിക്കതൊരു പുതിയ അനുഭവമായിരുന്നു.

ഇന്നിതാ സുരേഷ് ഗോപിയെന്ന സിനിമാനടന്‍ ഇതേ മതിഭ്രമത്തിനടിമയായി ഉറഞ്ഞു തുള്ളുന്ന വീഡിയോ കാണാനിടയായി. ശബരിമല എന്ന് കേട്ടതോടെ അദ്ദേഹത്തിന്റെ സമനില തെറ്റി. വായില്‍ വന്നതെല്ലാം വിളമ്പി. സ്ത്രീകളെയും സുപ്രീം കോടതിയെയും അപമാനിച്ചു. ചോദ്യം ചോദിച്ച നികേഷ് സമയോചിതമായി അതിനെ വഷളാവാതെ കാത്തു. അല്ലായിരുന്നെങ്കില്‍ അദ്ദേഹം ഒരു വേള സ്വബോധം നഷ്ടപ്പെട്ട് കൂടുതല്‍ പറഞ്ഞ് നിയമക്കുരുക്കിലകപ്പെട്ടേനെ.

സുരേഷ് ഗോപിയെ മുമ്പൊരിക്കല്‍ പരിചയപ്പെട്ടിട്ടുണ്ട്. വളരെ ശാന്തനായ ഒരു ജന്റില്‍മാനെന്ന തോന്നലാണ് അന്നുണ്ടായത്. അയാളും ഇന്നു കണ്ട സുരേഷ് ഗോപിയും തമ്മില്‍ ഏറെ അന്തരമുണ്ട്. എന്റെ രണ്ടനുഭവത്തിലും വില്ലന്‍ ശബരിമല എന്ന പദമായിരുന്നു. വിശ്വാസിയെ ഭ്രാന്തനാക്കി മാറ്റുന്ന പദമായി അതിന്ന് അധ:പതിച്ചിരിക്കുന്നു. നമ്മുടെ ചുറ്റിനും വര്‍ഗീയ വിഷം പരത്തിയതിന്റെ യഥാര്‍ത്ഥ ചിത്രമാണ് ശബരിമല മുന്നോട്ടു വെക്കുന്നത്. എന്റെ സുഹൃത്തിന്റെയും നടന്റെയും സ്വബോധത്തെ നഷ്ടപ്പെടുത്തിയത് വര്‍ഗീയ വിഷം തന്നെയാണ്. വിശ്വാസത്തില്‍ വര്‍ഗീയവിഷം കടന്നാല്‍ പിന്നെ നാടിന് ഭ്രാന്തിളകും. നമ്മള്‍ കരുതിയിരിക്കണം.ശബരിമല മലയാളിയുടെ ഓര്‍ക്കാനിഷ്ടപ്പെടാത്ത ഒരു പദമായോ, അത്തരമൊരു സ്ഥലത്തിന്റെ പേരായോ മാറരുത്.’

 

shortlink

Related Articles

Post Your Comments

Related Articles


Back to top button