KeralaLatest News

‘മകൾ ജീവനോടെയുണ്ടെന്ന് കരുതി ഉമ്മ കൊടുത്തു വിട്ടത് ധരിക്കാനുള്ള ഡ്രസ്സും പൗഡറും ബ്രഷും ‘ എസ്ഐയുടെ നൊമ്പരകുറിപ്പ്

അവളെ കണ്ടെത്തിയെന്ന പ്രതീക്ഷയിലാവാം ആ ഉമ്മ അത് അയച്ചതെന്നും എന്നാല്‍ അതൊരു വല്ലാത്ത കാഴ്ചയായിരുന്നുവെന്നും വളാഞ്ചേരി ഇന്‍സ്‌പെക്ടര്‍ പി.എം.ഷമീര്‍

മലപ്പുറം: സുബീറ വധ കേസ് അന്വേഷണ ഉദ്യോഗസ്ഥന്റെ സമൂഹ മാധ്യമ കുറിപ്പ് വൈറലാകുന്നു. ശാസ്ത്രീയ പരിശോധനയുടെ ഭാഗമായി യുവതി ഉപയോഗിച്ചിരുന്ന എന്തെങ്കിലും വസ്തു കിട്ടുമോയെന്നറിയാന്‍ അവരുടെ വീട്ടിലേക്ക് പറഞ്ഞുവിട്ട പൊലീസുകാരുടെ കൈവശം മാതാവ് കൊടുത്ത പൊതിയില്‍ ഉണ്ടായിരുന്നത് അവള്‍ക്ക് ധരിക്കാനുള്ള വസ്ത്രങ്ങളും ബ്രഷും പേസ്റ്റുമടക്കമുള്ള സാധനങ്ങള്‍! ഇത് കണ്ട് പോലീസുകാർക്ക് പോലും കണ്ണിൽ നീർ പൊടിഞ്ഞു.

ആ കുടുംബം എത്രമാത്രം മകള്‍ തിരിച്ചുവരുമെന്ന് ആഗ്രഹിച്ചതിന് തെളിവാണ് ഇതെന്ന് പൊലീസ് ഓഫീസര്‍ പറയുന്നു. അവളെ കണ്ടെത്തിയെന്ന പ്രതീക്ഷയിലാവാം ആ ഉമ്മ അത് അയച്ചതെന്നും എന്നാല്‍ അതൊരു വല്ലാത്ത കാഴ്ചയായിരുന്നുവെന്നും വളാഞ്ചേരി ഇന്‍സ്‌പെക്ടര്‍ പി.എം.ഷമീര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

*സുബീറ ഫർഹത്തിൻ്റെ തിരോധാനം* .
*ഒരു നൊമ്പരക്കാഴ്ച*
വളാഞ്ചേരി കഞ്ഞി പുരയിൽ ഒരു മാസത്തിലേറെയായി കാണാതായ 21 കാരിയുടെ മൃതദേഹം കിട്ടിയതും വളരെ വിദഗ്ദമായ അന്വേഷണത്തിലൂടെ പ്രതിയെ കണ്ടെത്തിയതും സർവീസ് ജീവിതത്തിലെ അവിസ്മരണീയവും അഭിമാനകരവും ആയ സംഭവമാണ്. പെൺകുട്ടിയെ കാണാതായതിനു തൊട്ടുപിറകെ ബന്ധുക്കളുടേയും നാട്ടുകാരുടേയും വിശ്വാസം ഏറ്റെടുത്ത് അന്വേഷണം മുന്നോട്ടു കൊണ്ടുപോകുവാൻ കഴിഞ്ഞതുകൊണ്ടാണ് പോലീസിനെതിരെ യാതൊരുവിധ ആക്ഷേപങ്ങളും ഇല്ലാതെ കേസ് അന്വേഷണം പൂർത്തിയാക്കാൻ കഴിഞ്ഞത്.

സുബീറ എന്ന പെൺകുട്ടി രാവിലെ 9 മണിക്ക് സാധാരണ പോകാറുള്ളത് പോലെ തൊട്ടടുത്ത ടൗണിലെ ക്ലിനിക്കിലേക്ക് ജോലിക്ക് പോയതായിരുന്നു. അതിനുശേഷം നാൽപ്പതാം ദിവസം പെൺകുട്ടിയെ സ്വന്തം വീടിന് 300 മീറ്റർ അകലെയുള്ള പറമ്പിൽ കുഴിച്ചു മൂടപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. വിവരമറിഞ്ഞ് നാടും നാട്ടുകാരും സംഭവസ്ഥലത്തേക്ക് ഒഴുകി. കേസന്വേഷണത്തിന് ഭാഗമായി ശാസ്ത്രീയ പരിശോധനക്ക് പെൺകുട്ടി ഉപയോഗിച്ചിരുന്ന സ്വകാര്യ വസ്തുക്കൾ എന്തെങ്കിലും കിട്ടുമോ എന്നറിയാൻ പോലീസുകാരെ പെൺകുട്ടിയുടെ വീട്ടിലേക്ക് അയക്കുകയുണ്ടായി.

ഒരു ദുരന്തം നടന്നാൽ അത് ഏറ്റവും അവസാനം അറിയുന്നത് ബന്ധപ്പെട്ട വീട്ടുകാർ ആയിരിക്കും എന്നത് നമ്മൾ പലപ്പോഴും കേട്ടിട്ടുള്ള കാര്യമാണ്. ഇവിടെയും അനുഭവം മറ്റൊന്നായിരുന്നില്ല.സ്വന്തം മകളെ കണ്ടെത്തി എന്ന പ്രതീക്ഷ നിറഞ്ഞ മനസ്സോടെ കൂടിയാണ് പെറ്റമ്മ പോലീസുകാരെ സ്വീകരിച്ചത്. ആ ഉമ്മ നൽകിയ വസ്തുക്കളുമായി പോലീസുകാർ സ്റ്റേഷനിലേക്ക് തിരിച്ചെത്തി. അത് തുറന്നുനോക്കിയപ്പോൾ അതിലെ കാഴ്ച ദയനീയമായിരുന്നു. ഒരു പെൺകുട്ടിക്ക് ധരിക്കുവാൻ ആവശ്യമായ എല്ലാ വസ്ത്രങ്ങളും ഒരു ബ്രഷ്, പേസ്റ്റ് ഒരു ചെറിയ കുപ്പി വാസന പൗഡർ എന്നിവയാണ് അതിലുണ്ടായിരുന്നത്.

ഏതോ ദുരവസ്ഥയിൽ നിന്നും തന്റെ മകളെ കണ്ടെത്തി എന്ന പ്രതീക്ഷ ആയിരിക്കാം ആ ഉമ്മയെ ഈ വസ്തുക്കൾ തന്നയക്കാൻ പ്രേരിപ്പിച്ചത്. തൻ്റെ മകൾ മണ്ണിൽ അലിഞ്ഞു ചേർന്ന കാര്യം ആ ഉമ്മയുണ്ടോ അറിയുന്നു? ഒരു മാതാവിനു മാത്രമല്ലേ അത്തരം പ്രതീക്ഷകൾ വച്ചു പുലർത്താൻ പറ്റൂ..ഔദ്യോഗിക ജീവിതത്തിൽ പലപ്പോഴും പല രീതിയിലുള്ള സംഭവങ്ങൾ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടെങ്കിലും ആ ഉമ്മയുടെ പ്രതീക്ഷ ഒരു തീരാ വേദനയായി അവശേഷിക്കും. ദൈവം അവരുടെ മനസ്സിന് ശാന്തി നൽകട്ടെ..

shortlink

Related Articles

Post Your Comments


Back to top button