KeralaLatest NewsNews

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ ഇറച്ചി വാങ്ങി മടങ്ങിയ യുവാവിനോട് പോലീസ് ചെയ്തത്

മുഹമ്മദ് അസ്‌ലം എന്ന യുവാവാണ് പോലീസിനെതിരെ രംഗത്തെത്തിയത്

മലപ്പുറം: ട്രിപ്പിള്‍ ലോക്ക് ഡൗണിനിടെ നിയമം പാലിച്ച് പുറത്തിറങ്ങിയ യുവാവിനെ പോലീസ് മര്‍ദ്ദിച്ചെന്ന് ആരോപണം. കുഴിഞ്ഞില്‍ മുഹമ്മദ് അസ്‌ലം എന്ന യുവാവാണ് പോലീസിനെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് രംഗത്തെത്തിയത്. പോലീസ് ലാത്തി ഉപയോഗിച്ച് മര്‍ദ്ദിച്ചതിന്റെ അടയാളവും അസ്‌ലം ഫേസ്ബുക്ക് പോസ്റ്റിലൂടെ പുറത്തുവിട്ടു. മലപ്പുറം കൂട്ടിലങ്ങാടിയിലാണ് സംഭവം.

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ പോലീസ് ജനങ്ങളോട് അപമര്യാദയായി പെരുമാറുന്നുവെന്ന വാര്‍ത്തകള്‍ നേരത്തെയും പുറത്തുവന്നിരുന്നു. ഇതിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ പ്രതിഷേധമാണ് ഉണ്ടായത്. ഇതിന് പിന്നാലെയാണ് അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പുറത്തിറങ്ങിയ യുവാവിനെ പോലീസ് കാരണമില്ലാതെ മര്‍ദ്ദിച്ചെന്ന പരാതിയും ഉയര്‍ന്നിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പോലീസാണു വൈറസ്

” ഇന്നു രാവിലെ കുറച്ച് ഇറച്ചി വാങ്ങാമെന്ന് കരുതി പ്രധാന അങ്ങാടിയായ കൂട്ടിലങ്ങാടിയിൽ പോയിരുന്നു. ഒരാഴ്ച മുമ്പും ഇതേ ആവശ്യത്തിന് പോയിരുന്നു. ഇടക്കിടെ പോവാതിരിക്കാൻ കുറച്ചധികം ഇറച്ചി വാങ്ങാറാണ് പതിവ്. ഞാൻ അങ്ങാടിയിലെത്തുമ്പോഴേ പോലീസ് അവിടെയുണ്ട്. തിരിച്ചു പോകുമ്പോൾ എനിക്കു രണ്ടു വഴിയുണ്ട്. എളുപ്പ വഴിയിൽ പോലീസ് വാഹനം നിർത്തിയിട്ടുണ്ട്. ഞാൻ ആ വഴിക്കുതന്നെ പോകാമെന്നു വച്ചു.എനിക്കൊട്ടും ഭയം തോന്നിയില്ല. കയ്യിൽ ഇറച്ചിയുണ്ട്, വേണ്ട എല്ലാ രേഖയും കരുതിയിട്ടുമുണ്ട്. ലാത്തി നീട്ടിപ്പിടിച്ച് എന്റെ ബൈക്ക് നിർത്തിക്കുമ്പോൾ നിയമ സംവിധാനങ്ങളോടുള്ള എല്ലാ അനുസരണയോടും കൂടെയാണ് ഞാൻ വണ്ടിയൊതുക്കിയത്. ചോദ്യങ്ങൾക്കെല്ലാം കൃത്യമായ മറുപടിയും ഇറച്ചിയും കാണിച്ചപ്പോൾ എന്നാൽ വേഗം വിട്ടോ എന്നു അയാൾ പറഞ്ഞതും ഞാൻ വണ്ടിയെടുത്തതും പുറത്തിനു താഴെ അടി വീണതും ഒരുമിച്ചായിരുന്നു..

പോലീസിന്റെ ലാത്തി ജീവിതത്തിൽ ആദ്യമായി എന്നെ തൊട്ടു എന്നറിയുമ്പോൾ ഞാൻ കുറച്ചു മുന്നോട്ടു പോയിട്ടുണ്ട്.

നിരാശയും സങ്കടവും ദേഷ്യവും ഭയവുമെല്ലാം ഒരുമിച്ചു വന്ന നേരം. വണ്ടി നിർത്താനോ എന്തിനായിരുന്നെന്ന് ചോദിക്കാനോ തോന്നിയില്ല; ലാത്തിക്കും അയാൾക്കും വേണ്ടത് നിയമമല്ല ; ഇരയെയാണ്. വാണിയമ്പലത്തെ മർദ്ധനവും മനസ്സിൽ വന്നു.

കേവലം ഒരു ഹെൽമെറ്റ് വെക്കാത്തതിനു പോലും എനിക്ക് പോലീസുകാർക്കു മുന്നിൽ ഇതു വരെ തല താഴ്ത്തേണ്ടി വന്നിട്ടില്ല. ലാത്തിയുടെ ചൂട് പോയിട്ട് ഒരു ശകാരം പോലും കാക്കിയിൽ നിന്ന് കേൾക്കേണ്ടി വന്നിട്ടില്ല.. ഊട്ടിയും വയനാടും മൂന്നാറും കേറുന്ന, കുറഞ്ഞ കാലം കൊണ്ട് മീറ്റർ ബോർഡിൽ 80,000 km കടന്ന ബൈക്ക് കുറേ ദിവസങ്ങളായി വെറുതെ കിടപ്പാണ്..

ലോക് ഡൗണിനെ എങ്ങനെ സമീപിക്കുന്നുവെന്ന് ചോദിച്ചാൽ അത്യാവശ്യം പ്രാദേശിക പൊതുപ്രവർത്തന സ്വഭാവമുണ്ടായിട്ടും രണ്ടു പലചരക്കു കടകളും പള്ളിയും മദ്രസയും മാത്രമുളള എന്റെ ഗ്രാമത്തിലെ ചെറു അങ്ങാടിയിലേക്ക് പോലും ഇത്രയും ദിവസത്തിനുള്ളിൽ ഞാനിറങ്ങിയത് രണ്ടു തവണ മാത്രമാണ്. അതു തന്നെ ഭക്ഷ്യ സാധനങ്ങൾ വാങ്ങാൻ. പിന്നെ ചില കോവിഡ് രോഗികളുടെ വീടും സന്ദർശിച്ചു, മഴക്കെടുതി വിലയിരുത്തി വാർഡു മുതൽ മുകളിലേക്കുള്ള ജനപ്രതിനികളോട് കാര്യങ്ങൾ അറിയിച്ചു. ഇതെല്ലാം എന്റെ അയൽപക്കത്തിൽ.

അല്ലെങ്കിലും എനിക്കിത് കിട്ടണം,

വീട്ടിലേക്ക് പാൽ വാങ്ങാൻ കുറച്ചപ്പുറത്ത് ബൈക്കിൽ പോകുമ്പോൾ പോലും ‘പാൽ വാങ്ങാൻ ഇന്ന നമ്പർ വാഹനത്തിൽ…’ എന്നു തുടങ്ങി സത്യവാങ്മൂലമെഴുതുന്ന എനിക്കിത് കിട്ടണം..

പോലീസിനെ സംബന്ധിച്ച് മാരക മർദ്ദനമെന്നുമല്ലായിരിക്കാം, പഠിച്ച വിദ്യാലയങ്ങളിൽ നിന്ന് പോലും വലിയ അടിയൊന്നും വാങ്ങി ശീലമില്ലാത്തതിനാൽ ലാത്തിയമർന്ന് രാവിലെ തണർത്ത ഭാഗം ഇപ്പോൾ ചുവന്നിട്ടുണ്ട്. നാളെയത് നീല നിറമാകും , മറ്റെന്നാൾ കറുപ്പും. കുറച്ചു ദിവസം കമിഴ്ന്ന് കിടക്കേണ്ടി വരും, കുറച്ചു ദിവസങ്ങൾ കഴിയുമ്പോൾ അടയാളങ്ങൾ മാറുമായിരിക്കും. ശരീരത്തിൽ നിന്ന് ; മനസ്സിൽ നിന്നല്ല. നിയമം പരമാവധി പാലിക്കണമെന്ന് കരുതിയവന് നിയമപാലകരിൽ നിന്ന് ലഭിച്ച അനീതിയുടെ അടയാളമാണത്. അതവിടെയുണ്ടാകും.

എന്നാലും ഒരുറപ്പുണ്ട്,

അത് ഇരയുടെ ഉറപ്പാണ്, പടച്ചവന്റെ ഉറപ്പ് ,

അന്യായമായിരുന്നെങ്കിൽ നീയൊക്കെ അനുഭവിച്ചേ പോകൂ..”

shortlink

Related Articles

Post Your Comments

Related Articles


Back to top button