KeralaLatest NewsNews

പണ്ട് കല്യാണം മുടക്കിയ ചൊവ്വയിലേക്ക് വണ്ടി വിടുന്ന കാലത്ത് 13ന് എന്താ കുഴപ്പം? കൃഷി മന്ത്രി

കഴിഞ്ഞ മന്ത്രിസഭയില്‍ തോമസ് ഐസക്ക് ഉപയോഗിച്ചിരുന് കാര്‍ നമ്പര്‍ ഇപ്പോള്‍ സിപിഐ മന്ത്രി പി പ്രസാദനാണ് സ്വീകരിച്ചിരിക്കുന്നത്.

ആലപ്പുഴ: അശുഭകരമാണെന്ന് കരുതുന്നവര്‍ പലപ്പോഴും ഉപേക്ഷിക്കുന്ന നമ്പറുകളുടെ കൂട്ടത്തിലാണ് 13 നമ്പര്‍. കാറിന് ഈ നമ്പര്‍ ചതിയ്ക്കുമെന്ന് വിശ്വസിക്കുന്നവര്‍ ഇന്നും ഏറെയുണ്ട്. എന്നാല്‍, ഈ പേടി മാറ്റിയത് മുന്‍പ് എം എ ബേബി മന്ത്രി ആയിരിക്കുമ്പോഴാണ്. പിന്നീട് യുഡിഎഫ് അധികാരത്തില്‍ എത്തിയപ്പോള്‍ ആരും ഈ നമ്പര്‍ ഉപയോഗിച്ചില്ല. കഴിഞ്ഞ മന്ത്രിസഭയില്‍ തോമസ് ഐസക്ക് ഉപയോഗിച്ചിരുന് കാര്‍ നമ്പര്‍ ഇപ്പോള്‍ സിപിഐ മന്ത്രി പി പ്രസാദനാണ് സ്വീകരിച്ചിരിക്കുന്നത്.

എന്നാൽ ആദ്യം അദ്ദേഹത്തിന് അനുവദിച്ച നമ്പര്‍ 14 ആയിരുന്നു. എന്നാല്‍, 13 കിട്ടിയ ആള്‍ സ്വീകരിക്കാന്‍ മടിച്ചപ്പോള്‍ എങ്കിലത് തന്റെ കാറിനു വച്ചുകൊള്ളാന്‍ പ്രസാദ് അറിയിച്ചു.”13ാം നമ്പര്‍ തോമസ് ഐസക് ഉപയോഗിച്ചതാണ്. അദ്ദേഹത്തിനു കുഴപ്പമൊന്നും ഉണ്ടായില്ലല്ലോ. മറ്റു നമ്പറുകള്‍ ഉപയോഗിച്ചവര്‍ക്ക് അതുകൊണ്ടു പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരുന്നിട്ടുണ്ടോ?” മന്ത്രി ചോദിച്ചു. ഈ നൂറ്റാണ്ടിലും ഇത്തരം അന്ധവിശ്വാസങ്ങള്‍ തുടരുന്നതു കഷ്ടമാണ്. 13 എന്ന സംഖ്യ കൊണ്ട് എല്ലാം തകരുമെങ്കില്‍ എന്തെല്ലാം പ്രശ്‌നങ്ങള്‍ ഉണ്ടാകും. 13നു ജനിച്ചാല്‍ തിരുത്താന്‍ കഴിയില്ലല്ലോ. ഓണവും വിഷുവുമൊക്കെ ആ തീയതിയില്‍ വരാം. കലണ്ടറില്‍ 13 ഒഴിവാക്കുമോ? പത്രങ്ങള്‍ 13ന് അച്ചടിക്കുന്നുണ്ടല്ലോ മന്ത്രി പറഞ്ഞു. 13ന് വിമാനങ്ങള്‍ പറക്കുന്നില്ലേ എന്നുമാണ് മന്ത്രിയുടെ ചോദ്യം. അതുകൊണ്ട് ഏതെങ്കിലും വിമാനം തകര്‍ന്നു വീണോ എന്നും പ്രസാദ് ചോദിക്കുന്നു.

കഴിഞ്ഞ സര്‍ക്കാരില്‍ ധനമന്ത്രിയായിരുന്ന തോമസ് ഐസക് 13ാം നമ്പര്‍ കാര്‍ ഉപയോഗിച്ചെങ്കില്‍ 2006 ല്‍ വി എസ്. അച്യുതാനന്ദന്‍ സര്‍ക്കാരില്‍ പേടിയൊന്നുമില്ലാതെ നമ്പര്‍ ചോദിച്ചു വാങ്ങിയത് വിദ്യാഭ്യാസ മന്ത്രി എം.എ.ബേബി. ഒന്നാം പിണറായി മന്ത്രിസഭയുടെ തുടക്കത്തില്‍ 13ാം നമ്പര്‍ കാര്‍ ഏറ്റെടുക്കാന്‍ പല മന്ത്രിമാരും മടിച്ചു നിന്നപ്പോള്‍ ഐസക് മുന്നോട്ടു വന്നു. 13ാം നമ്പറിനെ ഇടതു മന്ത്രിമാര്‍ക്കു പേടിയാണെന്നു പരിഹസിച്ചു ബിജെപി നേതാവ് കെ.സുരേന്ദ്രന്‍ ഫേസ്‌ബുക്കില്‍ പോസ്റ്റിട്ടതോടെ, ഐസക് അത് ആവശ്യപ്പെടുകയായിരുന്നു. വി എസ്.സുനില്‍കുമാറും കെ.ടി.ജലീലും മുന്നോട്ടു വന്നെങ്കിലും ഐസക് തന്നെ ഏറ്റെടുത്തു. യുഡിഎഫ് മന്ത്രിസഭയിലെ ആരും 13ാം നമ്ബര്‍ കാര്‍ ഉപയോഗിച്ചിരുന്നില്ല. അതേസമയം മുന്‍പു പലരും ഏറ്റെടുക്കാന്‍ മടിച്ച മന്മോഹന്‍ ബംഗ്ലാവ് ഗതാഗത മന്ത്രി ആന്റണി രാജു ഏറ്റെടുത്തു. മന്മോഹന്‍ ബംഗ്ലാവില്‍ താമസിക്കുന്നവര്‍ ഏറെനാള്‍ അധികാരത്തില്‍ തുടരില്ലെന്നാണ് ചിലരുടെ വിശ്വാസം. അതിനെ തകര്‍ത്ത് തോമസ് ഐസക് കഴിഞ്ഞ 5 വര്‍ഷം ധനമന്ത്രി സ്ഥാനത്തിരുന്നു. ആര്യാടന്‍ മുഹമ്മദും ഐസകും ഈ മന്ത്രി മന്ദിരത്തില്‍ താമസിച്ച്‌ കാലാവധി തികച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button