Latest NewsKeralaNews

ജലീലിന്റെ രാജി സി.പി.എം ചോദിച്ചു വാങ്ങിയത്, രാജിയോടെ ഒഴിവായത് പാര്‍ട്ടിയിലെ അഭ്യന്തര ഭിന്നത

തിരുവനന്തപുരം: കെ.ടി ജലീലിന്റെ മന്ത്രിസ്ഥാനത്തു നിന്നുള്ള രാജിയോടെ ഒഴിവായത് സി.പി.എമ്മില്‍ അഭ്യന്തര ഭിന്നത രൂപപ്പെടുന്നതിനുള്ള സാഹചര്യം. ലോകായുക്താ വിധി വന്നതോടെ തന്നെ ജലീലിനെ സംരക്ഷിക്കുന്നതില്‍ രണ്ട് അഭിപ്രായം ശക്തമായി. ഈ ഭിന്നത ആളിക്കത്താനുള്ള സാധ്യത കൂടിയാണ് ജലീലിന്റെ രാജിയോടെ സി.പി.എം ഒഴിവാക്കിയത്. ലോകായുക്ത വിധിയില്‍ എ.കെ.ബാലന്‍ അദ്ദേഹത്തെ പിന്തുണച്ചു രംഗത്ത് വന്നെങ്കിലും സിപിഎമ്മിന്റേതായി ഒരു പരസ്യ പിന്തുണ ജലീലിന് ലഭിച്ചിരുന്നില്ല.

Read Also : ജലീൽ മാത്രമല്ല, മുഖ്യമന്ത്രിയും സത്യപ്രതിജ്ഞാ ലംഘനം നടത്തി; പിണറായി രാജി വെക്കണമെന്ന് വി.മുരളീധരൻ

ബാലന്‍ ജലീലിന് നല്‍കിയ ക്ലീന്‍ ചിറ്റിനെ ചൊല്ലി പാര്‍ട്ടിയില്‍ അഭിപ്രായ ഭിന്നതയുണ്ടായി. എം.എ ബേബിയും ഇ.പി ജയരാജനും ഇതിനെ എതിര്‍ത്തു. കോടതിയില്‍ നിന്നുള്ള പ്രാഥമിക സൂചനകള്‍ ജലീലിന് എതിരായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിതനായി ചികിത്സയിലുള്ള മുഖ്യമന്ത്രി ,കോടിയേരി ബാലകൃഷ്ണനുമായി ആശയവിനിമയം നടത്തി. പിന്നാലെ കെ.ടി.ജലീലിനെ എ.കെ.ജി സെന്ററിന് അടുത്തുള്ള തന്റെ ഫ്ളാറ്റിലേക്ക് കോടിയേരി ജലീലിനെ വിളിപ്പിക്കുകയായിരുന്നു.

ഔദ്യോഗിക വസതിയില്‍ നിന്നും സ്വകാര്യ കാറില്‍ ഫ്ളാറ്റിലെത്തി ജലീല്‍ കോടിയേരിയെ കണ്ടു. രാജിവയ്ക്കുന്നതാണ് ഇപ്പോഴത്തെ സാഹചര്യത്തില്‍ ഉചിതമെന്നാണ് പാര്‍ട്ടി വിലയിരുത്തലെന്ന് കോടിയേരി ഇവിടെ വച്ച് ജലീലിനെ അറിയിച്ചു. കൂടിക്കാഴ്ചയിലും ഹൈക്കോടതിയില്‍ നിന്നും തനിക്ക് അനുകൂലമായി വിധി വരാനുള്ള സാധ്യത ജലീല്‍ ചൂണ്ടിക്കാട്ടിയെങ്കിലും പാര്‍ട്ടി തീരുമാനത്തിന് വഴങ്ങുക എന്ന നിര്‍ദ്ദേശമാണ് കോടിയേരി ജലീലിന് നല്‍കിയത് എന്നാണ് സൂചന. ഇതിന് പിന്നാലെ ജലീലിന്റെ രാജിക്കത്തുമായി അദ്ദേഹത്തിന്റെ പേഴ്സണല്‍ ഗണ്‍മാന്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തുകയും പ്രൈവറ്റ് സെക്രട്ടറിക്ക് രാജിക്കത്ത് കൈമാറുകയുമായിരുന്നു.

തുടര്‍ന്ന് ജലീലിന്റെ രാജി ഗവര്‍ണര്‍ അംഗീകരിച്ചു. രാഷ്ട്രീയ ധാര്‍മികത ഉയര്‍ത്തിപിടിക്കാനാണ് രാജി എന്നും താന്‍ തെറ്റ് ചെയ്തിട്ടില്ലെന്നും ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. എ.കെ.ജി സെന്ററിലെത്തിയ ശേഷമാണ് ജലീല്‍ രാജി തീരുമാനിച്ചത്. രാജി അല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് പാര്‍ട്ടി തീരുമാനമെന്ന് കോടിയേരി വ്യക്തമാക്കിയതോടെയാണ് ജലീല്‍ മന്ത്രി സ്ഥാനം രാജിവെച്ചത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button