KeralaLatest NewsNews

ഭർത്താവിന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യും മുമ്പേ ഭാര്യയുടെ സദാചാരമന്വേഷിച്ച ഒളിക്യാമറ; രാഹുല്‍ മാങ്കൂട്ടത്തില്‍

നിങ്ങളുടെ പഴയ സഹപ്രവര്‍ത്തകയെ സിപിഎം ആക്രമിക്കുകയാണ്,സഹായിക്കണമെന്നു വീണാ ജോര്‍ജിനോട് രാഹുല്‍ മാങ്കൂട്ടത്തില്‍

 കൊച്ചി : തന്നെയും കുടുംബത്തെയും സി.പി.എമ്മും ദേശാഭിമാനിയും വേട്ടയാടിക്കൊണ്ടിരിക്കുകയാണെന്ന മാധ്യമപ്രവര്‍ത്തക വിനീത വേണുവിന്റെ വെളിപ്പെടുത്തൽ ശ്രദ്ധനേടുകയാണ്. ഈ അവസരത്തിൽ വിനീതയെ സഹായിക്കണമെന്ന് മന്ത്രി വീണ ജോര്‍ജിനോട് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. മുന്‍കാല മാധ്യമപ്രവര്‍ത്തകയായ താങ്കള്‍ക്ക് താങ്കളുടെ പ്രൊഫഷണല്‍ കമ്മ്യൂണിറ്റിയുടെ ഭാഗമായ ഈ സ്ത്രീയുടെ ബുദ്ധിമുട്ടുകള്‍ മനസിലാകുമെന്നും, ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടുമെന്നും വിശ്വസിക്കുന്നുവെന്നും രാഹുല്‍ സമൂഹ മാധ്യമത്തിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു. അതിനൊപ്പം സിപിഎമ്മിന്റെ സദാചാര കാഴ്‌ചപ്പാടുകളെയും വിമർശിക്കുന്നുണ്ട്.

read also: ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്കെതിരെ കേരള നിയമസഭ പ്രമേയം ; സെക്രട്ടറിയേറ്റിന് മുന്നില്‍ പ്രതിഷേധവുമായി യുവമോര്‍ച്ച

രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ കുറിപ്പ്

ബഹുമാനപ്പെട്ട കേരളത്തിന്‍റെ വനിത- ശിശുക്ഷേമ വകുപ്പ് മന്ത്രി ശ്രീമതി വീണ ജോര്‍ജ്ജ് അറിയുവാന്‍, “ഇനിയും വേട്ടയാടി മതിയായില്ലെങ്കില്‍ കാള്‍ടെക്സ് ജംഗ്ഷനില്‍ വന്ന് നില്‍ക്കാം. തല ഉയര്‍ത്തിപ്പിടിച്ച്‌ തന്നെ. ഞങ്ങളും കുഞ്ഞുങ്ങളും. ഒറ്റവെട്ടിന് തീര്‍ത്തേക്കണം” ഇന്ത്യാവിഷനിലെ താങ്കളുടെ പഴയകാല സഹപ്രവര്‍ത്തകയായ സ്ത്രീയ്ക്ക് ഹൃദയവേദനയോടു കൂടി എഴുതിയ കുറിപ്പിലെ പ്രസക്തമായ വാക്കുകളാണിത്.

കേരളത്തിലെ ദൃശ്യമാധ്യമ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മാധ്യമ പ്രവര്‍ത്തകയാണ് വിനീത വേണു. നീതിയുടെ പക്ഷത്ത് നിന്ന് വാര്‍ത്തകള്‍ റിപോര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചിരുന്ന മാധ്യമ പ്രവര്‍ത്തക. കേരളീയ മനസ്സാക്ഷിയെ ഞെട്ടിച്ച ഷുഹൈബിന്റെ രാഷ്ട്രീയക്കൊലയില്‍ അതിന്റെ ഉള്ളറകളും അതില്‍ സി പി എം കേന്ദ്രങ്ങള്‍ക്കുള്ള പങ്കും സത്യസന്ധമായി പറഞ്ഞതിന് ശേഷം നടക്കുന്ന ഈ ക്വട്ടേഷന്‍ അത്യന്തം ഹീനമാണ്. അവരുടെ റിപ്പോര്‍ട്ടുകളോടുള്ള ജയരാജന്മാരുടെയും, ആകാശ് തില്ലങ്കേരിയുടെയുമൊക്കെ അസഹിഷ്ണുതയുടെ പ്രതിഫലനമായ പല ബോക്സ് ന്യൂസുകളും ദേശാഭിമാനിയില്‍ അക്കാലത്ത് തന്നെ വിനിതയ്ക്കെതിരെ വന്നിരുന്നു.

read also: വീഡിയോ കോളില്‍ കെണിയൊരുക്കി തട്ടിപ്പ്; മുന്നറിയിപ്പുമായി കേരള പോലീസ്

മംഗലാപുരത്തെ സദാചാരസേന പോലും ലജ്ജിച്ചു പോകുന്ന സദാചാര ഗുണ്ടായിസം സി.പിഎം പാര്‍ട്ടിയും അവരുടെ ജിഹ്വയായ ദേശാഭിമാനിയും അനേകം തവണ നടത്തിയിട്ടുണ്ട്, അതിന് ചെറുതും വലുതുമായ അനേകം ഉദാഹരണങ്ങള്‍ നമുക്ക് ചൂണ്ടിക്കാട്ടാനുണ്ട്.

എം വി ഗോവിന്ദന്‍ മാഷിന്‍റെ സഹധര്‍മ്മിണിയും സഖാവുമായ ശ്യാമള ചെയര്‍പേഴ്സണായ ആന്തൂര്‍ മുന്‍സിപ്പാലിറ്റിയുടെ റെഡ് ടേപ്പില്‍ കുടുങ്ങി ആത്മഹത്യ ചെയ്ത സാജന്‍റെ മരണത്തില്‍ ദേശാഭിമാനിയുടെ ഒളികാമറ പോയത് സാജന്റെ ഡ്രൈവറുടെ ഫോണിലേക്കാണ്. സാജന്റെ ചിതാഭസ്മം നിമജ്ജനം ചെയ്യും മുമ്ബേ ഭാര്യയുടെ സദാചാര ട്രാക്കിനെക്കുറിച്ച്‌ സംസാരിക്കാന്‍ 51 വെട്ട് വെട്ടി കൊല്ലുന്ന ഒരു പ്രസ്ഥാനത്തിന്‍റെ പത്രത്തിനേ സാധിക്കൂ. സഖാവായിരുന്ന ടി.പിയെക്കൊന്നിട്ട് രമയുടെ അവിഹിതമന്വേഷിച്ച്‌ പോയ ദേശാഭിമാനിയുടെ അപമാനക്കഥകള്‍ ഇപ്പോഴും നമ്മള്‍ മറന്നിട്ടില്ല. ദേശാഭിമാനി ക്വട്ടേഷനെടുത്ത് ഇല്ലാക്കഥകള്‍ മെനഞ്ഞ നിരവധി ഉദാഹരണങ്ങളുണ്ട്. വിനീത കോട്ടായി അടക്കമുള്ള നിരവധി ഉദാഹരണങ്ങള്‍. പാര്‍ട്ടിയില്‍ വെട്ടി നിരത്തുവാന്‍ അവിഹിതം ചമച്ചും സ്വകാര്യ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കിയും തകര്‍ത്ത അനേകം സഖാക്കളുള്ള പാര്‍ട്ടിയാണ് സി.പിഎം.

ഗോപി കോട്ടമുറിക്കലിന്‍റെ കഥകളൊന്നും നമ്മളാരും മറന്നിട്ടില്ലല്ലോ.പുരോഗമനത്തെക്കുറിച്ച്‌ സംസാരിക്കുകയും മനുഷ്യന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞ് നോക്കുകയും ചെയ്യുന്ന ദേശാഭിമാനിയെപ്പോലെ മറ്റൊരു അശ്ലീലം കേരളത്തിലെ മാധ്യമ മേഖലയ്ക്ക് അപമാനമാണ്. ആ പത്രം തന്നെയാണ് വിനിതയുടെ ഭര്‍ത്താവും, പോലീസ് അസോസിയേഷനില്‍ UDF അനുകൂലിയുമായ വ്യക്തിക്കെതിരെ മോറല്‍ പോലീസിംഗ് നടത്തി വാര്‍ത്ത കൊടുത്തിരിക്കുന്നത്. ദേശാഭിമാനിയിലെ വാര്‍ത്തയില്‍ ഒരു വാക്കാണ് “അസമയം”, അത് ഏത് സമയമാണെന്ന് ഇടതുപക്ഷ ‘പുരോഗമനവാദികള്‍’ ഒന്നു പറഞ്ഞ് തരണം. ആ വാര്‍ത്ത വന്ന ഇരിട്ടി ലേഖകന്‍റെ മകന്‍ സദാചാര ഗുണ്ടായിസത്തിനെതിരായി കേരളം ചര്‍ച്ച ചെയ്ത ഒരു സിനിമയുടെ സംവിധായകനാണ്. സമയം കിട്ടുമ്ബോള്‍ മകന്‍റെ ആ സിനിമയൊന്ന് കാണണം, എന്നിട്ട് മകന്‍ സിനിമയിലൂടെ പറഞ്ഞ ആ നല്ല ആശയത്തെ ഉള്‍ക്കൊണ്ട് തെറ്റ് തിരുത്തണം. ദേശാഭിമാനിയുടെ വാര്‍ത്ത ഏറ്റുപിടിച്ച ജയരാജ സേനയുടെ നേതൃത്വത്തില്‍ നടത്തുന്ന സൈബര്‍ ബുളളിയിംഗ് ക്രൂരമാണ്. വിനിതയും ഭര്‍ത്താവും ഒന്നിച്ചുള്ള ചിത്രം പ്രചരിപ്പിച്ചാണ് ഇവര്‍ തമ്മില്‍ “അവിഹിതമാണ്” എന്ന് സ്ഥാപിക്കുന്നത്! ഇനി ആ പുരുഷന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ട് എന്ന് വാദത്തിന് വേണ്ടി സമ്മതിച്ചാല്‍ പോലും അതില്‍ വിനിതയ്ക്കില്ലാത്ത വേവലാതിയെന്തിനാണ് ദേശാഭിമാനിക്ക്.

ശ്രീമതി വീണ മന്ത്രിയായപ്പോള്‍, എന്‍റെ കൂടി സുഹൃത്തായ ഒരു മാധ്യമ പ്രവര്‍ത്തക എഴുതിയ ഒരു അഭിനന്ദന കുറിപ്പുണ്ടായിരുന്നു, താങ്കള്‍ മക്കളെ സ്കൂളിലാക്കിയ ശേഷം ചാനലില്‍ എത്തുന്നതിനെ പറ്റിയും, ഇടയ്ക്കൊക്കെ മക്കളെ ഓഫിസില്‍ കൊണ്ടുവരുന്നതിനെ പറ്റിയുമൊക്കെ. അതുപോലെ സ്വന്തം മക്കളെ എടുത്തു കൊണ്ട് ജോലിക്ക് പൊയ്ക്കൊണ്ടിരുന്ന സ്ത്രീയാണ് വിനിതയും. ആ സ്ത്രീയ്ക്കാണ് താങ്കള്‍ വനിതാ ക്ഷേമത്തിന്‍റെ വകുപ്പ് മന്ത്രിയായിരിക്കുന്ന നാട്ടില്‍, താങ്കളുടെ തന്നെ പാര്‍ട്ടിക്കാരുടെ മാനസിക പീഡനങ്ങളും, ഭീഷണികളും കാരണം ജോലിക്ക് പോകുവാന്‍ കഴിയാതെയിരിക്കുന്നത്.

രാഷ്ട്രീയ വൈരാഗ്യത്തിന്‍റെ പേരിലും, ഭാര്യയുടെ തൊഴിലിന്‍റെ പേരിലും ചെറിയ കാലയളവില്‍ ഏഴ് ട്രാന്‍സ്ഫര്‍ ചട്ടവിരുദ്ധമായി ലഭിച്ച ഒരു പോലീസുകാരനാണ് വിനിതയുടെ ഭര്‍ത്താവ്. അതുള്‍പ്പെടെ, സ്വന്തമായി വാങ്ങിയ ഭൂമിയില്‍ വീട് വെച്ച്‌ താമസിക്കുവാന്‍ കഴിയാത്ത സാഹചര്യത്തെ വരെ സഹിച്ച്‌ ജീവിക്കുന്ന ആ കുടുംബത്തെ ഇനിയും വേട്ടയാടുവാന്‍ അനുവദിക്കരുത്. മുന്‍കാല മാധ്യമപ്രവര്‍ത്തകയായ താങ്കള്‍ക്ക് താങ്കളുടെ പ്രൊഫഷണല്‍ കമ്മ്യൂണിറ്റിയുടെ ഭാഗമായ ഈ സ്ത്രീയുടെ ബുദ്ധിമുട്ടുകള്‍ മനസിലാകുമെന്നും, ഈ വിഷയത്തില്‍ അടിയന്തരമായി ഇടപെടുമെന്നും വിശ്വസിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button