KeralaLatest News

മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്റര്‍ മാമ്മന്‍ വര്‍ഗീസ് അന്തരിച്ചു

ന്യൂസ് പേപ്പര്‍ മാനേജ്‌മെന്റില്‍ ഇംഗ്ലണ്ടിലെ തോംസണ്‍ ഫൗണ്ടേഷനില്‍ പരിശീലനം ലഭിച്ചിട്ടുണ്ട്.

കോട്ടയം: മനോരമ ആഴ്ചപ്പതിപ്പ് ചീഫ് എഡിറ്റര്‍ തയ്യില്‍ കണ്ടത്തില്‍ മാമ്മന്‍ വര്‍ഗീസ്(തമ്പാന്‍-91) അന്തരിച്ചു. മലയാള മനോരമ മുഖ്യപത്രാധിപരായിരുന്ന കെ സി മാമ്മന്‍ മാപ്പിളയുടെ പൗത്രനും കെ എം വര്‍ഗീസ് മാപ്പിളയുടെ പുത്രനുമാണ്. മലയാള മനോരമ പ്രിന്റര്‍ ആന്റ് പബ്ലിഷറും മുന്‍ മാനേജിങ് എഡിറ്ററുമാണ്. കേരള സര്‍ക്കാരിന്റെ ലിപി പരിഷ്‌കരണ കമ്മിറ്റിയില്‍ അംഗമായിരുന്നു. കുന്നംകുളം പുലിക്കോട്ടില്‍ ജോസഫ് റമ്പാന്റെ സഹോദരി താണ്ടമ്മയാണ് മാതാവ്.

1930 മാര്‍ച്ച്‌ 22നാണ് ജനനം. കോട്ടയം, മദ്രാസ് എന്നിവിടങ്ങളിലെ വിദ്യാഭ്യാസത്തിനു ശേഷം ഓട്ടോമൊബീല്‍ എന്‍ജിനീയറിങ് പഠനം. പിന്നീട് മലബാറിലെ കുടുംബവക എസ്റ്റേറ്റുകളുടെ ചുമതല ഏറ്റെടുത്തു. 1955ല്‍ മനോരമയില്‍ മാനേജരായി ചുമതലയേറ്റു. 1965ല്‍ ജനറല്‍ മാനേജരും 1973ല്‍ മാനേജിങ് എഡിറ്ററുമായി. ന്യൂസ് പേപ്പര്‍ മാനേജ്‌മെന്റില്‍ ഇംഗ്ലണ്ടിലെ തോംസണ്‍ ഫൗണ്ടേഷനില്‍ പരിശീലനം ലഭിച്ചിട്ടുണ്ട്.

read also: നിശബ്ദ തരംഗത്തിനൊരുങ്ങി കേരളം; നാല് പതിറ്റാണ്ടുകൾക്ക് ശേഷം ചരിത്രം തിരുത്തികുറിക്കുമെന്ന് എൽഡിഎഫ്

ബ്രിട്ടന്‍, ജര്‍മനി, യുഎസ് തുടങ്ങിയ രാജ്യങ്ങളില്‍ അച്ചടി, പത്രപ്രവര്‍ത്തനം, ബിസിനസ് മാനേജ്‌മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ പരിശീലനം നേടി. ഭാര്യ: മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ട്രസ്റ്റിയായിരുന്ന പരേതനായ ഉപ്പൂട്ടില്‍ കുര്യന്‍ എബ്രഹാമിന്റെ മകള്‍ പരേതയായ അന്നമ്മ. മക്കള്‍: താര, റോഷിന്‍, മാമി, സൂസന്‍, അശ്വതി. മരുമക്കള്‍: കൊട്ടാരത്തില്‍ മേടയില്‍ അരുണ്‍ ജോസഫ്, കുളങ്ങര കെ പി ഫിലിപ്പ്, കളരിക്കല്‍ കെ കുര്യന്‍, രാമകൃഷ്ണന്‍ നാരായണന്‍. സഹോദരി: സോമ. സംസ്‌കാരം പിന്നീട്.

 

shortlink

Post Your Comments


Back to top button