Latest NewsNewsIndiaCrime

‘ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടർ ഓഫ് ചെയ്ത ആംബുലൻസ് ഡ്രൈവറെ മർദ്ദിക്കുന്ന പൊലീസ്’; വൈറലാകുന്ന വീഡിയോയുടെ സത്യമെന്ത്?

ആശുപത്രിയിൽ സംഭവിച്ച ഒരു മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് പൊലീസ് യുവാവിനെ ആക്രമിച്ചത്.

മഹാരാഷ്ട്ര: ഒരു സംഘം പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ വെച്ച് ഒരു യുവാവിനെ മർദ്ദിക്കുന്നതിന്റെ വീഡിയോ രണ്ട് ദിവസമായി സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നുണ്ട്. ‘ആശുപത്രിയിലെ ഓക്സിജൻ സിലിണ്ടർ ലൈൻ ഓഫ് ചെയ്ത ആംബുലൻസ് ഡ്രൈവറെ പൊലീസ് കൈയ്യോടെ പിടികൂടിയപ്പോൾ’ എന്ന രീതിയിലാണ് വീഡിയോ സോഷ്യൽ മീഡിയകളിൽ പ്രചരിക്കുന്നത്. എന്നാൽ, എന്താണ് ഈ പ്രചരിക്കുന്ന വീഡിയോയുടെ സത്യമെന്ന് പരിശോധിക്കാം.

മഹാരാഷ്ട്രയിലെ ജൽന ദീപക് ആശുപത്രിയിൽ ഏപ്രിൽ 9നു സംഭവിച്ചതിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലാകുന്നത്. പ്രദേശത്തെ ബിജെപി യുവജന സെക്രട്ടറി ശിവരാജ് നരിയാൽവാലെയെ ആണ് പൊലീസ് കൂട്ടമായി മർദ്ദിക്കുന്നത്. ആശുപത്രിയിൽ സംഭവിച്ച ഒരു മരണവുമായി ബന്ധപ്പെട്ടുണ്ടായ പ്രശ്നങ്ങളെ തുടർന്നാണ് പൊലീസ് യുവാവിനെ ആക്രമിച്ചത്. പൊലീസിന്റെ ഗുണ്ടാവിളയാട്ടം ഫോണിൽ റെക്കോർഡ് ചെയ്തതിനെ തുടർന്നായിരുന്നു യുവാവിനു നേരെയുള്ള മർദ്ദനമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Also Read:ഓഫീസിനുള്ളിൽ ജീവനക്കാരിയെ കടന്നു പിടിച്ചു; നഗരസഭാ സൂപ്രണ്ടിന് സസ്‌പെൻഷൻ

സുഹൃത്തിനെ കാണാൻ ആശുപത്രിയിൽ എത്തിയതായിരുന്നു ശിവരാജ്. ഇതേസമയം, റോഡിൽ അപകടത്തിൽപ്പെട്ട യുവാവിനെയും കൊണ്ട് ചിലർ ആശുപത്രിയിലെത്തി. യുവാവിന്റെ ബന്ധുക്കളും സ്ഥലത്തെത്തി. എന്നാൽ, ചികിത്സയ്ക്കിടെ യുവാവ് മരണപ്പെട്ടു. ആശുപത്രി അധികൃതരുടെ അനാസ്ഥയെ തുടർന്നാണ് യുവാവ് മരിച്ചതെന്നാരോപിച്ച് ബന്ധുക്കൾ ഡോക്ടർമാർക്കും നഴ്സുമാർക്കും മേൽ തട്ടിക്കയറി. യുവാവിന്റെ മരണം ഉൾക്കൊള്ളാനാകാതെ ഇവർ ആശുപത്രി ജീവനക്കാരുമായി തർക്കിച്ചു. ഇതേത്തുടർന്നുണ്ടായ പിടിവലികൾക്കിടയിൽ ആശുപത്രിയിലെ ചില ചില്ലുകൾ തകർന്നു വീണു.

താമസിയാതെ ആശുപത്രി ജീവനക്കാർ പോലീസിനെ വിളിച്ചു. പോലീസിനെത്തി എല്ലാവരേയും ചോദ്യം ചെയ്തു. മരണപ്പെട്ട യുവാവിന്റെ ബന്ധുക്കളെയും അവർക്കുവേണ്ടി വാദിച്ചവരേയും ജാതി പറഞ്ഞ് പൊലീസ് അപമാനിക്കാൻ ശ്രമിച്ചുവെന്നും ഇത് വീഡിയോയിൽ പകർത്താൻ ശ്രമിച്ചപ്പോഴാണ് തനിക്ക് നേരെ ആക്രമണമുണ്ടായതെന്നും ശിവരാജ് വ്യക്തമാക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണത്തിനു ജില്ലാ പൊലീസ് സൂപ്രണ്ട് ഉത്തരവിട്ടിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button