KeralaLatest News

റോബിൻ പീറ്ററിന്റെ സ്ഥാനാർത്ഥിത്വം, കോന്നിയിൽ ദിവസവും കോൺഗ്രസിൽ നിന്ന് കൂട്ടരാജി

സ്വന്തം താല്‍പര്യ പ്രകാരം ഗ്രൂപ്പ് പറഞ്ഞ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതിലുള്ള പ്രതിഷേധമാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെ രാജിക്ക് തുടക്കം കുറിച്ചത്.

കോന്നി: നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ റോബിന്‍ പീറ്ററിനെ മത്സരിപ്പിച്ചതോടെ കോൺഗ്രസിൽ കൂട്ടരാജി. സീറ്റ് കിട്ടാതെ വന്നപ്പോള്‍ പൊട്ടിക്കരഞ്ഞ് രാജി പ്രഖ്യാപിച്ച കെപിസിസി അംഗം പി മോഹന്‍രാജിന്റെ കണ്ണീര്‍ കൂടിയായതോടെ കോണ്‍ഗ്രസില്‍ നിന്ന് സാധാരണ പ്രവര്‍ത്തകരും നേതാക്കളും സിപിഎമ്മിലേക്ക് ഒഴുകുകയാണ്. അവര്‍ പറയുന്ന ഏക കാരണം റോബിന്‍ പീറ്ററിന് സീറ്റ് കൊടുത്തുവെന്നതാണ്. കോന്നിയില്‍ അടൂര്‍ പ്രകാശ് വിചാരിക്കുന്ന തരത്തിലല്ല കാര്യങ്ങള്‍. മോഹന്‍രാജിനെ കാലുവാരിയതിന്റെ തിരിച്ചടി കോണ്‍ഗ്രസിനുണ്ടായേക്കുമെന്നാണ് ഇപ്പോള്‍ സിപിഎമ്മിലേക്കുള്ള ഒഴുക്കില്‍ നിന്ന് വ്യക്തമാകുന്നത്.

ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുമ്ബ് ആരംഭിച്ച ഒഴുക്ക് നിയമസഭാ തെരഞ്ഞെടുപ്പിന് ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്ബോഴും തുടരുന്നുവെന്നത് കോണ്‍ഗ്രസ് നേതൃത്വത്തെ ഞെട്ടിക്കുന്നു. ഡി.സി.സി ജനറല്‍ സെക്രട്ടറിയും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കോന്നിയൂര്‍ പികെയാണ് രാജിവച്ച്‌ ആദ്യം ഇടതു പക്ഷത്തോടൊപ്പം ചേര്‍ന്നത്.തുടര്‍ന്ന് മഹിളാ കോണ്‍ഗ്രസ് ബ്ലോക്ക് നേതാക്കളായ ഷീജ ഏബ്രഹാം, സൗദാ റഹിം തുടങ്ങി നിരവധി നേതാക്കളും പ്രവര്‍ത്തകരും പാര്‍ട്ടി വിട്ടിരുന്നു.

കൊന്നപ്പാറയില്‍ ഐഎന്‍ടിയുസി ജില്ലാ വൈസ് പ്രസിഡന്റിന്റെ നേതൃത്വത്തില്‍ എഴുപതിലധികം പേര്‍ കോണ്‍ഗ്രസ് വിട്ടു സിപിഎമ്മില്‍ ചേര്‍ന്നതാണ് ഒടുവിലത്തെ സംഭവം. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ആറ്റിങ്ങല്‍ എംപിയായ അടൂര്‍ പ്രകാശ് വാര്‍ഡ് അടിസ്ഥാനത്തില്‍ പോലും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇടപെട്ടിരുന്നു. അര്‍ഹരായവരെ ഒഴിവാക്കി സ്വന്തം താല്‍പര്യ പ്രകാരം ഗ്രൂപ്പ് പറഞ്ഞ് സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചതിലുള്ള പ്രതിഷേധമാണ് നേതാക്കളുടെയും പ്രവര്‍ത്തകരുടെ രാജിക്ക് തുടക്കം കുറിച്ചത്.

ഉപതെരഞ്ഞെടുപ്പില്‍ പി മോഹന്‍ രാജിനെ പരാജയപ്പെടുത്താന്‍ അടൂര്‍ പ്രകാശും റോബിന്‍ പീറ്ററുംശ്രമിച്ചതായുള്ള ആക്ഷേപവും കോണ്‍ഗ്രസില്‍ ശക്തമാണ്.നിയോജക മണ്ഡലത്തിലെ കെപിസിസി അംഗങ്ങള്‍, ഡിസിസി ഭാരവാഹികള്‍ അടക്കം എഐസിസി, കെപിസിസി നേതൃത്വങ്ങള്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും അടൂര്‍ പ്രകാശിന്റെ പിടിവാശിക്ക് ഹൈക്കമാന്‍ഡ് വഴങ്ങുകയായിരുന്നു. എതിര്‍ത്തവര്‍ പാര്‍ട്ടി തീരുമാനം മനസില്ലാ മനസോടെസ്വീകരിച്ചു. ഇവരില്‍ പലര്‍ക്കും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യമില്ല. ബോധ്യപ്പെടുത്തല്‍ മാത്രമാണ് ഇപ്പോള്‍ നടക്കുന്നത്.

പണി പാളിയെന്നറിഞ്ഞതോടെ അടൂര്‍ പ്രകാശ് തന്നെ നേരിട്ട് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട സ്ഥിതിയാണുള്ളത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ പ്രതിഷേധത്തെ തുടര്‍ന്ന് നിരവധി നേതാക്കളും പ്രവര്‍ത്തകരും ഒരോ ദിവസവും കഴിയുന്തോറും പാര്‍ട്ടി വിട്ട് ഇടതു പക്ഷത്തേക്ക് ചേക്കേറുകയാണ്. പാര്‍ട്ടി വിടാന്‍ തയാറല്ലാത്ത മറ്റൊരു പ്രബല വിഭാഗം അമര്‍ഷവുമായി തുടരുകയും ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button