Latest NewsIndia

‘ദീർഘനേരം പണിയെടുക്കാൻ കര്‍ഷകർക്ക് മയക്കുമരുന്ന് നല്‍കുന്നു ‘;പഞ്ചാബ് സര്‍ക്കാരിന് കേന്ദ്രത്തിന്‍റെ കത്ത്

മാര്‍ച്ച്‌ 17 നാണ് പഞ്ചാബ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുംആഭ്യന്തര മന്ത്രാലയം കത്തയച്ചത്.

ദില്ലി; കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനത്തെ കൃഷിയിടങ്ങളില്‍ ദീര്‍ഘനേരം പണിയെടുപ്പിക്കുന്നതിനായി മയക്കുമരുന്ന് നല്‍കുന്നുണ്ടെന്നും സംഭവത്തില്‍ നടപടി എടുക്കണമെന്നും ആവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാരിന് കത്തയച്ച്‌ കേന്ദ്രസര്‍ക്കാര്‍. ബിഎസ്‌എഫ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം കണ്ടെത്തിയതെന്ന് കത്തില്‍ പറയുന്നു. മാര്‍ച്ച്‌ 17 നാണ് പഞ്ചാബ് ചീഫ് സെക്രട്ടറിക്കും ഡിജിപിക്കുംആഭ്യന്തര മന്ത്രാലയം കത്തയച്ചത്.

മനുഷ്യക്കടത്ത് സംഘങ്ങളാണ് ഇതിനു പിന്നിലെന്നാണ് കത്തില്‍ വിശദമാക്കിയിരിക്കുന്നത്. മികച്ച ശമ്പളം വാഗ്ദാനം ചെയ്ത് ജന്മനാട്ടില്‍ നിന്നും തൊഴിലാളികളെ ഇവിടേക്ക് എത്തിക്കുകയും എത്തിക്കഴിഞ്ഞാല്‍ തൊഴിലാളികളെ വളരെ കുറഞ്ഞ ശമ്പളം നല്കി ചൂഷണം ചെയ്യുകയും മനുഷ്യത്വ രഹിതമായിഇവരോട് പെരുമാറുകയും ചെയ്യുന്നു. വയലുകളില്‍ തുടര്‍ച്ചയായി ദീര്‍ഘനേരം പണിയെ‌ടുപ്പിക്കുന്നതിനായി ഈ തൊഴിലാളികള്‍ക്ക് പലപ്പോഴും മയക്കു മരുന്നുകള്‍ നല്‍കുന്നുണ്ട്.

ഇത് അവരുടെ ശാരീരികാരോഗ്യത്തെയും മാനസീകാരോഗ്യത്തെയും ഒരുപോലെ മോശമായി ബാധിക്കുന്നുണ്ട്. ബിഎസ്‌എഫ് രക്ഷപെടുത്തിയ ആളുകളെ തുടര്‍നടപടികള്‍ക്കായി സംസ്ഥാന പോലീസിന് കൈമാറിയിട്ടുണ്ടെന്നും കത്തില്‍ പറഞ്ഞു. ഗുരുദാസ്പൂര്‍, അമൃത്സര്‍, ഫിറോസ്പൂര്‍, അബോഹര്‍ എന്നീ സ്ഥലങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ബി‌എസ്‌എഫ് പിടികൂടിയ 58 പേരെ പരാമര്‍ശിച്ചാണ് കത്ത്.

ചോദ്യം ചെയ്യലില്‍ ഇവരില്‍ ഭൂരിഭാഗവും മാനസിക വെല്ലുവിളി നേരിടുന്നവരോ ദുര്‍ബലമായ മാനസികാവസ്ഥയിലോ ഉള്ളവരാണെന്നും പഞ്ചാബിലെ അതിര്‍ത്തി ഗ്രാമങ്ങളില്‍ ബോണ്ട് തൊഴിലാളികളായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും വ്യക്തമായതായി കത്തില്‍ പറയുന്നു. . അറസ്റ്റിലായവര്‍ ദരിദ്രരായ കുടുംബപശ്ചാത്തലക്കാരും ബീഹാറിലെയും ഉത്തര്‍പ്രദേശിലെയും വിദൂര പ്രദേശങ്ങളില്‍ നിന്നുള്ളവരാണെന്നും കത്തില്‍ പറയുന്നുണ്ട്.

മനുഷ്യക്കടത്ത്, നിര്‍ബന്ധിത തൊഴില്‍, മനുഷ്യാവകാശം തുടങ്ങിയ ഗുരുതരമായ വിഷയങ്ങള്‍ ഉള്‍പ്പെട്ട ഈ സംഭവത്തില്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വിഷയത്തില്‍ സ്വീകരിച്ച നടപടികള്‍ മന്ത്രാലയത്തെ അറിയിക്കണമെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.

അതേസമയം കാര്‍ഷിക നേതാക്കളില്‍ നിന്ന് കത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കര്‍ഷകരുടെ പ്രതിച്ഛായ അപകീര്‍ത്തിപ്പെടുത്താനാണ് കേന്ദ്രം ശ്രമിക്കുന്നതെന്ന് അഖിലേന്ത്യാ കിസാന്‍ സംഘര്‍ഷ് കോര്‍ഡിനേഷന്‍ കമ്മിറ്റി അംഗവും ബികെയു ഡകൗണ്ട ജനറല്‍ സെക്രട്ടറിയുമായ ജഗ്മോഹന്‍ സിംഗ് ആരോപിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button