KeralaNattuvarthaLatest NewsNews

ടി.പി. ചന്ദ്രശേഖരന്റെ രക്തസാക്ഷിത്വത്തിന് ഇന്ന് ഒന്‍പത് വര്‍ഷം; ഇത്തവണ പ്രത്യേകതയായി കെ.കെ. രമയുടെ നിയമസഭാ പ്രവേശം

ചന്ദ്രശേഖരനെ ഇല്ലാതാക്കിയ സി.പി.എമ്മിന്റെ രാഷ്ട്രീയ നേതൃത്വത്തിനെതിരെയാണ് തന്റെ വിജയമെന്നും, ജീവിച്ചിരിക്കുന്ന ടി.പി. ചന്ദ്രശേഖരനെ പിണറായിക്ക് സഭയിൽ കാണാമെന്നും കെ.കെ.രമ പറഞ്ഞു.

ആര്‍.എം.പി നേതാവ് ടി.പി. ചന്ദ്രശേഖരന്‍ അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളാൽ കൊല്ലപ്പെട്ടിട്ട് ഇന്നേയ്ക്ക് ഒന്‍പത് വര്‍ഷം. ടി.പി യുടെ ഭാര്യയും ആര്‍.എം.പി നേതാവും കൂടിയായ കെ.കെ. രമ നിയമസഭാ തെരഞ്ഞെടുപ്പില്‍ അതേ രാഷ്ട്രീയ എതിരാളികൾക്കെതിരെ വിജയിച്ച പശ്ചാത്തലത്തിലാണ് ഈ ഓർമ്മദിനം പ്രസക്തമാകുന്നത്.

സി.പി.എം ഒഞ്ചിയം ഏരിയ കമ്മിറ്റി അംഗമായിരുന്നു ചന്ദ്രശേഖരന്‍. ഏറാമല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ജനതാദളിന് വിട്ടുകൊടുക്കാനുള്ള തീരുമാനത്തിനെതിരെ നേതൃത്വവുമായി കലഹിക്കുകയും 2009ല്‍ പാര്‍ട്ടി വിട്ട് റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി എന്ന പുതിയ സംഘടന രൂപീകരിക്കുകയും ചെയ്തു. ഇതോടെ പാർട്ടിക്ക് ചന്ദ്രശേഖരൻ കടുത്ത വെല്ലുവിളിയായിത്തീർന്നു.

‘ജയ പരാജയങ്ങളുടെ പേരിൽ ആരൊക്കെ പ്രസ്ഥാനത്തെ വിട്ടുപോയാലും ഞാൻ ഉണ്ടാവും പ്രസ്ഥാനത്തിനൊപ്പം’: ലക്ഷ്മി പ്രിയ

ഒഞ്ചിയം പഞ്ചായത്തിന്റെ ഭരണമടക്കം സി.പി.എമ്മിന് നഷ്ടമായി. 2012 മെയ് നാലിനാണ് ടി.പി. ചന്ദ്രശേഖരന്‍ രാഷ്ട്രീയ എതിരാളികളുടെ കൊലക്കത്തിക്ക് ഇരയായത്. വടകര വള്ളിക്കാട് ജംഗ്ഷനില്‍ വെച്ച് അക്രമി സംഘം ചന്ദ്രശേഖരനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് പിന്നില്‍ സി.പി.എം ആണെന്ന ആരോപണം വ്യാപകമായി ഉയര്‍ന്നു. രണ്ട് വര്‍ഷത്തിന് ശേഷം 2014ല്‍ കേസിന്റെ വിധി വന്നപ്പോള്‍ മൂന്ന് സി.പി.എം നേതാക്കള്‍ ഉള്‍പ്പെടെ 11 പ്രതികള്‍ക്ക് കോടതി ജീവപരന്ത്യം ശിക്ഷ വിധിച്ചു.

ചന്ദ്രശേഖരന്റെ മരണത്തിന് ശേഷം അദ്ദേഹത്തിന്റെ അനുയായികളുടെ പിന്തുണയോടെ ഭാര്യ കെ.കെ. രമയുടെ നേതൃത്വത്തില്‍ ആര്‍.എം.പി ശക്തമായ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുകയായിരുന്നു. ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോൺഗ്രസ് പിന്തുണയോടെ മത്സരിച്ച കെ.കെ. രമ 7746 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയത്. ചന്ദ്രശേഖരനെ ഇല്ലാതാക്കിയ സി.പി.എമ്മിന്റെ രാഷ്ട്രീയ നേതൃത്വത്തിനെതിരെയാണ് തന്റെ വിജയമെന്നും, ജീവിച്ചിരിക്കുന്ന ടി.പി. ചന്ദ്രശേഖരനെ പിണറായിക്ക് സഭയിൽ കാണാമെന്നും കെ.കെ.രമ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button