Latest NewsUAEKeralaIndia

അബുദാബി കോടതി വധശിക്ഷക്ക് വിധിച്ച മലയാളിക്ക് പുതുജീവിതം സമ്മാനിച്ച്‌ എം.എ യൂസഫലി

രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു.

അബുദാബി: വധശിക്ഷക്ക് വിധിക്കപ്പെട്ട് ജീവിതത്തിലെ സര്‍വ്വ പ്രതീക്ഷകളും അസ്തമിച്ച യുവാവിന് ലുലുഗ്രൂപ്പ് ചെയര്‍മാന്‍ എം.എ.യൂസഫലി നല്‍കിയത് രണ്ടാം ജന്മം.  വര്‍ഷങ്ങള്‍ക്ക് മുമ്പ് അബുദാബി മുസഫയില്‍ വെച്ച്‌ താന്‍ ഓടിച്ചിരുന്ന വാഹനം തട്ടി സുഡാന്‍ ബാലന്‍ മരിച്ചതുമായി ബന്ധപ്പെട്ട കേസിലായിരുന്നു തൃശ്ശൂര്‍ പുത്തന്‍ച്ചിറ ചെറവട്ട ബെക്സ് കൃഷ്ണന്റെ (45) വധശിക്ഷ യൂസഫലിയുടെ ഇടപെടലില്‍ ഒഴിവായത്. അപകടത്തിൽ മരിച്ച കുട്ടിയുടെ കുടുംബവുമായി യൂസഫലി നടത്തിയ നിരന്തര ചർച്ചകളുടെയും ദിയാധനമായി 5 ലക്ഷം ദിർഹം (ഒരു കോടി രൂപ) നൽകിയതിന്റെയും അടിസ്ഥാനത്തിലാണ് ശിക്ഷ റദ്ദ് ചെയ്യാൻ കോടതി വഴി സാധ്യമായത്.

2012 സെപ്റ്റംബര്‍ 7 നായിരുന്നു അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്തിരുന്ന ബെക്സിന്റെ ജീവിതം മാറ്റിമറിച്ച സംഭവം നടന്നത്. ജോലി സംബന്ധമായി മുസഫയിലേക്ക് പോകവെ സംഭവിച്ച കാറപടത്തില്‍ സുഡാന്‍ പൗരനായ കുട്ടി മരിച്ചു. രക്ഷിതാക്കളുടെ പരാതിയില്‍ നരഹത്യക്ക് കേസെടുത്ത അബുദാബി പൊലീസ് ബെക്സ് കൃഷ്ണനെതിരായി കുറ്റപത്രം സമര്‍പ്പിച്ചു. സി.സി.ടി.വി തെളിവുകളുടെയും സാക്ഷി മൊഴികളുടെയും അടിസ്ഥാനത്തില്‍ കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞു കയറിയാണ് മരണം സംഭവിച്ചതെന്ന് തെളിഞ്ഞതിനാലാണ് മാസങ്ങള്‍ നീണ്ട വിചാരണകള്‍ക്ക് ശേഷം യു.എ.ഇ. സുപ്രീ കോടതി 2013-ല്‍ ബെക്സിനെ വധശിക്ഷക്ക് വിധിച്ചത്.

അബുദാബി അല്‍ വത്ബ ജയിലില്‍ കഴിഞ്ഞിരുന്ന ബെക്സിന്റെ മോചനത്തിനായി കുടുംബം നടത്തിയ ശ്രമങ്ങള്‍ ഒന്നും ഫലവത്താകാതെ സര്‍വ്വപ്രതീക്ഷകളും തകര്‍ന്ന സമയത്താണ് ബന്ധു സേതു വഴി എം.എ.യൂസഫലിയോട് മോചനത്തിനായി ഇടപെടാന്‍ കുടുംബം അഭ്യര്‍ഥിച്ചത്. വധശിക്ഷക്ക് വിധിക്കപ്പെട്ട ഒരാളുടെ ജീവിതം തിരിച്ചു നല്‍കാന്‍ സാധ്യമായതില്‍ സര്‍വ്വശക്തനായ ദൈവത്തോട് നന്ദി പറയുന്നുവെന്ന് എം.എ യൂസഫലി പറഞ്ഞു. യു.എ.ഇ. എന്ന രാജ്യത്തിന്റെയും ദീര്‍ഘദര്‍ശികളായ ഭരണാധികാരികളുടെയും മഹത്വം കൊണ്ടാണ് ഇത് സംഭവിച്ചത് എന്നും കൃഷ്ണനും കുടുംബത്തിനും ഒരു നല്ല ഭാവി ജീവിതം ആശംസിക്കുന്നുവെന്നും യൂസഫലി പറഞ്ഞു.

അതേസമയം മോചന വാർത്തയറിഞ്ഞ ബെക്സ് വിങ്ങിപ്പൊട്ടി. നാട്ടിലേക്ക് പോകാനായുള്ള ഔട്ട് പാസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി അല്‍ വത്ബ ജയിലില്‍ തന്നെ കാണാന്‍ എത്തിയ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോട് ‘ഇനിയൊരിക്കലും വീട്ടുകാരെ കാണാനാകുമെന്ന് കരുതിയിരുന്നില്ലെന്ന്’ നിറകണ്ണുകളോടെ അദ്ദേഹം പറഞ്ഞു. ജനിച്ച മണ്ണിലേക്ക് മടക്കമുണ്ടാകില്ലെന്ന് ഉറപ്പിച്ചിരുന്നു. ഒരു നിമിഷത്തെ കൈയ്യബദ്ധത്തില്‍ സംഭവിച്ച അപകടം സ്വന്തം ജീവിതം അവസാനിക്കുമെന്ന് ഉറപ്പിച്ചതായിരുന്നു. ജീവിതത്തിലേക്ക് മടങ്ങി വരാന്‍ കാരണക്കാരനായ എം.എ.യൂസഫലിയെ നേരില്‍ കാണാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുന്ന ബെക്സ് കൃഷ്ണന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button