KeralaLatest NewsNews

ചെയ്തതൊക്കെ ശരിയായിരുന്നെന്ന വിശ്വാസത്തോടെ പിണറായി സർക്കാർ മുന്നോട്ട് പോകരുത്: ഷിബു ബേബി ജോൺ

തിരുവനന്തപുരം : രണ്ടാമതും ചുമതലയേൽക്കുന്ന പിണറായി സർക്കാർ മുൻ കാലങ്ങളിൽ ചെയ്തതൊക്കെ ശരിയായിരുന്നെന്ന വിശ്വാസത്തോടെ മുന്നോട്ട് പോയാൽ അത് വെറും അബദ്ധസഞ്ചാരമായിരിക്കുമെന്ന് ആർ.എസ്.പി നേതാവ് ഷിബു ബേബി ജോൺ. വിജയിച്ച് നിൽക്കുന്ന ഈ സമയത്തും ഒന്ന് ആത്മവിമർശനം നടത്തുവാൻ ഈ സർക്കാർ തയ്യാറായാൽ അത് സർക്കാരിൻ്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഗുണപരമായിരിക്കും എന്ന് ഉറപ്പാണെന്നും ഷിബു ബേബി ജോൺ പറഞ്ഞു. ഫേസ്‍ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

കുറിപ്പിന്റെ പൂർണരൂപം……………………………….

നാളെ പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ സത്യപ്രതിജ്ഞ ചെയ്ത് പിണറായി 2.0 യ്ക്ക് തുടക്കം കുറിക്കുകയാണ്. പ്രതിപക്ഷ കക്ഷിയുടെ ഒരു പ്രതിനിധി എന്ന നിലയിൽ കഴിഞ്ഞ സർക്കാരിൻ്റെ തെറ്റുകൾ ചൂണ്ടിക്കാണിക്കാനും ജനശ്രദ്ധയിൽ കൊണ്ടുവരാനും പരമാവധി ശ്രമിച്ചിരുന്ന ഒരാളാണ് ഞാൻ. എന്നാൽ തെരഞ്ഞെടുപ്പ് കഴിഞ്ഞ് ജനം ഭരണകക്ഷിയ്ക്ക് അനുകൂലമായി വിധിയെഴുത്ത് നടത്തിയതോടെ ആ വിഷയങ്ങളൊക്കെ അപ്രസക്തമായി മാറിയിരിക്കുന്നു.

എന്നാൽ രണ്ടാമതും ചുമതലയേൽക്കുന്ന പിണറായി സർക്കാർ മുൻ കാലങ്ങളിൽ ചെയ്തതൊക്കെ ശരിയായിരുന്നെന്ന വിശ്വാസത്തോടെ മുന്നോട്ട് പോയാൽ അത് വെറും അബദ്ധസഞ്ചാരമായിരിക്കും. വിജയിച്ച് നിൽക്കുന്ന ഈ സമയത്തും ഒന്ന് ആത്മവിമർശനം നടത്തുവാൻ ഈ സർക്കാർ തയ്യാറായാൽ അത് സർക്കാരിൻ്റെ തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഗുണപരമായിരിക്കും എന്ന് ഉറപ്പാണ്.

Read Also : മാസ്‌ക് ധരിച്ചില്ല; നടുറോഡിൽ വെച്ച് സ്ത്രിയെ മർദ്ദിച്ച് പോലീസ് ഉദ്യോഗസ്ഥർ

സർക്കാരോ ക്യാബിനറ്റോ നിയമവകുപ്പോ ധനകാര്യവകുപ്പോ അറിയാതെ സ്പ്രിങ്ക്ളർ പോലൊരു കരാറിൽ ഏർപ്പെട്ടത് ഗുരുതരമായ വീഴ്ച്ചയായിരുന്നു. അഡ്മിനിസ്ട്രേറ്റീവ് വകുപ്പ് പോലും അറിയാതെ 3000 ബസുകൾ വാങ്ങാൻ തീരുമാനിച്ച ഇ മൊബിലിറ്റി കരാറും ഭരണപരമായ അപചയത്തിന് ഉദാഹരണമായിരുന്നു.

നോട്ടപിശക് മൂലമാണോ ബോധപൂർവമാണോ എന്നറിയില്ല, കേരളത്തിൻ്റെ തീരപ്രദേശത്തെ ആകെ തീറെഴുതാൻ ഒപ്പുവെച്ച കരാർ പോലെ ഒന്ന് ഇനി ഒരിക്കൽ കൂടി ആവർത്തിക്കപ്പെട്ടുകൂടാ. എല്ലാത്തിലുമുപരിയായി എല്ലാവിഭാഗം ജനങ്ങളെയും ഉൾക്കൊണ്ടുപോകാനുള്ള ഒരു മനസ് ഈ സർക്കാരിന് ഉണ്ടാകണം. അവിടെ അഭിപ്രായവ്യത്യാസങ്ങൾ പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യമുണ്ടാകണം, പൗരാവകാശം സംരക്ഷിക്കപ്പെടണം.

Read Also :  എം.എം.ലോറന്‍സിനെ പരിചരിക്കാന്‍ സി.പി.എം നേതാക്കള്‍ അനുവദിക്കുന്നില്ലെന്ന് മകള്‍ ആശാ ലോറന്‍സ്

സ്വന്തം പാർട്ടി പ്രവർത്തകർക്ക് വഴിവിട്ട ആനുകൂല്യങ്ങൾ നൽകുകയും മറ്റുള്ളവർക്ക് നീതി നിഷേധിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥ ഇല്ലാതാകണം. കേരളത്തിൻ്റെ എല്ലാ ജനവിഭാഗങ്ങളെയും, ഭരണ- പ്രതിപക്ഷ ഭേദമന്യേ ഒന്നിച്ചുകൊണ്ടു പോകുന്ന ഒരു ഭരണകൂടമായി പിണറായി 2.0 മാറട്ടെ എന്ന് ആഗ്രഹിക്കുന്നു.

നാളത്തെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും കോവിഡിൻ്റെ പശ്ചാത്തലത്തിൽ അതിന് സാധിക്കുന്നില്ല. രണ്ടാം പിണറായി സർക്കാരിന് എല്ലാ ഭാവുകങ്ങളും നേരുന്നു.

shortlink

Related Articles

Post Your Comments


Back to top button