KeralaLatest NewsNews

ദ്വീപുകാര്‍ക്ക് പടച്ചവന്റെ മനസ്, ആയിരം ഐഷ സുല്‍ത്താനമാര്‍ പ്രതികരിക്കേണ്ട സമയമാണിതെന്ന് ബാദുഷ

ആ നാടിന്റെ മഹത്തായ പാരമ്പര്യത്തെ തകര്‍ക്കാന്‍ അനുവദിക്കരുത്.

കൊച്ചി: ലക്ഷദ്വീപ് അ​ഡ്മി​നി​സ്ട്രേ​റ്റ​ർ പ്രഫുല്‍ കെ. പട്ടേലിന്റെ ഭരണത്തിനെതിരെ ദ്വീപ്‌വാസികൾ രംഗത്ത് എത്തിയതിനെ തുടർന്ന് പിന്തുണയുമായി പ്രമുഖർ. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മാതാവുമായ ബാദുഷയും ലക്ഷദ്വീപിന് പിന്തുണയുമായെത്തി. പൃഥ്വിരാജ് ചിത്രം അനാര്‍ക്കലിയുടെ ചിത്രീകരണ സമയത്ത് പത്ത് ദിവസം ലക്ഷദ്വീപിലുണ്ടായിരുന്നു. അന്ന് ലക്ഷദ്വീപിലെ ജനങ്ങളുടെ സ്‌നേഹവും സഹവര്‍ത്തിത്വവുമൊക്കെ നേരിട്ട് അനുഭവിച്ചതാണ്. ദ്വീപുകാര്‍ക്ക് പടച്ചവന്റെ മനസാണ്. അവിടേക്കാണ് പ്രഫുല്‍ ഖോഡ പട്ടേലെന്ന ഗുജറാത്തിലെ ബി.ജെ.പി നേതാവിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുന്നത്. പിന്നീട് കണ്ടത് പതിയെപ്പതിയെ കാവിവത്കരണം നടത്തുന്നതിനുള്ള ശ്രമങ്ങളായിരുന്നു. തീന്‍മേശയില്‍ വരെ അദ്ദേഹം അജണ്ടകള്‍ നടപ്പിലാക്കിയെന്നും ബാദുഷ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയുടെ സെറ്റില്‍ അസോസിയേറ്റ് ഡയറക്ടറായി ജോലി ചെയ്യുന്ന ഒരു കുട്ടിയെ പരിചയപ്പെട്ടു. സെറ്റില്‍ വളരെ കൃത്യനിഷ്ഠയോടെയും ഉത്തരവാദിത്വത്തോടെയും ഓടിനടന്ന് ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയെ പരിചയപ്പെട്ടു. സംസാരത്തിനിടെയാണ് അവര്‍ ലക്ഷദ്വീപ് കാരിയാണെന്ന് അറിയുന്നത്. ആ കുട്ടി ഇന്ന് ഏവര്‍ക്കും പരിചിതയാണ്. ഐഷ സുല്‍ത്താന. ലക്ഷദ്വീപിലെ ഭരണകൂട ഭീകരതയെക്കുറിച്ച്‌ പുറം ലോകത്തോടെ വിളിച്ചുപറഞ്ഞിരിക്കുകയാണ് അവര്‍. ഐഷയുടെ ഫേസ്ബുക്ക് പോസ്റ്റ് ഞാനും വായിക്കുകയുണ്ടായി. അപ്പോഴാണ് ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റീവ് ഭരണത്തിന്റെ ഫാസിസ്റ്റ് മുഖം മനസിലായത്. കുറച്ചുകാലം ഞാനും ലക്ഷദ്വീപില്‍ ഉണ്ടായിരുന്നു, അനാര്‍ക്കലി എന്ന സിനിമ ഷൂട്ടിങ്ങിനിടെ പൃഥ്വിരാജിനെ കാണാനാണ് അവിടെയെത്തിയത്.

10 ദിവസത്തോളം ഞാന്‍ അവിടെയുണ്ടായിരുന്നു. അന്ന് അന്നാട്ടിലെ ജനങ്ങളുടെ സ്‌നേഹവും സഹവര്‍ത്തിത്വവുമൊക്കെ നേരിട്ട് അനുഭവിച്ചതാണ്. ആദ്യം തന്നെ പറയട്ടെ, ദ്വീപുകാര്‍ക്ക് പടച്ചവന്റെ മനസാണ്. അവിടേക്കാണ് പ്രഫുല്‍ ഖോഡ പട്ടേലെന്ന ഗുജറാത്തിലെ ബിജെപി നേതാവിനെ അഡ്മിനിസ്‌ട്രേറ്ററായി നിയമിക്കുന്നത്. പിന്നീട് കണ്ടത് പതിയെപ്പതിയെ കാവിവത്കരണം നടത്തുന്നതിനുള്ള ശ്രമങ്ങളായിരുന്നു. തീന്‍മേശയില്‍ വരെ അദ്ദേഹം അജന്‍ഡകള്‍ നടപ്പിലാക്കി. കുട്ടികള്‍ക്കു നല്‍കുന്ന ഭക്ഷണതത്തില്‍നിന്ന് ബീഫ് ഒഴിവാക്കി. ടൂറിസത്തിന്റെ പേരുപറഞ്ഞ് നാടൊട്ടുക്ക് മദ്യശാലകള്‍ തുറന്നു. അദ്ദേഹത്തിന്റെ അശാസ്ത്രീയ നടപടികള്‍ നിമിത്തം കൊവിഡ് ഇല്ലാതിരുന്ന ഒരിടത്ത് ഇന്നു കൊവിഡ് രൂക്ഷമായി. ജനാധിപത്യ സംവിധാനത്തിലൂടെ നിലവില്‍ വരുന്ന ദ്വീപ് ജില്ലാ പഞ്ചായത്തിന്റെ അധികാരങ്ങള്‍ വെട്ടിക്കുറച്ചു എല്ലാം അഡ്മിനിസ്‌ട്രേറ്ററുടെ ഏകാധിപത്യത്തിന് കീഴിലാക്കി. അങ്ങനെ നിരവധി കൊള്ളരുതായ്മകള്‍ ബലപ്രകാരത്തിലൂടെ അദ്ദേഹം നടപ്പിലാക്കി. കേരളത്തിന്റെ അയല്‍പക്കത്ത് ഭാഷാപരമായും സാംസ്‌ക്കാരികമായും വളരെയടുപ്പം പുലര്‍ത്തുന്ന നാടാണ് ലക്ഷദ്വീപ്. എഴുപതിനായിരത്തില്‍ താഴെ മാത്രം ജനസംഖ്യയുള്ള ദ്വീപില്‍ സര്‍ക്കാര്‍ സര്‍വ്വീസും, മത്സ്യബന്ധനവുമാണ് പ്രധാന ജീവിതോപാധികള്‍. എന്നാല്‍, ഈ രംഗത്തെത്തെല്ലാം ഇന്ന് അഡ്മിനിസ്‌ട്രേറ്ററുടെ ഇടപെടലാണ്.

Read Also: മുസ്ലീം ജനവിഭാഗങ്ങളുടെ അട്ടിപ്പേറവകാശം മുസ്ലീം ലീഗിനല്ല; വകുപ്പ് നിശ്ചയിക്കുന്നത് മുസ്ലീം ലീഗല്ലെന്ന് മുഖ്യമന്ത്രി

തീരദേശ സംരക്ഷണ നിയമത്തിന്റെ മറവില്‍ മത്സ്യബന്ധനത്തൊഴിലാളികളുടെ ഷെഡുകള്‍ എല്ലാം പൊളിച്ചുമാറ്റി. സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ കരാര്‍ ജീവനക്കാരെ മുഴുവന്‍ പിരിച്ചുവിട്ടു. അങ്ങനെ എന്തൊക്കെ രീതിയില്‍ ഒരു ജനതയെ അപരവത്കരണം നടത്താമോ അതൊക്കെ അയാള്‍ ചെയ്യുകയാണ്. ഇതിനെതിരേ പൊതുസമൂഹം ഉണര്‍ന്നേ മതിയാകൂ. ആയിരം ഐഷ സുല്‍ത്താനമാര്‍ പ്രതികരിക്കേണ്ട സമയമാണിത്. ആ നാടിന്റെ മഹത്തായ പാരമ്പര്യത്തെ തകര്‍ക്കാന്‍ അനുവദിക്കരുത്. നമ്മെ ആശ്രയിച്ചു ജീവിക്കുന്ന അവരെ കൈവിടരുത്. ലക്ഷദ്വീപുകാര്‍ പാവങ്ങളാണ്. അവര്‍ എങ്ങനെയും ജീവിച്ചുപൊയ്‌ക്കോട്ടെ. ലക്ഷദ്വീപിന്റെ മനസിന് ഐക്യദാര്‍ഢ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button