KeralaLatest NewsArticleEzhuthappurangalNewsParayathe VayyaNews StoryEditorialWriters' Corner

കേന്ദ്രം പട്ടേലിന്റെ പ്രതിമ നിർമ്മിച്ചപ്പോൾ പ്രതിഷേധം നടത്തിയവരാണ് ആർ ബാലകൃഷപ്പിള്ളയ്ക്ക് സ്മാരകം പണിയുന്നത്

രണ്ടുകോടിയുടെ സ്മാരകം പണിയാൻ ബാലകൃഷ്ണപ്പിള്ള ആരാണ്? എന്തായാലും ഗാന്ധിയൊന്നുമല്ലല്ലോ?

സാൻ

എന്ത് ചെയ്താലും പാവങ്ങളുടെ പാർട്ടിയെന്നും കേരള മോഡൽ എന്നുമൊക്കെ പറഞ്ഞു കൈ കഴുകുന്ന ഒരു ഇടതുപക്ഷ സർക്കാരാണ് നമുക്കുള്ളത്. ഇതേ സർക്കാർ തന്നെയാണ് വർഷങ്ങൾക്ക് മുൻപ് കേന്ദ്ര സർക്കാർ സ്ഥാപിച്ച സർദാർ വല്ലഭായ് പട്ടേലിന്റെ പ്രതിമയ്ക്കെതിരെ വ്യാപക പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നത്. ദരിദ്രരായ ജനങ്ങളെ മതിലു കെട്ടി വേർതിരിച്ചു, ഇന്ത്യൻ ജനതയുടെ ദാരിദ്ര്യം മാറ്റാനുള്ള തുക കൊണ്ട് കാക്കയ്ക്ക് കാഷ്ഠമിടാൻ ഒരു പ്രതിമ പണിതു എന്നൊക്കെയായിരുന്നു അന്നത്തെ ഇടതുപക്ഷത്തിന്റെ വാദങ്ങൾ. എന്നാൽ അതേ ഇടതുപക്ഷം തന്നെ സംസ്ഥാനം ഇത്രത്തോളം വലിയൊരു പ്രതിസന്ധിയിൽ നിൽക്കുമ്പോൾ ജനങ്ങളുടെ അതേ പണം കൊണ്ട് തന്നെ ബാലകൃഷ്ണപ്പിള്ളയ്ക്കും കെ ആർ ഗൗരിയമ്മയ്ക്കും സ്മാരകങ്ങൾ നിർമ്മിക്കാൻ ഒരുങ്ങുന്നു. അന്ന് കേന്ദ്രം ചെയ്തത് തെറ്റാണെങ്കിൽ ഇന്ന് സംസ്ഥാനം ചെയ്യുന്നത് മാത്രം എങ്ങനെ സ്മരണയാകുന്നു എന്നത് ചർച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണ്.

Also Read:കേന്ദ്രം പട്ടേലിന്റെ പ്രതിമ നിർമ്മിച്ചപ്പോൾ പ്രതിഷേധം നടത്തിയവരാണ് ആർ ബാലകൃഷപ്പിള്ളയ്ക്ക് സ്മാരകം പണിയുന്നത്

അത്‌ രണ്ടായിരം കോടി ഇത് രണ്ട് കോടി എന്നൊക്കെ വാക്കാൽ മാത്രം സമാധാനത്തിന് അണികൾക്ക് പറയാമെന്നേ ഉള്ളൂ. ഇത്രത്തോളം വെല്ലുവിളി നേരിടുന്ന ഒരു സാമ്പത്തിക ഭദ്രതയില്ലാത്ത സമയത്താണോ ഇത്തരത്തിലുള്ള നടപടികളെടുക്കുന്നത്. അതും ബജറ്റിൽ എന്തോ വലിയ കാര്യമായി ഇതെങ്ങനെയാണ് അവതരിപ്പിക്കാൻ തോന്നുന്നത്. സ്മാരകങ്ങളും സ്മരണകളുമൊക്കെ പൂപ്പൽ പിടിക്കും, പക്ഷെ ഇവിടെയുള്ള മനുഷ്യരുടെ വിയർപ്പിന്റെ ചൂട് അതിന്റെ അകത്തളങ്ങളിൽ എന്നും കെട്ടി നിൽക്കും. മറുത്തൊന്നും ചോദിക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങൾ എടുത്ത് തന്ന സ്നേഹങ്ങളുണ്ട്, ചിലവാക്കുന്ന ഓരോ പണത്തിലും അതിനോടെങ്കിലും ഈ സർക്കാർ നീതി പുലർത്തിയെ മതിയാകൂ. സ്മാരകം പണിയാനല്ല ഞങ്ങൾ ജനങ്ങൾ സർക്കാരുകൾ രൂപപ്പെടുത്തുന്നത്.

എന്റെ കയ്യിൽ ഒരു പന്ത്രണ്ട് രൂപയുണ്ട്. എന്റെ കൂടെ രണ്ട് കുട്ടികളും ഉണ്ട്. അവർക്കാണേൽ വിശന്നിട്ടു വയ്യ. അപ്പോഴാണ് സ്മാരകം പണിയാൻ പിരിവിനു രണ്ടുപേർ എന്റടുത്തു വരുന്നത്. ഞാൻ എന്റെ കയ്യിലുള്ള ആ രൂപ സ്മാരകത്തിനു പിരിവു നൽകുമോ. അതോ ആ കുട്ടികൾക്ക് രണ്ട് ചായ വാങ്ങിക്കൊടുക്കാൻ ഉപയോഗിക്കുമോ? തീർച്ചയായും മനുഷ്യത്വമുള്ള മനുഷ്യൻ എന്ന നിലയിൽ ഞാൻ ആ കുട്ടികൾക്ക് ചായ വാങ്ങിക്കൊടുക്കും. അവരുടെ വിശപ്പ് മാറ്റും. ആവശ്യത്തിലധികം സാമ്പത്തിക ഭദ്രത കയ്യിലുള്ളപ്പോൾ സ്മാരകങ്ങളോ മണ്ഡപങ്ങളോ ഉയർത്തുന്നതിൽ തെറ്റില്ല. പക്ഷെ സാമ്പത്തിക ഭദ്രത കുറവാണെന്ന് സർക്കാർ തന്നെ സൂചിപ്പിക്കുമ്പോൾ ഇത് വേണമായിരുന്നോ എന്നതാണ് ചോദ്യം? ഒരു നേരത്തെ ഭക്ഷണത്തിന് പോലും വകയില്ലാത്ത ചേരികൾക്ക് മുകളിലല്ലേ പട്ടേൽ നിൽക്കുന്നത് എന്ന് കുറച്ചു കാലം മുൻപ് ഇടതുപക്ഷ അനുഭാവികൾ ചോദ്യം ഉന്നയിച്ചിരുന്നത് ഓർമ്മയുണ്ട്. അപ്പോൾ എത്രയോ മനുഷ്യരുടെ നീക്കിയിരിപ്പുകൾ കൊള്ളയടിച്ചാണ് ബാലകൃഷ്ണപ്പിള്ളയും ഗൗരിയമ്മയും നിലനിൽക്കുന്നതെന്നും പറയേണ്ടി വരും. പട്ടേൽ പ്രതിമയെച്ചൊല്ലി ഒരുപാട് പ്രതിഷേധങ്ങൾ കേരളത്തിൽ നടത്തുകയും അതേ കാര്യം തന്നെ ഇവിടെ നടപ്പിലാക്കുമ്പോൾ അത് മഹത്തരവും ആദരസൂചികയുമാക്കി മാറ്റുകയും ചെയ്യുന്നതെങ്ങനെയാണ്.

ഇനി സ്മാരകം പണിയുന്നത് പാവങ്ങളുടെ പാർട്ടിയല്ല സർക്കാരാണെന്നൊക്കെ പറഞ്ഞ് അണികൾക്ക് ഒഴിഞ്ഞു മാറാം പക്ഷെ അൽപ്പം വിവരമുള്ള മനുഷ്യരോട് എത്രകാലം അതുപറഞ്ഞു പിടിച്ചു നിൽക്കും. വിദ്യാഭ്യാസം ഉയരും തോറും ചോദ്യങ്ങളും ഉയരും. വിവരമുള്ള വിവേകമുള്ള മനുഷ്യർ ഇവിടെ നടക്കുന്നത് യഥാർത്ഥത്തിൽ പാവങ്ങളും കോർപ്പറേറ്റുകളും തമ്മിലുള്ള മത്സരമാണെന്ന് തിരിച്ചറിയും.

shortlink

Related Articles

Post Your Comments


Back to top button