KeralaLatest NewsNews

‘ലക്ഷദ്വീപിനെ മറ്റൊരു കാശ്മീരാക്കാനാണോ ശ്രമം?’; വിമർശനവുമായി വിടി ബല്‍റാം

സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കി. നിരവധി അംഗന്‍വാടികള്‍ അടച്ചുപൂട്ടി.

പാലക്കാട് : ലക്ഷദ്വീപിനെ സംബന്ധിച്ച കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെവിമർശനവുമായി തൃത്താല മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ വിടി ബല്‍റാം. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റര്‍ പ്രഭുല്‍ പട്ടേലിനെ ഉപയോഗിച്ചുകൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ദ്വീപില്‍ തങ്ങളുടെ വര്‍ഗീയ അജണ്ടയാണ് നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നു വിടി ബല്‍റാം ആരോപിച്ചു.

വിടി ബല്‍റാമിന്റെ കുറിപ്പ് ചുവടെ:

‘കേരളത്തിന്‍്റെ അയല്‍പക്കത്ത് ഭാഷാപരമായും സാംസ്ക്കാരികമായും വളരെയടുപ്പം പുലര്‍ത്തുന്ന നാടാണ് ലക്ഷദ്വീപ്. അവിടത്തുകാരായ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഉന്നത പഠനത്തിനെത്തുന്നതും ഇങ്ങോട്ടാണ്. കേന്ദ്ര ഭരണ പ്രദേശമായ അവിടെ ബിജെപി സര്‍ക്കാര്‍ നിക്ഷിപ്ത താത്പര്യങ്ങളോട് കൂടിയ ഇടപെടലുകള്‍ നടത്തുന്നു എന്നത് ഏറെ ആശങ്കാകരമാണ്. ലക്ഷദ്വീപിനെ മറ്റൊരു കശ്മീരാക്കാനാണോ സംഘ് പരിവാര്‍ ശ്രമം എന്ന് സംശയിക്കേണ്ടതുണ്ട്.

read also: കൊറോണ ആയുര്‍വേദ മരുന്ന് ‘ആയുഷ് 64’ , കേരളം ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ വിതരണ ചുമതല സേവാഭാരതിക്ക്

കശ്മീരില്‍ ചെയ്തത് പോലെ തദ്ദേശീയരായ ജനങ്ങളുടെ ജനാധിപത്യാവകാശങ്ങളേയും സാധാരണ ജീവിതത്തേയും അട്ടിമറിച്ച്‌ തന്നിഷ്ടം നടപ്പാക്കാനുള്ള നീക്കങ്ങളാണ് ഈയടുത്ത കാലത്ത് ലക്ഷദ്വീപിലും കാണാന്‍ കഴിയുന്നത്. കശ്മീര്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശമായിരുന്നുവെങ്കില്‍ ലക്ഷദ്വീപ് നൂറ് ശതമാനവും മുസ്ലിം പ്രദേശമാണ് എന്നത് സംഘ് പരിവാറിന് സ്വാഭാവികമായിത്തന്നെ രുചിക്കാത്ത കാര്യമാണല്ലോ.

2020 ഡിസംബറിലാണ് ചില പ്രത്യേക അജണ്ടകളുടെ ഭാഗമെന്നോണം കേന്ദ്രം പുതിയ ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററായി പ്രഫുല്‍ ഖോഡ പട്ടേലെന്ന ഗുജറാത്തിലെ ബിജെപി നേതാവിനെ നിയമിക്കുന്നത്. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുമ്ബോള്‍ അദ്ദേഹത്തിന്‍്റെ മന്ത്രിസഭയില്‍ ആഭ്യന്തര സഹമന്ത്രിയായി പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ഇദ്ദേഹം. ലക്ഷദ്വീപ് നിവാസികളുടെ തനത് സംസ്ക്കാരത്തേയും ജനകീയ പ്രതീക്ഷകളേയും തകിടം മറിക്കുന്ന നിരവധി തീരുമാനങ്ങളാണ് ഇദ്ദേഹം കൈക്കൊണ്ടു വരുന്നത്.

▪️ജനാധിപത്യ സംവിധാനത്തിലൂടെ നിലവില്‍ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചു എല്ലാം അഡ്മിനിസ്ട്രേറ്ററുടെ ഏകാധിപത്യത്തിന് കീഴിലാക്കി. വിദ്യാഭ്യാസം, ആരോഗ്യം, കൃഷി, മത്സ്യബന്ധനം, മൃഗസംരക്ഷണം തുടങ്ങിയവയൊക്കെ ഇപ്പോള്‍ അഡ്മിനിസ്ട്രേറ്ററുടെ കീഴിലായി.

▪️സര്‍ക്കാര്‍ സര്‍വ്വീസില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലിചെയ്തു കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് ദ്വീപ് നിവാസികളെയാണ് പിരിച്ചു വിട്ടുകൊണ്ടിരിക്കുന്നത്. ടൂറിസം വകുപ്പില്‍ നിന്ന് കാരണമില്ലാതെ 190 ജീവനക്കാരെ പിരിച്ചുവിട്ടു.

▪️എഴുപതിനായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ദ്വീപില്‍ സര്‍ക്കാര്‍ സര്‍വ്വീസും, മത്സ്യബന്ധനവുമാണ് പ്രധാന ജീവിതോപാധികള്‍. തീരദേശ സംരക്ഷണ നിയമത്തിന്‍റെ മറവില്‍ മത്സ്യബന്ധനത്തൊഴിലാളികളുടെ ഷെഡുകള്‍ എല്ലാം പൊളിച്ചുമാറ്റി.

▪️ഈയടുത്ത കാലം വരെ ഒരാള്‍ക്കുപോലും കോവിഡ് വരാതിരുന്ന ലക്ഷദ്വീപില്‍ അഡ്മിനിസ്ട്രേറ്റര്‍ കോവിഡ്‌ പ്രോട്ടോക്കോളുകള്‍ തോന്നിയപോലെ അട്ടിമറിച്ചു. ഇന്ന് ലക്ഷദ്വീപിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 60% ത്തിലധികമാണ്. മതിയായ വിദഗ്ദ ചികിത്സാ സൗകര്യങ്ങളില്ലാത്ത ദ്വീപില്‍ ഇത് അങ്ങേയറ്റം ഗുരുതരമായ സാഹചര്യമാണ് സൃഷ്ടിക്കുന്നത്.

▪️ മദ്യ രഹിത പ്രദേശമായിരുന്ന ദ്വീപില്‍ ടൂറിസത്തിന്റെ പേരുപറഞ്ഞ് മദ്യശാലകള്‍ക്ക് അനുമതികൊടുത്തു. തദ്ദേശവാസികളുടെ സാംസ്ക്കാരിക സെന്‍സിറ്റിവിറ്റികളോട് പൂര്‍ണ്ണമായ അവഹേളനമായി ഇത് മാറുന്നുണ്ട്.
▪️ ബീഫ് നിരോധനം നടത്തി തീന്‍മേശയിലും കൈകടത്തി.

▪️സ്കൂളിലെ വിദ്യാര്‍ത്ഥികളുടെ ഉച്ചഭക്ഷണത്തിലെ മെനുവില്‍ നിന്ന് മാംസാഹാരം ഒഴിവാക്കി. നിരവധി അംഗന്‍വാടികള്‍ അടച്ചുപൂട്ടി.

▪️CAA/NRC ക്ക് എതിരെ സ്ഥാപിച്ചിരുന്ന പോസ്റ്ററുകള്‍ മുഴുവന്‍ ലക്ഷദീപില്‍ നിന്ന് എടുത്തു മാറ്റി.

▪️ഒരൊറ്റ കുറ്റവാളി പോലുമില്ലാത്ത, ജയിലുകളും പോലീസ് സ്റ്റേഷനും എല്ലാം ഒഴിഞ്ഞുകിടക്കുന്ന മാതൃകാ പ്രദേശമായ ലക്ഷദ്വീപില്‍ അടിയന്തരമായി ഗുണ്ടാ ആക്‌ട് നടപ്പിലാക്കി.

▪️ രണ്ട് മക്കളില്‍ കൂടുതലുള്ളവര്‍ക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ വിലക്ക്.

▪️ലക്ഷദ്വീപിന് ഏറ്റവുമധികം ബന്ധമുണ്ടായിരുന്ന കേരളത്തിലെ ബേപ്പൂര്‍ തുറമുഖവുമായുള്ള ബന്ധം അപ്പാടെ വിച്ഛേദിയ്ക്കാനും ഇനിമുതല്‍ ചരക്കുനീക്കവും മറ്റും മുഴുവന്‍ മംഗലാപുരം തുറമുഖവും ആയി വേണമെന്ന് നിര്‍ബന്ധിയ്ക്കാനും തുടങ്ങി.

▪️ഭരണനിര്‍വ്വഹണ സംവിധാനങ്ങളില്‍ നിന്ന് ദ്വീപ്‌ നിവാസികളെ തുടച്ചുനീക്കി!

പുതിയ അഡ്മിനിസ്ട്രേറ്റര്‍ ചുമതലയേറ്റ് ചുരുങ്ങിയ കാലം കൊണ്ട് മാത്രം ലക്ഷദ്വീപില്‍ അടിച്ചേല്‍പ്പിച്ച നടപടികളില്‍ ചിലത് മാത്രമാണിത്. ദീര്‍ഘമായ ആസൂത്രണത്തോടെ, വംശീയ അപരവല്‍ക്കരണത്തിനായുള്ള ഒരു സംഘപരിവാര്‍ പദ്ധതിയുടെ തുടക്കം മാത്രമാണ് ഇതെന്ന് സംശയിക്കാവുന്നതാണ്. അംബാനി, അദാനി പോലുള്ള കുത്തകകളുടെ വമ്ബന്‍ ടൂറിസം പദ്ധതികള്‍ക്ക് കളമൊരുക്കുന്നതിനായി തദ്ദേശീയരെ ആട്ടിപ്പായിക്കുന്ന ശ്രമമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്. കശ്മീരിലും അങ്ങനെയൊരു ലക്ഷ്യം ഭരണ വര്‍ഗ്ഗത്തിനുണ്ടായിരുന്നുവല്ലോ.

കേന്ദ്രഭരണ പ്രദേശം എന്ന നിലയില്‍ പുറത്തു നിന്നെത്തുന്ന ഉദ്യോഗസ്ഥ/രാഷ്ട്രീയ പ്രമാണികള്‍ക്ക് ലക്ഷദ്വീപ് ഭരണകൂടത്തില്‍ വലിയ സ്വാധീനം എന്നുമുണ്ടായിരുന്നു. എന്നാല്‍ അതിനെയൊക്കെ അതിശയിക്കുന്ന തരത്തിലുള്ള രാഷ്ട്രീയ ഔന്നത്യമുള്ള പി എം സയീദിനെപ്പോലുള്ള ഒരു ജന പ്രതിനിധിയുടെ സാന്നിധ്യം അക്കാലത്ത് ദ്വീപുകാര്‍ക്ക് പകര്‍ന്നു നല്‍കിയ ആത്മവിശ്വാസവും സംരക്ഷിത ബോധവും ചെറുതല്ല. അദ്ദേഹത്തിന്‍്റെ അഭാവം ഇന്ന് ദ്വീപുകാര്‍ കൂടുതല്‍ക്കൂടുതലായി തിരിച്ചറിയുന്നുണ്ട്.

ലക്ഷദ്വീപ് ജനതയുടെ സ്വത്വവും, സംസ്കാരവും ചോദ്യം ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഈ ഘട്ടത്തില്‍, എല്ലാ ജീവിത വ്യവഹാരങ്ങളിലും കേരളത്തെ ആശ്രയിച്ച്‌ ജീവിക്കുന്ന ആ ജനതയെ ചേര്‍ത്തു പിടിക്കാനുള്ള ഉത്തരവാദിത്തം നമുക്കുണ്ട്. കേരളത്തിലെ സര്‍ക്കാരും ജനപ്രതിനിധികളും രാഷ്ട്രീയ നേതൃത്വവും പൊതു സമൂഹവും ഇക്കാര്യത്തില്‍ സജീവവും ആത്മാര്‍ത്ഥവുമായ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്.’

shortlink

Related Articles

Post Your Comments

Related Articles


Back to top button