KeralaLatest NewsNews

ചരിത്രമൊന്നും ബിജെപിക്കു ബാധകമല്ല, ഹിന്ദുത്വ- കോര്‍പ്പറേറ്റ് സേവ നടപ്പിലാക്കല്‍ ലക്ഷ്യം

ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരിച്ച് തോമസ് ഐസക്

തിരുവനന്തപുരം: ലക്ഷദ്വീപിന്റെ ചരിത്രമൊന്നും ബിജെപിക്ക് ബാധകമേ അല്ല. അവരുടെ ലക്ഷ്യം ഹിന്ദുത്വ അജണ്ട നടപ്പിലാക്കലാണ്. ലക്ഷദ്വീപുകളെ കേരളത്തിനോടു ചേര്‍ക്കാതെ കേന്ദ്രഭരണ പ്രദേശമാക്കിയത് പട്ടികവര്‍ഗ്ഗക്കാരായ അവിടുത്തെ ജനങ്ങളുടെ ചരിത്ര പാരമ്പര്യങ്ങളും സംസ്‌കാരവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ടാണ്. പട്ടികവര്‍ഗ്ഗക്കാരുടെ വികസനത്തിന് ഇത്തരം പരിഗണന വേണോ? ചോദ്യവുമായി മുന്‍ ധനമന്ത്രി തോമസ് ഐസക് . തന്റെ ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് തോമസ് ഐസക് ലക്ഷദ്വീപ് വിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നത്.

Read Also : എന്തിനാണ് സുഹൃത്തുക്കളെ കലാപം ഉണ്ടാക്കുന്നത്, ലക്ഷദ്വീപിലെ ഒരു അയിഷ സുല്‍ത്താനയുടെ പോസ്റ്റ് കണ്ടിട്ടോ ?

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 

ലക്ഷദ്വീപിലെ വംശഹത്യാസമാനമായ വികസന നയങ്ങളെക്കുറിച്ച് രാജ്യത്തെമ്പാടും ഉയര്‍ന്നുവരുന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപ് കളക്ടര്‍ കേരളത്തില്‍വന്നു മാധ്യമങ്ങളെ കണ്ടു. കാര്യം വളരെ വ്യക്തം: ‘ചൈനക്ക് മക്കാവോ പോലെ, ഇന്‍ഡോനേഷ്യക്ക് ബാലി പോലെ, തായ്ലന്‍ഡിന് ഫുക്കെറ്റ് പോലെ, ഫിലിപ്പീന്‍സിന് പലവാന്‍ പോലെ ഇന്ത്യക്ക് ഒരു ലോകോത്തര ടൂറിസ്റ്റ് ടെസ്റ്റിനേഷനാക്കി മാറ്റാന്‍ സാധിക്കുന്ന ആര്‍ച്ചിപലാഗോ ആണ് ലക്ഷദ്വീപ്’. (ഇവ കളക്ടറുടെ വാക്കുകളല്ല. ഇന്നു വേറൊരു പോസ്റ്റില്‍ വായിച്ചതാണ്). ഇങ്ങനെയാക്കി മാറ്റുമ്‌ബോള്‍ അവിടുത്തെ ജനങ്ങള്‍ക്ക് എന്താണു വേണ്ടതെന്നു ചോദിക്കണ്ടേ? അവര്‍ക്ക് ഇതില്‍ നിന്നും എന്തു ഗുണമെന്ന് അന്വേഷിക്കണ്ടേ? അതോ കോര്‍പ്പറേറ്റുകളുടെ ലാഭം മാത്രം പരിഗണിച്ചാല്‍ മതിയോ?

ലക്ഷദ്വീപുകളെ കേരളത്തിനോടു ചേര്‍ക്കാതെ കേന്ദ്രഭരണ പ്രദേശമാക്കിയത് പട്ടികവര്‍ഗ്ഗക്കാരായ അവിടുത്തെ ജനങ്ങളുടെ ചരിത്ര പാരമ്പര്യങ്ങളും സംസ്‌കാരവും സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യം അംഗീകരിച്ചുകൊണ്ടാണ്. പട്ടികവര്‍ഗ്ഗക്കാരുടെ വികസനത്തിന് ഇത്തരം പരിഗണന വേണോ? നമ്മുടെ ആധുനിക ലോകത്തേയ്ക്ക് അവരെ നിര്‍ബന്ധപൂര്‍വ്വം കൊണ്ടുവരേണ്ടതല്ലേയെന്ന് നെഹ്‌റുവിന്റെ കാലത്തു വലിയ ചര്‍ച്ച നടന്ന കാര്യമാണ്. വെരിയര്‍ എല്‍വിന്റെ ദര്‍ശനത്തിന്റെ അടിസ്ഥാനത്തില്‍ ആദിവാസി പഞ്ചശീലത്തിനു നെഹ്‌റു രൂപം നല്‍കിയത് അങ്ങനെയാണ്. ഈ ചരിത്രമൊന്നും ബിജെപിക്കു ബാധകമല്ല. അവര്‍ക്കു രണ്ടു മാനദണ്ഡമേയുള്ളൂ. ഒന്ന്, ഹിന്ദുത്വ, രണ്ട്, കോര്‍പ്പറേറ്റ് സേവ.

ദ്വീപുകളുടെ സമഗ്രവികസന പരിപാടിയാണുപോലും നടപ്പാക്കാന്‍ പോകുന്നത്. അപരിഷ്‌കൃതത്വത്തില്‍ നിന്നും ആധുനികയുഗത്തിലേയ്ക്കു ദ്വീപ് നിവാസികളെ കൊണ്ടുവരാന്‍ പോവുകയാണ് എന്നാണ് നാട്യം. ബിജെപി ഭരിക്കുന്ന വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളെക്കാള്‍, എന്തിന് ദേശീയശരാശരിയേക്കാള്‍ എത്രയോ ഉയര്‍ന്നതാണ് ദ്വീപിലെ വികസന സൂചികകള്‍. ഇതൊന്നുമല്ല പരിഗണിക്കേണ്ടത്. പ്രതിശീര്‍ഷ വരുമാനമാണ്. ലക്ഷദ്വീപ് മക്കാവോയും ബാലിയും എല്ലാം പോലെ ആഗോള ടൂറിസം ചൂതാട്ട കേന്ദ്രമാകുമ്പോള്‍ ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനമുള്ള പ്രദേശമായി ലക്ഷദ്വീപ് മാറിയേക്കാം. എന്നാല്‍ അതില്‍ ദ്വീപുകാര്‍ക്കുള്ള പങ്കുകൊണ്ട് അവരുടെ ജീവിതം ഇന്നത്തേക്കാള്‍ മെച്ചമാകുമെന്ന് എന്ത് ഉറപ്പ്?

ദ്വീപിന്റെ വികസനത്തിന് അത്യന്താപേക്ഷിതമായിട്ടുള്ളവ ഇവയാണ് – മത്സ്യബന്ധനം നവീകരിക്കുക, അവ ഉല്‍പ്പന്നങ്ങളായി സംസ്‌കരിക്കുക, നാളികേര വ്യവസായങ്ങള്‍ പ്രോത്സാഹിപ്പിക്കുക, ഉത്തരവാദിത്വ ടൂറിസം നടപ്പാക്കുക. ഡീസാലിനേഷന്‍ പ്ലാന്റു വേണം. പുതിയ ആശുപത്രി വേണം. സ്‌കൂള്‍ സൗകര്യങ്ങള്‍ ഇനിയും മെച്ചപ്പെടുത്തണം. ഇതിനൊക്കെ ഇന്നു ചെയ്യുന്ന പരാക്രമങ്ങള്‍ എന്തിന്? കടപ്പുറത്തെ അനധികൃത മത്സ്യബന്ധന നിര്‍മ്മാണെന്ന് കളക്ടര്‍ വിശേഷിപ്പിക്കുന്നത് മത്സ്യത്തൊഴിലാളികളുടെ ഷെഡ്ഡുകളെയാണ്. നൂറ്റാണ്ടുകളായി അവര്‍ക്കുള്ള അവകാശം ഇല്ലാതാക്കാന്‍ ഈ വരത്തന്‍മാര്‍ ആരാണ്? മയക്കുമരുന്നും കുറ്റകൃത്യങ്ങളും കൂടുന്നൂവെന്നുള്ള വാദം ശരിതന്നെയാവട്ടെ. അതിന് ഇന്ത്യയില്‍ ക്രിമിനല്‍ നിയമങ്ങളുണ്ട്. ഗുണ്ടാ ആക്ടിന്റെ ആവശ്യമെന്ത്? നിങ്ങള്‍ ആര്‍ക്ക് എതിരായിട്ടാണ് യുദ്ധം പ്രഖ്യാപിക്കുന്നത്? പിരിച്ചുവിടപ്പെട്ടവര്‍ താല്‍ക്കാലികക്കാരാണു പോലും. കോവിഡു കാലമാണോ അതിനുള്ള സമയം? ദ്വീപുകാരെക്കൊണ്ട് കൂടുതല്‍ പച്ചക്കറി തീറ്റിക്കാനാണ് ബീഫ് നിരോധിച്ചത് എന്നാണ് ചിലവരുടെ വാദം. ഇപ്പോള്‍ കളക്ടര്‍ പറയുന്നു ഇറച്ചിക്കു പകരം കൂടുതല്‍ മീന്‍ തീറ്റിക്കാനാണ് എന്നാണ്. എന്തു തിന്നണമെന്ന് അവര്‍ തന്നെ തീരുമാനിക്കുന്നതല്ലേ ഉചിതം.

എത്രയോ നാളായി നിലനില്‍ക്കുന്ന പള്ളി എന്തിന് ഇപ്പോള്‍ പൊളിക്കണം? വീടുകള്‍ കുടിയൊഴിപ്പിച്ച് എന്തിന് വന്‍കരയിലെന്നപോലെ റോഡ്? പുത്തന്‍ വിമാനത്താവളം. ഓ, ബാലിയും മക്കാവോയുമെല്ലാം ആകുമ്‌ബോള്‍ ഇതൊക്കെ അനിവാര്യം. ദ്വീപുകള്‍ക്കുചുറ്റും കടല്‍ഭിത്തി അടിയന്തിരമായി നിര്‍മ്മിക്കുമത്രെ. അതിന്റെ പാരിസ്ഥിതിക വിലയിരുത്തല്‍ നടത്തിയിട്ടുണ്ടോ? ഇത്തരം പാരിസ്ഥിതി പരിഗണന നല്‍കാതെ തീരത്ത് നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തിയതിന്റെ പ്രത്യാഘാതങ്ങള്‍ കേരളത്തില്‍ അനുഭവിച്ചു കൊണ്ടിരിക്കുകയല്ലേ.

‘ദ്വീപിലെ ജനങ്ങളുടെ സാമ്പത്തിക സാഹചര്യം പരിഗണിച്ചാണ് കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്തിയത്’. എന്നാണ് കളക്ടറുടെ വ്യാഖ്യാനം. എന്തായിരുന്നെന്നോ ഈ നിയന്ത്രണം? ദ്വീപിലെ എന്തെങ്കിലും സാമ്പത്തിക പ്രവര്‍ത്തനത്തിനുള്ള നിയന്ത്രണമല്ല. ദ്വീപിലേയ്ക്ക് ആര്‍ക്കെങ്കിലും വരണമെങ്കില്‍ എംപാര്‍ക്കേഷന്‍ സ്ഥലത്ത് ക്വാറന്റൈനില്‍ താമസിച്ചശേഷമേ പാടുള്ളൂവെന്നാണ്. ഇതു മാറ്റിയതിന്റെ ഫലമായി ദ്വീപുകള്‍ ഇന്ന് പകര്‍ച്ചാവ്യാധി കേന്ദ്രങ്ങളായി മാറി. പിന്നെ, ആ കളക്ടറുടെ ഒരു ദാര്‍ഷ്ട്യമുണ്ടല്ലോ – ഒരു പ്രതിഷേധത്തിനും വഴങ്ങില്ലായെന്നുള്ളത്. പ്രതിഷേധിക്കുന്നവരൊക്കെ സാമൂഹ്യവിരുദ്ധരുമാണത്രെ – അതു വിലപോവില്ലായെന്നു പഠിപ്പിക്കേണ്ടതുണ്ട്. ജനങ്ങളെല്ലാം ഒത്തൊരുമിച്ചു സമാധാനപരമായി നിലയെടുത്താല്‍ ഏതു സ്വേച്ഛാധിപതിയും തലകുനിക്കേണ്ടിവരുമെന്നു ഗാന്ധിജി പഠിപ്പിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ ഡല്‍ഹിയിലെ കൃഷിക്കാര്‍ ഇതേകാര്യം നമ്മെ പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

പട്ടിക വര്‍ഗ്ഗക്കാര്‍ മാത്രം താമസിക്കുന്ന പ്രദേശമെന്ന നിലയില്‍ അവരുടെ അറിവും സമ്മതത്തോടുംകൂടിയല്ലാതെ ഒരു പദ്ധതിയും അവിടെ നടപ്പാക്കാന്‍ പാടില്ല. അതിന് അവിടെ ജില്ലാ കൗണ്‍സിലുണ്ട്. തെരഞ്ഞെടുക്കപ്പെട്ട എംപിയുണ്ട്. ജില്ലാ കൗണ്‍സിലിന്റെ അധികാരങ്ങള്‍ കവരുന്നു. എംപിയെ നോക്കുകുത്തിയാക്കുന്നു. ഇതിനെതിരെ കേരളവും തമിഴ്‌നാടും മാത്രമല്ല, ഇന്ത്യയിലെ മുഴുവന്‍ ജനാധിപത്യവിശ്വാസികളും അണിനിരക്കേണ്ടതാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button